26.ജലഅഗ്നി ( Waterfire) പ്രോവിഡന്സ് റോഡ് ഐലന്ഡ്

 

ഇന്നലെ  ശനിയാഴ്ച  ആയിരുന്നല്ലോ.   നീണ്ട   യാത്രകള്‍   ഒഴിവാക്കി   വീട്ടില്‍ ഇരിക്കുന്നത് കൊണ്ട്  പെട്ടെന്നു   മകള്‍   ഒരു ചെറിയ    യാത്രക്കു   പോകാന്‍ ക്ഷണിച്ചു. അധികം ദൂരെയല്ലമസാചുസെറ്റ്സ്  സംസ്ഥാനത്തിന്‍റെ അയല്‍ സംസ്ഥാനമായ റോഡ്  ഐലന്ഡിന്‍റെ   തലസ്ഥാനമായ  പ്രോവിഡന്സ്  നഗരത്തില്‍   ഒരു ജലാഗ്നി പരിപാടി  ഉണ്ട് കാണാന്‍ പോകാം  എന്നായിരുന്നു അയാളുടെ  തീരുമാനം. ഏതായാലും ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തു നിന്ന് 40   മിനുട്ട് കാറില്‍ യാത്ര  മതി. ഞാനും മകളും ഭര്‍ത്താവും   കൊച്ചുമോനും   പിന്നെ  ഇവിടെ വീട്ടിലെ  പുതിയ  അംഗമായ   പട്ടിക്കുട്ടിയുമായി  പുറപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ ചെറിയ  മഴയും  തണുപ്പും ഉണ്ടായിരുന്നു എങ്കിലും   ഇന്നലത്തെ  സായാഹ്നത്തില്‍  വളരെ   നല്ല  കാലാവസ്ഥ ആയിരുന്നു. എന്താണ്  ഈ   ജലാഗ്നി എന്നതിനെപ്പറ്റി   യാതൊരു   ധാരണയുമില്ല.

ഏതായാലും   പ്രോവിഡന്സ്  നഗരത്തില്‍  എത്തി   ജലാഗ്നി   പ്രദര്‍ശനം നടക്കുന്ന  സ്ഥലത്തു നിന്നു 5 മിനുട്ട്   നടന്നാല്‍ എത്തുന്ന ഒരിടത്ത് രണ്ടു  മണിക്കൂര്‍ നേരത്തേക്ക് 22 ഡോളര്‍  കൊടുത്ത്  കാര്‍   പാര്‍ക്കു ചെയ്ത് ഞങ്ങള്‍   പട്ടിക്കുട്ടിയുമായി പ്രസ്തുത  സ്ഥലത്തേക്ക് നടന്നു.  പട്ടിക്കുട്ടി   ആദ്യമായി   കഴുത്തില്‍   ലീഷ് ഇട്ട് നടത്തുകയായിരുന്നു. പൊതുസ്ഥലത്ത്   പട്ടികളെ  തോല്വാര്‍  ഇല്ലാതെ   ഇറകാന്‍ പാടില്ല. വഴിയില്‍  രണ്ട്   നടത്തിയാല്‍  ഉടമസ്ഥന്‍  അതു  കോരി  എടുത്തു  ബിന്നില്‍ നിക്ഷേപിക്കണന്മ്. ഏതായാലും പട്ടിക്കുട്ടി ഇത്രയേറെ  ആള്‍ക്കാരെ   ഒരുമിച്ചു കണ്ടതുകൊണ്ട്  ഞങ്ങളെക്കാള്‍ ആവേശത്തില്‍  ആയിരുന്നു.,   കഷ്ടിച്ച്  4  മാസം പ്രായമായ  കക്ഷി വീട്ടിലെ  എല്ലാവരുടെയും  വാത്സല്യ ഭാജനമാണ്. എനിക്കു   മാത്രം   അത്  അടുത്തുവന്നാല്‍   ഉടനെ  കാലില്‍  നക്കുന്നതുകൊണ്ട്  അത്ര   പിടുത്തമല്ല. പക്ഷേ ആരെങ്കിലും   മടിയില്‍ ഇരുത്തി  കഴുത്തൊക്കെ  ചൊറിഞ്ഞു കൊടുത്താല്‍   അത്  മര്യാദയായി   ഇരുന്നു കൊള്ളും. ഏതായാലും വീട്ടിലെ ഒരു കുഞ്ഞുവാവയെപ്പോലെ   മകളും ഭര്‍ത്താവും   കൊച്ചുമോളും   കൊച്ചുമോനും  അതിനെ   പരിപാലിക്കുന്നുണ്ട്. ഏതോ സങ്കരയിനത്തില്‍ പെട്ടത് ആണ്, അധികം പൊക്കം വെക്കാത്ത ഇനം. Australian Labrapoodle എന്ന സങ്കര ജാതിയില്‍ പെട്ടതാണത്രേ. അതിനു വാക്സിനേഷന്‍  കൊടുക്കാന്‍    കൊണ്ടു പൊയി, വെറുതെ  ബില്ല് എത്രയെന്നു ചോദിച്ചപ്പൊള്‍    വെറും 200 ഡോളര്‍ ( 16000 രൂപ) കഴിഞ്ഞ ദിവസം അതിന്‍റെ   മുടി മുറിക്കാനുമൊക്കെ (grroming)    നായകളുടെ  സലൂണില്‍  ( beauty  parllour) കൊണ്ടു പോയിരുന്നു.  അവിടെ   വെറും 50 ഡോളര്‍    മാത്രം. പക്ഷേ കക്ഷിയെ കൊണ്ടുപോയ   മകള്‍ക്കും  മകനും    പട്ടിക്കുട്ടിയെ   മൃഗാശുപത്രിയിലും  സലൂണിലും   എത്ര  സ്നേഹപൂര്‍വം  പരിചരിച്ചു എന്നത്   പറയാനേ   നേരം ഉണ്ടായിരുന്നുള്ളു.  ഞാന്‍ വിചാരിച്ചു   പട്ടിയായാലും   അമേരിക്കയില്‍   തന്നെ   അടുത്ത ജന്മം ജനിക്കണെ  എന്ന്. പോകുന്നവഴി    ചില   അമ്മുമ്മമാര്‍ക്കും  അപ്പുപ്പന്മാര്‍ക്കും  ഓമനയായ   ഈ പട്ടിക്കുട്ടിയെ   ഒന്നു   പുറം തഴുകണം. സ്നേഹം പ്രകടിപ്പിക്കണം.   ഏതായാലും  അവരോടൊന്നും   കുരച്ച്  ബഹളം ഉണ്ടാക്കാതെ  അത്  നിന്നു കൊടുത്തു.

 

പ്രോവിഡന്സ്  നഗരത്തിന്‍റെ  ഒത്ത  നടുക്കായി ഒരു കനാല്‍  (തോട്)  പോകുന്നുണ്ട്. കഷ്ടിച്ച്   30 മീറ്റര്‍ മാത്രം  വീതിയുള്ള  ചെറിയ തോട്. വളരെ   വൃത്തിയായി  സൂക്ഷിച്ചിരിക്കുന്നു..   ചെറിയ  ബോട്ടുകളിലും  വെനീസിലെപ്പൊലെ   ഗൊന്ഡോളാകളിലും   കുറെ ആള്‍ക്കാര്‍ പോകുന്നുണ്ട്.    ഞങ്ങള്‍ പരിപാടി നടക്കുന്ന  സ്ഥലത്തേക്ക് എത്തുമ്പോള്‍ ആള്‍ക്കാരുടെ  കൂട്ടം  ക്രമേണ വലുതായിക്കൊണ്ടിരുന്നു. സ്ഥലത്ത് എത്തിയപ്പോള്‍ ഒരു ഉത്സവത്തിനുള്ള  ആളുണ്ട്.  വഴി വാണിഭക്കാരും  ഭക്ഷ്യ സാധനങ്ങള്‍   വില്‍ക്കുന്നവരും   ഇഷ്ടം പോലെ   ഉണ്ടായിരുന്നു. ആള്‍ക്കാര്‍   ഗ്ലാസില്‍ ബിയറും വിസ്കിയും  കുടിച്ചും   കുട്ടികള്‍ ഐസ്ക്രീമും  മറ്റും കഴിച്ചും    സന്തോഷിക്കുന്നു.  

നമ്മുടെ  നാട്ടില്‍   ക്ഷേത്രങ്ങളില്‍   കുളത്തില്‍ വേല സമയത്ത് അമ്പലക്കുളത്തിന്‍റെ   ചുറ്റും ദീപങ്ങള്‍   തെളിയിച്ചു   വെക്കാറുണ്ട്, അതുപോലെ അപൂര്‍വം   നദിയുടെ   രണ്ട് തീരത്തും  ദീപം  തെളിയിക്കും. അങ്ങനെ വല്ലതും ആണെന്നാണ്  ഞാന്‍   വിചാരിച്ചത്. എന്നാല്‍   ഇവിടെ കണ്ടത്   തോടിന്‍റെ   നടുക്കു    കോണ്‍ങ്ക്രീറ്റില്‍ ചതുരക്കട്ടകള്‍   പോലെ   ഉയര്‍ത്തി ഉണ്ടാക്കിയ  കട്ടകളില്‍   വിറകു കൊള്ളികള്‍   അടുക്കി വെച്ചിരിക്കുന്നതാണ്. നിരനിരയായി   വെച്ചിട്ടുള്ള ഈ  വിറകു കൂനകള്‍ക്ക് തീപിടിപ്പിച്ചാണ്  ജലാഗ്നി   ഉണ്ടാക്കുന്നത്. ഏതായാലും  അത്   ഇരുട്ടായിട്ടേ കത്തിക്കൂ എന്ന് ഉറപ്പായപ്പൊള്‍   മറ്റു കാഴ്ചകള്‍   നോക്കി.

അവിടെ   ലോക മഹായുദ്ധത്തില്‍   മരണമടഞ്ഞവരുടെ ഓര്‍മ്മക്കായി   ഒരു സ്തൂപം   ഉണ്ടാക്കിയിട്ടുണ്ട് . 1929 ല്‍  സ്ഥാപിച്ച   ഈ സ്തൂപത്തിന്‍റെ   താഴെ ഉയര്‍ന്ന  സ്ഥലത്ത്  രണ്ട് രൂപങ്ങള്‍ കണ്ടൂ. ഒരു വശത്ത്   ഗ്രീക്ക് ദേവതകളെപ്പോലെ അയഞ്ഞ വസ്ത്രം  ധരിച്ച    ഒരു സ്ത്രീയും മറ്റെ വശത്ത് ഒരു ചെകുത്താനെപ്പൊലെ ഒരു ഭീകര രൂപവും . കൂടുതല്‍ ശ്രദ്ധിച്ചപ്പൊള്‍   സ്ത്രീരൂപം    ബുദ്ധിയുടെ  ദേവതയും (Goddess  of Wisdom) മറ്റേത് മനുഷ്യനും   മൃഗവും  കൂടി ചേര്‍ന്ന   ഒരു   ഭീകര  രൂപവും (Gargoyle ) ആയിരുന്നു.   ഈ രണ്ടുരൂപവും   സാധാരണ  മനുഷ്യര്‍   മെക്കപ്പ്   ചെയ്ത്  ഉണ്ടാക്കിയതാണ്. രണ്ടു പേരുടെയും   അടുത്ത്   സംഭാവന    ഇടാന്‍ പാത്രവും   വെച്ചിട്ടുണ്ട്.  ബുദ്ധി ദേവതയുടെ  അടുത്ത്   സംഭാവന  ഇട്ടാല്‍   അവര്‍  ഒരു ചെറിയ   സഞ്ചിയില്‍ നിന്നും   ചെറിയ  മുട്ടായി പോലെയുള്ള  ഏതോ സാധനം കൊടുക്കുന്നുണ്ട്, തലയില്‍   കൈവെച്ച്  അനുഗ്രഹിച്ചതിനു ശേഷം.  ഏതാനും ഡോളര്‍  കൊടുത്താല്‍   കുറച്ചു   ബുദ്ധി   കിട്ടുമെന്ന് അവര്‍ വിശ്വസിച്ചു  കൊല്‍ലട്ടെ. ഈ  തമാശ കുറെ നേരം ശ്രദ്ധിച്ചു നിന്നു. ഫോട്ടൊയും   വിഡിയോയും എടുത്തു.

കുറച്ചു   സമയം കൂടി കഴിഞ്ഞപ്പോള്‍ നേരം   ഇരുട്ടി തുടങ്ങി . അപ്പൊള്‍    ചെറുബോട്ടുകളില്‍   വന്ന ചിലര്‍   തീപ്പന്തം ഉപയോഗിച്ച്  ചതുരത്തട്ടുകളില്‍   വെച്ച   വിറകു കൂനക്കു തീപിടിപ്പിച്ചു   തുടങ്ങി. ആദ്യം ഒന്നും   രണ്ടും മാത്രം   ആയിരുന്നു എങ്കിലും  വേറെ   ഒരു കൂട്ടര്‍ വന്ന്   ഞങ്ങള്‍ നിന്ന ഏകദേശം 100  മീറ്റര്‍   നീളത്തില്‍   പത്തോളം    വിറകു കൂനകള്‍   ആളിക്കത്തി.  എല്ലാം കൂടി   ഒരു ആനച്ചന്തം    ഉണ്ടായിരുന്നു   കാണാന്‍ .  ഫോട്ടൊയും   വിഡിയോയും എടുത്ത്   മടങ്ങിപ്പോകാന്‍   തുടങ്ങി, അതുവഴി  പാലത്തിന്‍റെ   മുകളില്‍ നിന്നു    എല്ലാ  തീക്കൂനകളും    വരിവരിയായി   നില്‍ക്കുന്ന  ഫോട്ടൊയും എടുത്തു. ചുരുക്കത്തില്‍    ഇത്    വാരാന്ത്യത്തില്‍   ആള്‍ക്കാര്‍ക്ക്  കുറച്ചു സമയം   പുറത്തിറങ്ങി   സൊറ പറയാനും  തുറന്ന സ്ഥലത്ത് ലഘുഭക്ഷണം കഴിച്ച്   കാറ്റുകൊള്ളാനും   ഒരു അവസരം  അത്ര   തന്നെ. കോഴിക്കൊട്ടെ   ബീച്ചില്‍  ആണെങ്കില്‍   കടലില്‍ നിന്നുള്ള   കാറ്റ്  വീശുന്നുണ്ടാവും , ശുദ്ധവായു ശ്വസിക്കാം, ഇവിടെ   നഗര മദ്ധ്യത്തില്‍  അതിനും   വഴിയില്ല. ഏതായാലും  പാര്‍ക്കിങ് സ്ഥലത്തെത്തി   വണ്ടിയും  എടുത്തു ഞങ്ങള്‍   930   ആയപ്പൊള്‍  വീട്ടില്‍ എത്തി   ഭക്ഷണം കഴിച്ചു   കിടന്നുറങ്ങി.  അതായിരുന്നു   ജലാഗ്നി  അനുഭവം.    

 

യുറ്റ്യൂബ് വിഡിയൊ  സ്വന്തം  ചാനലില്‍  നിന്ന്

1.      ബുദ്ധി ദേവതയും  ചെകുത്താനും : https://youtu.be/balRah1bTl8?si=G8HsGruwZXsJNwlv

2.     ജലാഗ്നി പ്രോവിഡന്സ്  നഗരം

https://youtu.be/AAS8QRend0o?si=fBM_BO9aFHqKzigQ



















Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം