എഞ്ചിനീയറിങ്ങ് ടെക്നോളജി പഠിക്കുന്ന ഏതു വിദ്യാര്ത്ഥിയുടെയും സ്വപ്നം ആണ് എം.ഐ.റ്റി. ( മസാചുസെറ്റ്സ് ഇന്സ്റ്റിറ്റ്യുട്ട് ഓഫ് ടെക്നൊളജി) യില് പഠിക്കുക എന്നത്. കാരണം ഒന്നു മാത്രം, ലോകത്തിലെ ഏറ്റവും ഒന്നാമതായി നില്ക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം അതായതുകൊ ണ്ടു. ഈയുള്ളവനും 50 വര്ഷത്തോളം എഞ്ചിനീയറി ങ്ങ് മേഖലയില് പ്രവര്ത്തിച്ചയാള് എന്ന നിലയില് ജീവിതത്തില് ഒരു മോഹമായി കൊണ്ടു നടന്നതും അതു തന്നെ. മുമ്പൊരിക്കല് കുട്ടികളുടെ അടുത്തു വന്നപ്പൊള് ശ്രീമതിയുമായി എം.ഐ.റ്റി.യില് ഒരു കെട്ടിടത്തിന്റെ മുമ്പില് നിന്നു ഒരു ഫോട്ടൊ ഏടുത്തതും ഹാര് വാര്ഡ് സര്വകലാശാലയിലെ ഗ്ലാസ്സ് മ്യൂസിയം വിശദമായി കണ്ടതും മാത്രമേ ഓര്മ്മയില് ഉണ്ടായിരുന്നുള്ളു. എന്നാല് ഇത്തവണ അവിടെ ബിരുദാനന്തര ഗവേഷണം നടത്തുന്ന ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് അവിടെ എത്തി അയാളുടെ സഹായത്തോടെ അവിടത്തെ ചില ലബോറട്ടറികള് പുറത്തു നിന്നു കാണാന് കഴിഞ്ഞു.
സുഹ്റുത്ത് സ്പെയിനില് നിന്നു വയര്ലെസ്സ് വാര്ത്താവിനിമയത്തില് ഡോക്ടോറെറ്റ് നേടിയ ശേഷം ഇവിടെ പൊസ്റ്റ് ഡോക്ടോറല് ഗവേഷണം നടത്തുകയാണ്. എന്റെ ഒരു പൂര്വവിദ്യാര്ത്ഥിയും സഹോദരതുല്യനുമായ പ്രൊഫസറിന്റെ MBBS കഴിഞ്ഞ മകളെ വിവാഹം കഴിച്ചു ഭാര്യയുമായി ബോസ്റ്റണില് എത്തിയതായിരുന്നു അയാള്.
1.ഐസക്ക് ന്യൂട്ടന്റെ തലയില് ആപ്പിള് വീഴിച്ച മരം
ആദ്യമായി സുഹ്റുത്ത് ഞങ്ങളെ ഒരു ചെറിയ പൂന്തോട്ടത്തിലേക്കാണ് നയിച്ചത്. അവിടെ ഒരു ആപ്പിള് മരം ഉണ്ടായിരുന്നു. അതിന്റെ താഴെ ഒരു ലോഹഫലകത്തില് എഴുതിവെച്ചിരിക്കുന്നു “ ഈ മരം ഐസക്ക് ന്യുട്ടന്റെ തലയില് ആപ്പിള് വീഴാന് കാരണമായ ആപ്പിള് മരത്തിന്റെ പിന്തുടര്ച്ചക്കാരി യാണ്.” എന്നു . ശരിയാണെങ്കിലും അല്ലെങ്കിലും അതിന്റെ മുന്നില് നിന്ന് ഒരു ഫോട്ടൊ എടുത്തു. ആ മരത്തിന്റെ ചിത്രം ഇതോടൊപ്പം കൊടുക്കുന്നു.
2. എം.ഐ.റ്റി.യിലെ അര്ബുദ ഗവേഷണം
എം.ഐ.റ്റി.യിലെ അര്ബുദ ഗവേഷണ സ്ഥാപനം കോച് ഇന്സ്റ്റിറ്റ്യുട്ട് ഓഫ് ക്യാന്സര് റിസെര്ച് എന്നറിയപ്പെടുന്നു. 1974 ല് സ്ഥാപിച്ച് ഇത് ഇപ്പൊള് 50 വര്ഷം പിന്നിട്ടു കഴിഞ്ഞു. അമേരിക്കയിലെ ഒന്പതോളം അംഗീകൃത അര്ബുദ ഗവേഷണ കെന്ദ്രങ്ങളില് ഒന്നാണിത്. അടിസ്ഥാനമായ കണ്ടെത്തലുകള് എഞ്ചിനീയറിങ്ങ് മേഖലയിലെ വികസനങ്ങള് ഇവയില് തുടങ്ങി വിവിധ അര്ബുദ മുഴകള് തരം തിരിച്ച് കണ്ടു പിടിക്കുന്നതിലും അവക്ക് ആവശ്യമായ ചികിത്സ നല്കുന്നതിനും വേണ്ടി പ്രധാനമായിട്ടും ഇവിടത്തെ ഗവേഷണം അഞ്ചു മേഖലകളില് ഊന്നിക്കൊണ്ടാണ് നടക്കുന്നത്. 1) അര്ബുദ രോഗം നിറ്ണയിക്കുക , അതു ശ്രദ്ധിക്കുക 2)അര്ബുദം എങ്ങനെ രൂപാന്തരണം സംഭവിക്കുന്നു എന്ന് പഠിക്കുക 3) ക്യാന്സര് ചികിത്സയും രോഗം വരാതെ ഇരിക്കാനുള്ള മുങ്കരുതലുകളും 4) അതി സൂക്ഷ്മ വസ്തുക്കള് (Nano materials) ഉപയോഗിച്ചുള്ള മരുന്നുകളൂടെ ഗവേഷണം 5) സൂക്ഷ്മ മരുന്നുകളുടെ ഉത്പാദനം എന്നിവയാണ് ഈ അഞ്ചു മെഖലകള്.
അതിസൂക്ഷ്മ വസ്തുക്കളുടെ ഗവേഷണത്തിനു 2024 ലെ കാവ്ലി സമ്മാനാര്ഹനായ റോബര്ട്ട് ലാങര് അദ്ദേഹത്തിന്റെ നൂതനമായ ഗവേഷണ രീതികള് ഇവിടെയാണ് വികസിപ്പിച്ച് എടുത്തത്. നിയന്ത്രിതമായി അതിസൂക്ഷ്മ വസ്തുക്കള് ഉപയോഗിച്ച് വാക്സിനുകളും മറ്റും ശരീരത്തില് കയറ്റിയുള്ള ഗവേഷണങ്ങള് പലതും വിജയകരമായിട്ടുണ്ട്. ക്യാന്സറിനും ചില പ്രത്യേക മാനസിക രോഗങ്ങള് ക്കും ഫലപ്രദമായ ഈ രീതികളില് നിന്നാണ് mRNA വാക്സിനുകള് വികസിപ്പിച്ചെടുത്തത്. എം.ഐ.റ്റി.യിലേ വിവിധ വകുപ്പുകളിലെ ഏറ്റവും പ്രഗത്ഭരായ മിക്ക ഗവേഷകരും ഈ സ്ഥാപനത്തിലെ ഗവേഷണത്തില് പങ്കാളികള് ആണ്. ഈ സ്ഥാപനത്തിലെ ഗവേഷണങ്ങ ളെപ്പറ്റി ഒരു യുറ്റ്യുബ് വിഡിയോ ഈ കുറിപ്പി നോടൊപ്പം അവസാനം കൊടുത്തിട്ടുണ്ട്.
3. അതി സൂക്ഷ്മ (നാനൊ ) വസ്തുക്കളെപ്പറ്റിയുള്ള ഗവേഷണം
അതിസൂക്ഷ്മ വസ്തുക്കളെ കുറിച്ചു ലോകത്ത് പലയിടത്തും ഗവേഷണം നടന്നു വരുന്നു. എം.ഐ.റ്റി.യിലും നാനോ വസ്തുക്കളുടെ ഗവേഷണത്തിനു ഒരു പ്രത്യേക സംഘവും പരീക്ഷണ ശാലകളും ഉണ്ട്. MIT.nano എന്ന പേരില് അറിയപ്പെടുന്നതാണ് ഈ ഗ്രൂപ്പ്. മുമ്പു പറഞ്ഞ ക്യാന്സര് ഗവേഷണത്തിനു സഹായിക്കുന്നതു കൂടാതെ നാനൊ വസ്തുക്കള് ഉപയോഗിച്ച് പുതിയ തരം ഉപകരണങ്ങളും മറ്റും ഇവിടെ രൂപ കല്പ്പന ചെയ്ത് ഉണ്ടാക്കുന്നു. അതിസൂക്ഷ്മ വസ്തുക്കളുടെ ഗവേഷണത്തിനു അനുപേക്ഷണീയമായ പൊടിപടലങ്ങള് പോലും കയറാത്ത ക്ലീന് റൂം സൌകര്യങ്ങള് ഇവിടെ 100,000 ച.അടിയില് കൂടുതല് ഉണ്ട്. പ്രാഥമിക ഗവേഷണത്തിനും അത്യന്താധുനിക ഗവേഷണത്തിനും ഇത് പ്രയോജനപ്പെടുന്നു. Fab.nano എന്ന വസ്തുക്കള് ഉപയോഗിച്ച് നിയന്ത്രിതമായി പുതിയ നാനൊ സംരചനകള് ഉണ്ടാക്കി അവയുടെ സ്വഭാവ വിശേഷങ്ങള് പഠിക്കുന്നു. Characterization.nano എന്ന വിഭാഗത്തില് മൈക്രോ, നാനൊ , ഉപനാനോ വസ്തുക്കളെപ്പറ്റിയും അവയുടെ സ്വഭാവ വിശേഷങ്ങളെ കുറിച്ചും പഠിക്കാന് വേണ്ടി ഉള്ളതാണ്. Immersion Lab പുതിയതായി അടുത്തകാലത്ത് ഉണ്ടാക്കിയതാണ്. കൃത്രിമ റിയാലിറ്റി , വെര്ച്വല് റിയാലിറ്റി ഇവ ഉണ്ടാക്കാനുള്ള ഗവേഷണം നടത്താന് ഉണ്ടാക്കിയ പരീക്ഷണശാലയാണിത്.
നാനൊപ്രിന്റിങ് എന്നത് അതിസൂക്ഷ്മമായ അച്ചടി രീതിയാണ്. ഈ രീതി ഉപയോഗിച്ചു 1861 മുതല് 2023 വരെ എം.ഐ.റ്റി.യിലെ ഗവേഷണത്തിലും പഠനത്തിലും ബന്ധപ്പെട്ടിട്ടുള്ള 3,40,000 ആള്ക്കാരുടെ പേരുകള് നാനൊപ്രിന്റിങ്ങ് രീതി ഉപയോഗിച്ചു സംയോജിപ്പിച്ച ഒരു വൃത്താകൃ^തിയിലുള്ള ചിത്രം അവിടെ അച്ചടിച്ചു വെച്ചിരിക്കുന്നു. One. MIT എന്ന പദ്ധതിയിലാണ് ഇത് ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തില് ഒരു ചക്രത്തില് One.MIT Massachusetts Institute of Technology എന്ന് മാത്രം പ്രിന്റു ചെയ്തതായി തോന്നും . എന്നാല് മൊബൈലില് ഓരോ ഭാഗത്തിന്റെയും അക്ഷരങ്ങളുടെയും ഫൊട്ടൊ എടുത്ത് സൂം ചെയ്തു നോക്കിയാല് ഓരോ അക്ഷരത്തിലും ആയിരക്കണക്കിനു പേരുകള് കൂട്ടിച്ചേര്ത്ത് ഉണ്ടാക്കിയതാണെന്നു മനസ്സിലാകും . ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ പേരും അക്കൂട്ടത്തില് ഉണ്ട്, അത് ഒരു ദിവസം തിരഞ്ഞു കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു, അഭിമാന പുരസ്സരം തന്നെ. നാലു വര്ഷത്തില് ഒരിക്കല് ഇത് വീണ്ടും പുതുക്കി പ്രിന്റ് ചെയ്യാനാണത്രെ പരിപാടി.
4.മാന്ത്രിക ഇങ്ക്യുബേറ്റര്
ഇങ്ക്യുബേറ്റര് നാട്ടിലൊക്കെ കോഴിയുടെ മുട്ട വിരിയിക്കാന് ഉപയോഗിക്കുന്ന ഉപകരണം ആണല്ലോ. ഇവിടെ എം.ഐ.ടി.യില് മുട്ട വിരിയിക്കു ന്നുവോ , അത്ഭുതം തോന്നി. അതും യാന്ത്രിക ഇങ്ക്യുബേറ്റര്. അടുത്തു ചെന്നു അവിടെ എഴുതി വെച്ചിരുന്നത് വായിച്ചപ്പോള് ആണ് മനസ്സിലായത് , ഇവിടെ വിരിയുന്നത് മുട്ടയല്ല , ആശയങ്ങളാണ് എന്ന്. അസാധാരണമായ ആശയങ്ങള് വിരിയിച്ചു പല കാര്യങ്ങളും ചെയ്യാന് നടക്കുന്ന ശ്രമങ്ങള് ആണിവിടെ നടക്കുന്നത്. 1943 ലോക മഹായുദ്ധ കാലത്ത് യുദ്ധത്തിനു പ്രയോജനപ്പെടുന്ന പല ഉപകരണങ്ങളും രൂപകല്പ്പന ചെയ്ത് ഉണ്ടാക്കാന് വേണ്ടി തുടങ്ങിയ ലാബൊറട്ടറി ആണ് ഇന്നു ഈ പേരില് അറിയപ്പെടുന്നത്. അന്ന് ഇതു എം.ഐ.റ്റി. റേഡിയേഷന് ലബൊറട്ടറി ആയിരുന്നു. 1945ല് ഈ വികിരണ പരീക്ഷണ ശാല പൂട്ടി എങ്കിലും 20 ആം നമ്പര് കെട്ടിടം ഇന്നും വൈവിധ്യമുള്ള പല വകുപ്പുകളും ഉള്ക്കൊള്ളുന്നതാണ്. ആദ്യകാലത്ത് ഉണ്ടായിരുന്നതു പോലെ വൈവിധ്യമുള്ള പല ആശയങ്ങളും പ്രായോഗിക ഉപകരണങ്ങളോ മറ്റൊ ആക്കാനുള്ള പരീക്ഷണ ശാല. അവിടെ പല ക്ലബ്ബുകളും പ്രവര്ത്തിക്കുന്നു. പഴയ കാലം മുതല് ഉള്ള ടെക്നിക്കല് മോഡല് റെയില്റോഡ് ക്ലബ്ബ് അതിലൊന്നാണ്. ധാര്മ്മികമായ ഹാക്കിങ് ഇവിടെ പലരും ചെയ്യുന്നു. ഹാക്കിങ്ങ് എന്ന പദത്തിനു ആദ്യകാലത്ത് ഒരു കമ്പ്യുട്ടര് പ്രൊഗ്രാം എന്താണ് എന്നു മനസ്സിലാക്കി അതില് എന്തെങ്കിലും തകരാറ് ഉണ്ടാക്കുന്നതിനെയായിരുന്നു. ഈമെയില് കമ്പ്യൂട്ടര് പാസ്വേര്ഡുകള് മോഷ്ടിക്കുക , അനുവദിക്കാത്ത കാര്യങ്ങള് മറ്റുള്ളവരുടെ കമ്പ്യൂട്ടറിലും മൊബൈലിലും ഒക്കെ കയറി ചെയ്യുനതും ഹാക്കിങ്ങില് പെടുന്നു. എന്നാല് നിരുപദ്രവമായ (ethical) ഹാക്കിങ്ങ് ഇന്നു പലരും ചെയ്യുന്നു. പ്രൊഫഷണല് സൊസൈറ്റികള് പോലും ഹാക്കിങ്ങിനു പരിശീലനം കൊടുക്കുന്ന. മാരത്തോണ് പോലെ ഹാക്കത്തോണ് നടത്തുന്നു. വന്ന് വന്ന് കമ്പ്യൂട്ടറിലോ മൊബൈലിലോ അസാധാരണമായ എന്തെങ്കിലും ചെയ്യുന്നത് ഹാക്കിങ്ങിന്റെ മേഖലയില് വരുന്നു. ഇവിടെ എം.ഐ.ടി.യില് കുട്ടികള് ചെയ്യുന്ന ചില അസാധാരണ പ്രവര്ത്തികളും ഹാക്കിങ്ങില് പെടുത്തിയിരിക്കുന്നു.
ഉദാഹരണത്തിന് എം.ഐ.റ്റി.യിലെ ഏറ്റവും ഹൃദയഭാഗത്തുള്ള ഡോമിന്റെ മുകളില് ഒരു ദിവസം രാവിലെ ഒരു പോലീസ് കാര് പ്രത്യക്ഷപ്പെട്ടു. വിദ്യാര്ത്ഥികളില് ഒരാളിന്റെ കാറ് ഒരു ദിവസം എം.ഐ.റ്റി. കാമ്പസ് പോലീസുകാറ് പിടിച്ചെടുത്തു. നിയമ വിരുദ്ധമായ പാര്ക്കിങ്ങിനോ മറ്റോ ആണെന്നു തോന്നുന്നു. രാത്രി ഒരു കൂട്ടം കുട്ടികള് മരപ്പലകകള് കൂട്ടിക്കെട്ടി ഒരു കാറിന്റെ രൂപം ഉണ്ടാക്കി. അതിന്റെ പുറത്ത് അലുമിനിയം പോലെ ഭാരം കുറഞ്ഞ ഷീറ്റുകള് വെച്ച് നന്നായി പെയിന്റ് ചെയ്ത് ശരിക്കും ഒരു പോലീസ് കാര് തന്നെ ഡൊമിന്റെ മുകളില് വെച്ചു. പോലീസ് വാഹനത്തില് ഉപയോഗിക്കുന്ന ഫ്ലാഷ് ലൈറ്റുകളും എന്തിനു കാറിനകത്ത് ഒരു കയ്യില് ഒരു ഡമ്മി കളീത്തോക്കും മറ്റെ കയില് കുറച്ചു കടലയുമായി ഒരു പോലീസുകാരനും ഇരിക്കുന്നുണ്ടായിരുന്നു. “ ഇവിടെ പാര്ക്കിങ് അനുവദനീയമല്ല” എന്നടിച്ച പാര്ക്കിങ് ഫൈന് ടിക്കറ്റും എം.ഐ.റ്റി. ക്യാമ്പസ് പോലീസ് കാറിന്റെ നമ്പറ് എല്ലാം ഉണ്ടാക്കി വെച്ചിരുന്നു. ഇതെല്ലാം ഒരൊറ്റ രാത്രി കൊണ്ട് വികൃതികള് ചെയ്തു വെച്ചതായിരുന്നു. 1994 മേയ് മാസത്തില് ആയിരുന്നു ഈ കുസൃതി ഒപ്പിച്ചു വെച്ചത്. നേരം പുലര്ച്ച് ആയപ്പൊള് ആള്ക്കാര് ഇത് ശ്രദ്ധിച്ചു തുടങ്ങി. കണ്ടവര് എല്ലാം ഫൊട്ടൊ എടുത്തു പത്രക്കാര് വലിയ വാര്ത്തയാക്കി, റേഡിയോയിലും വാര്ത്ത വന്നു. 10 മണി ആയപ്പൊള് എം.ഐ.റ്റി. സ്റ്റാഫ് എല്ലാം അഴിച്ചുമാറ്റി. ഇതിനിടെയില് ഏതാനും ഹെലികോപ്റ്ററുകളും കാറിന്റെ അടുത്തു ചുറ്റിപ്പറന്നു . ലോകം മുഴുവന് ഇത് വലിയ വാര്ത്തയായി. കുസൃതി ഒപ്പിച്ചു വെച്ചവര്ക്ക് സന്തോഷം ആയിട്ടുണ്ടാവും , തീര്ച്ച. കുട്ടികളില് ചിലര്ക്ക് ഇതു നല്ലവണ്ണം രസിച്ചു , അവര് ക്യാമ്പസ് പോലീസിന്റെ കാര് മിസ്സിങ്ങ് ആയി എന്നു പരസ്യവും കൊടുത്തു പോലീസ് കാറിന്റെ നമ്പറോടു കൂടി തന്നെ. ഒരു റ്റി വി വാര്ത്തയില് കാറ് ഒരു അപകട സൈറണ് മുഴക്കിയെന്നു വരെ റിപ്പൊര്ട്ടു ചെയ്തു. പക്ഷേ ദൃക്സാക്ഷികള് പറഞ്ഞു സൈറണ് ഒന്നും കേള്ക്കാന് ഇല്ലായിരുന്നു , ഫ്ലാഷ് ലൈറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ..
5.രസകരമായ ചുവരെഴുത്തു ബോറ്ഡ്
ഇതു പോലെ രസകരം അല്ലെങ്കിലും മറ്റൊരു തമാശ അവിടെ കണ്ടത് ഒരു ഡിപ്പാര്ട്ട്മെന്റിന്റെ പുറത്തു വെച്ചിട്ടുള്ള കൂറ്റന് വെള്ള ബോറ്ഡായിരുന്നു. അവിടെ ആര്ക്കും എന്തും എഴുതാമായിരുന്നു. നമ്മൂടെ നാട്ടിലെ കുളിമുറികളിലെയും മറ്റും വൃത്തികെട്ട ചുവരെഴുത്തുകള് വായിച്ചവര്ക്ക് ഇവിടെ ഒന്നും കണ്ടില്ല. പലരും അവരവരുടെ സ്വന്തം ഭാഷയില് പേരൊ നമസ്കാരം പോലുള്ള സന്ദേശങ്ങള് മാത്രമേ ഞങ്ങള്ക്കവിടെ കാണാന് കഴിഞ്ഞുള്ളു. നമ്മുടെ ഒരു മലയാളി അയാളുടെ പേര് (പ്രകാശന്) എന്നോ മറ്റോ എഴുതിയിരുന്നു. അയാള് തന്നെ ഹിന്ദിയില് നമസ്കാര് പ്രകാശന് എന്നും എഴുതി വെച്ചിരുന്നു. ഒറ്റ നോട്ടത്തില് അസഭ്യം ആയതൊന്നും അവിടെ എഴുതിക്കൊണ്ടില്ല.
6. മഹാന്മാരുടെ ചിത്രങ്ങള്
2023 വരെ എം.ഐ.റ്റി.യില് നിന്ന് 101 പേര് നോബല് സമ്മാനത്തിനു അര്ഹരായിട്ടുണ്ട്. അതുപോലെ 26 റ്റ്യൂറിങ്ങ് അവാര്ഡും 8 ഫീല്സ് മെഡലും എം.ഐ.റ്റി.യിലെ വിദ്യാര്ത്ഥികള്ക്കും അദ്ധ്യാപകര്ക്കും പൂര്വവിദ്യാര്ത്ഥികള്ക്കും കിട്ടിയിട്ടുണ്ട്. നോര്ബര്ട്ട് വീനര്, ഓപ്പെണ്ഹീം തുടങ്ങിയ അതികായന്മാര് ഇവിടെ അദ്ധ്യാപകര് ആയിരുന്നു. ഇവരില് ചിലരുടെ ഫോട്ടൊകള് ഒരു ലാബിന്റെ പുറത്ത് തൂക്കിയിട്ടിരിക്കുന്നതും കണ്ടു.
ഏതായാലും 11 മണിക്ക് വന്നിട്ട് ഒന്നര മണിവരെ ഇവിടെയൊക്കെ കറങ്ങിയിട്ടും എം.ഐ.റ്റി. എന്ന ബൃഹദ് സ്ഥാപനത്തിന്റെ ഒരു വാലറ്റം പോലും കണ്ടില്ല എന്ന വിഷമത്തൊടെ ഞങ്ങള് അവിടെ ഉണ്ടായിരുന്ന ഒരു മെക്സിക്കന് റേസ്റ്റോറന്റില് നിന്നും ഉച്ച ഭക്ഷണം കഴിച്ചു യുവ സുഹൃത്തിനോട് വിട പറഞ്ഞു നഗരത്തിലേക്കുള്ള സൌജന്യ ബസ്സില് കയറി ബോസ്റ്റണ് നഗരത്തിലേക്ക് പൂറപ്പെട്ടു.
1.എം. ഐ.റ്റി.യിലെ അര്ബുദ ഗവേഷണം യുറ്റ്യുബില്
2. എം.ഐ.,റ്റി. ഡൊമിന്റെ മുകളില് പോലീസ് കാര്
Comments
Post a Comment