21. ഫിറ്റ് അല്ലാത്തതിനെ ഫിറ്റ് ആക്കുന്ന മാന്ത്രിക വിദ്യ: കോടികളുടെ ബിസിനെസ്സ്

 


2018 ല്‍ വെറും 3500  ഡൊളറുമായി   തുടങ്ങിയ  ഒരു ബിസിനെസ്സ്   ഇപ്പൊള്‍ 100  കോടി  (ഒരു ബില്ല്യണ്‍ ) കോടി ഡോളര്‍   ബിസിനെസ്സ്  ആക്കി മാറ്റിയ  അഭി രമേഷ്  എന്ന ഇന്ത്യക്കാരന്‍റെ കഥയാണിത്. കൂട്ടത്തില്‍ സാധാരണ ഉപയോഗയോഗ്യമല്ലെന്നു കരുതി   വലിച്ചെറിയുന്ന  ഭക്ഷ്യ സാധനങ്ങള്‍ നശിപ്പിക്കാതെ  എങ്ങനെ വിറ്റു   പണം  ഉണ്ടാക്കാമെന്നും.

അമേരിക്കയിലെ  ഉപഭോക്തൃ സംസ്കാരത്തെപ്പറ്റി  ഈ ലേഖകന്‍   മുമ്പൊരിക്കല്‍   ഇവിടെ എഴുതിയിരുന്നു. അമേരിക്കയില്‍    ഉപഭോക്താവാണ് രാജാവ്   വില്‍ക്കുന്നവനല്ല.   നാട്ടിലെപ്പോലെ    വേണമെങ്കില്‍   ഞാന്‍ പറയുന്ന  വിലക്ക്   വാങ്ങിക്കൊണ്ടു പൊക്കൊ , അല്ലെങ്കില്‍   സ്ഥലം   കാലിയാക്ക് എന്ന് പറയുന്ന   കച്ചവടക്കാരല്ല   ഇവിടെയുള്ളത്. ഗുണനിലവാരമുള്ള സാധനങ്ങള്‍     ധാരാളം കിട്ടാന്‍  ഉള്ളതും ഒന്നില്‍ കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റു ശ്റുംഖലകള്‍   മത്സരിക്കുന്നതും  ഇതിനെല്ലാമുപരി   വാങ്ങിക്കാന്‍   നമ്മുടെ   നാട്ടിലെപ്പോലെ  ആള്‍ക്കാര്‍ ഇല്ലാത്തതും എല്ലാം കാരണമാവാം . എന്നാലും   നമ്മള്‍ പാടുപെട്ട് ഉണ്ടാക്കുന്ന   പണത്തിന്,  നികുതിദായകരുടെ   പണം യഥേഷ്ടം   ധൂര്‍ത്തടിക്കുന്ന  മന്ത്രിമാരല്ലാത്തതു കൊണ്ട് ന്യായമായവിലക്ക് നല്ല സാധനം കിട്ടണമെന്ന് നാം പ്രതീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്?

ഇവിടത്തെ  സൂപ്പര്‍ മാര്‍ക്കറ്റുകളില്‍   സാധനങ്ങള്‍   പ്രദര്‍ശിപ്പിച്ചു വെച്ചിരിക്കുന്ന രീതിപോലും   അനുകരണീയമാണ്. സത്യസന്ധമായി (പേരില്‍  മാത്രമല്ല)   വിളയിച്ചെടുത്ത  ഓറ്ഗാനിക്കും അല്ലാതെയും ഉള്ള ഭക്ഷ്യവസ്തുക്കള്‍,  ഓരോന്നിലും   അടങ്ങിയിട്ടുള്ള   ഭക്ഷ്യ ഘടകങ്ങളുടെ   വിവരങ്ങള്‍   എന്നിവ   മാത്രമല്ല ചില  ഇനം മത്സ്യങ്ങള്‍   ഗര്‍ഭിണികളെപ്പോലെയുള്ളവര്‍ക്ക്  കഴിക്കാന്‍ പാടില്ല   എന്നു വരെ  എഴുതിവെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട് . (ഉദാഹരണത്തിന് മെര്‍ക്കുറി  കൂടുതല്‍    ഉള്ള മത്സ്യങ്ങള്‍) .  വില്‍ക്കാന്‍ വെച്ചിരിക്കുന്ന   സാധനങ്ങളില്‍ ഗുണനിലവാരം കുറഞ്ഞത് ഒന്നും ഉണ്ടാവില്ല. പച്ചക്കറിയും  പഴങ്ങളും   ആണെങ്കില്‍  ഏറ്റവും   നല്ലത് ആകര്‍ഷകമായ   രീതിയില്‍  പ്രദര്‍ശിപ്പിച്ചുണ്ടാവും . ആപ്പിളിനിടയില്‍   കേടായതോ ചതവു പറ്റിയതോ ആയ ഒരെണ്ണം പോലുമുണ്ടാവില്ല.  തക്കാളിയൊക്കെ മൂന്നും നാലും ഉള്ള  കുലയായിട്ടാണ്  വെച്ചിരിക്കുന്നത്. നമ്മുടെ   നാട്ടില്‍   ആപ്പിള്‍ തിരഞ്ഞെടുത്താല്‍ കടക്കാരന്‍റെ വായില്‍ ഇരിക്കുന്നത് കേള്‍ക്കുന്നത്  അപൂര്‍വമല്ലല്ലൊ? അപ്പോള്‍  സ്വാഭാവികമായും  ഒരു ചോദ്യം ഉയരാം .  ഈ വസ്തുക്കള്‍   ചെടിയില്‍  ഉണ്ടാകുമ്പോള്‍ തന്നെ ഇത്ര   നല്ല രീതിയില്‍  ആണൊ ? അല്ല   എന്നു തന്നെ  ആണ്  ഉത്തരം.

അമേരിക്കയില്‍   ഉല്‍പ്പാദിപ്പിക്കപ്പെടുന്ന   ഭക്ഷ്യ വസ്തുക്കളില്‍ മൂന്നില്‍   ഒന്നെങ്കിലും സൂപ്പര്‍   മാര്‍ക്കറ്റുകാര്‍ വാങ്ങാന്‍ തയാറാകാത്തതാണ്  എന്നാണറിഞ്ഞത്.  അമ്പോ  മൂന്നില്‍   ഒന്നു ഭക്ഷ്യ വസ്തുക്കള്‍ പാഴാകുകയോ? ഇത്  ശ്റദ്ധിച്ച    ഒരു വീരന്‍, നമ്മുടെ   ഭാരതീയന്‍  തന്നെ , ഇത്തരം   ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച്    നല്ലരീതിയില്‍   പാക്കു   ചെയ്ത്  ആള്‍ക്കാര്‍ക്ക്   ഓണ്‍ ലയിനായി   വ്യാപാരം   നടത്താന്‍ തുടങ്ങി. ഇവിടെയാണ്   തലക്കെട്ടില്‍ കണ്ട മിസ്ഫിറ്റ്  മാര്‍ക്കെറ്റ് എന്നതിന്‍റെ ആവിര്‍ഭാവം . മിസ്ഫിറ്റ്   മാര്‍ക്കെറ്റുകള്‍   ചെയ്യുന്നത്  കര്‍ഷകരില്‍ നിന്നും   സൂപ്പര്‍ മാര്‍ക്കെറ്റുകാര്‍   വാങ്ങാന്‍ തയാറാകാത്ത  ഇത്തരം ഉല്‍പന്നങ്ങല്‍  ശേഖരിച്ച് അവയെ ആകര്‍ഷകമായ  വിലക്ക്   ഉപഭോക്താക്കളില്‍ നേരിട്ട്  എത്തിക്കുകയെന്നതാണ്. ഈ   പരിപാടി വഴി   ഗണ്യമായ  നിലയില്‍   ഭക്ഷ്യ  വിഭവങ്ങള്‍ നശിക്കാതിരിക്കുകയും   ആവശ്യമുള്ളവര്‍ക്ക്   അവരുടെ  ഭക്ഷ്യസാധങ്ങളുടെ  പ്രതിമാസം  ഉണ്ടാകുന്ന ചിലവില്‍    നല്ല  കുറവും വന്നു കാണുന്നു   എന്നതുമാണ്.

അഭി  രമേഷ്  എന്ന സംരംഭകന്‍

അഭി രമേഷിന്‍റെ   മാതാപിതാക്കള്‍ അയാളുടെ അച്ഛനു 28 വയസ്സായപ്പൊള്‍   ഇന്ത്യയില്‍ ഉള്ളതെല്ലാം  വിറ്റുപെറുക്കി  ഒരു പുതിയ ജീവിതം തേടി അമേരിക്കയിലെ അറ്റ് ലാന്‍റായിലേക്ക് കുടിയേറി  പാര്‍ത്തതായിരുന്നു, കുടുംബം പോറ്റാന്‍ എന്തെങ്കിലുമൊക്കെ  ജോലികള്‍  ചെയ്യേണ്ടിയിരുന്നതുകൊണ്ട്  അച്ഛന്  ബിസിനെസ്സ്  ഒന്നും ചെയ്യാന്‍   ആയില്ല. എന്നാല്‍  അഭിക്ക് സ്കൂളില്‍  പഠിക്കുമ്പോള്‍ തന്നെ  ബിസിനെസ്സ്  താല്‍പര്യം ഉണ്ടായിരുന്നു. അയാള്‍ ആദ്യം  കുട്ടികള്‍  ഉപയോഗിച്ച  പുസ്തകങ്ങള്‍   വാങ്ങി ചെറിയ ലാഭത്തിനു   ആമസോണ്‍  വഴി വിറ്റു തുടങ്ങി. അധികം   താമസിയാതെ  അതു   പരാജയപ്പെട്ടു. അതിനു ശേഷം മത്സര പരീക്ഷക്കു    പരിശീലനം കൊടുക്കുന്ന  ഒരു    കോച്ചിങ്    പരിപാടി തുടങ്ങി .അതും പരാജയപ്പെട്ടപ്പോള്‍  അയാള്‍  സ്കൂള്‍ വിദ്യാഭ്യാസം  പൂര്‍ത്തിയാക്കി ഒരു നല്ല  ബിസിനെസ്സ് സ്കൂളില്‍ (Wharton)  പഠിക്കാന്‍ ചേര്‍ന്നു.  അവിടെ  കൊറ്സ് പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ   രണ്ട് വര്‍ഷം കഴിഞ്ഞ്  അയാള്‍ കാലിഫോര്‍ണിയായിലേക്ക് നീങ്ങി   ചില ബിസിനെസ്സ്  സംരംഭങ്ങള്‍ തുടങ്ങി. ഇതിനു  വേണ്ടി 25,000  ഡോളര്‍ എങ്ങനൊക്കെയോ  ഒപ്പിച്ചെടുത്തു.  ഇതു മുടക്കി   ഒന്നല്ല   മൂന്നു കമ്പനികള്‍   അയാള്‍ തുടങ്ങി. പുരുഷന്‍മാരുടെ  സാധനങ്ങള്‍ വില്‍ക്കുന്ന ഒന്നു,  സോഷ്യല്‍ മീഡിയ  വില്‍പ്പനക്കു  മറ്റൊന്ന്  , ആരോഗ്യ പരിരക്ഷണത്തെ  സംബന്ധിച്ച മൂന്നാമതൊന്ന്. ഒന്നിനു പുറകെ  ഒന്നായി ഇത് മൂന്നും പരാജയപ്പെടുകയാണുണ്ടായത്. അങ്ങനെ അഞ്ചു  പ്രാവശ്യം പരാജയപ്പെട്ട ശേഷം  അയാള്‍   തന്‍റെ ബിസിനെസ്സ്  പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഒരു നിക്ഷേപക   കമ്പനിയില്‍ ജോലിക്കു  ചേര്‍ന്നു.  അവിടെ അവസരോചിതമായ  നിക്ഷേപം   എന്ന വകുപ്പില്‍ (Opportunic investment) ആയിരുന്നു  അയാള്‍ ജോലി ചെയ്തത്. പല   പുതിയ  സംരംഭകരുമായി   ആശയ വിനിമയം   നടത്താന്‍ കഴിഞ്ഞു  എന്ന നേട്ടം മാത്രം ഉണ്ടായി. 11  മാസം കഴിഞ്ഞ് അവിടെ നിന്നും അയാള്‍   ജോലി  മതിയാക്കി.

2014 ല്‍   അയാള്‍  വീണ്ടൂം സാന്‍ഫ്രാന്‍സിസ്കൊയില്‍   എത്തി   മറ്റു രണ്ടു പേരും കൂടി ചേറ്ന്ന് ഒരു കോഡിങ്   കമ്പനി തുടങ്ങി . രണ്ടു വര്‍ഷം   കഴിഞ്ഞ് അതും  അടച്ചു പൂട്ടി. അയാള്‍  തിരിച്ചു പെന്സില്വാനിയായില്‍  എത്തി . ഒരു ദിവസം അയാളും  അയാളുടെ പെണ്‍ സുഹൃത്തുമായി  ആപ്പിള്‍ തോട്ടത്തില്‍ ആപ്പിള്‍ പറിക്കാന്‍ പോയി. അവിടെ   പറിച്ച ആപ്പിളില്‍ കുറെ   അടുത്തുള്ളവര്‍ക്ക് നിസ്സാരമായ  വിലക്കു വില്‍ക്കുകയും   ബാക്കിയുള്ളവ   എറിഞ്ഞു കളയുകയും ആണ്  ചെയ്തിരുന്നത്. കാണാന്‍ അത്ര  ഭംഗിയില്ലാത്ത  ആപ്പിള്‍ വാങ്ങാന്‍ ആളില്ലായിരുന്നു  എന്നതു കൊണ്ട്. എന്നാല്‍    ഭംഗിയില്ലാത്ത  ആപ്പിളും  മറ്റുള്ളവയെപ്പൊലെ തന്നെ  ഭക്ഷ്യയോഗ്യമാണ്  എന്നയാള്‍ക്കു   മനസ്സിലായി. മുമ്പു   പഴയ  പുസ്തകം വാങ്ങി വിറ്റതും   പുരുഷന്‍മാരുടെ  വസ്ത്രം വിറ്റതും ഉള്‍പ്പെടെ  ഉണ്ടായിരുന്ന അനുഭവം വെച്ച് ഇത്തരം   ഭക്ഷ്യവിഭവങ്ങള്‍  ശേഖരിച്ചു   എന്തുകൊണ്ട്   ഓണ്‍ ലയിന്‍   പ്ലാറ്റ്ഫോം   വഴി കുറഞ്ഞ വിലയ്ക്ക് വിറ്റുകൂടാ  എന്ന് അയാള്‍  ചിന്തിച്ചു. അങ്ങനെ  ഫിലാഡെല്‍ഫിയായില്‍ എത്തി   ഇത്തരം   കാര്‍ഷിക വിഭവങ്ങള്‍ വാങ്ങി   വില്‍ക്കാനുള്ള  ശ്രമങ്ങള്‍  തുടങ്ങി.,  അയാള്‍   ആപ്പിള്‍ പറിക്കാന്‍ പോയതു പൊലെയുള്ള  മറ്റു  കൃഷിക്കാരെയും   സമീപിച്ച് അവരുടെ  കയ്യില്‍ നിന്നും   ഇത്തരം ഉപയോഗ ശൂന്യമാക്കി കളയുന്ന  ഉല്‍പ്പന്നങ്ങള്‍ നിസ്സാരവിലക്കു   വാങ്ങാന്‍  തയാറായി.

അയാള്‍   അഞ്ചു  ക്രെഡിറ്റ് കാര്‍ഡുകള്‍ വാങ്ങി ആവശ്യമായ  പണം കടമായി ഉണ്ടാക്കി. അയാളുടെ ഒരു സുഹൃത്തിന്‍റെ   സഹായത്തൊടെ  ഒരു നിക്ഷെപ സഹായവും കിട്ടി. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നു കടം എടുത്ത   പണം അങ്ങനെ മടക്കിക്കൊടുത്തു. അധികം താമസിയാതെ   നിക്ഷേപ സഹായം ആയി വാങ്ങിയ തുകയും നല്ല   ലാഭത്തൊടെ തിരിച്ചു കൊടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. ചിലവു  കുറക്കാന്‍  അഭി സ്വന്തം വാഹനത്തില്‍ ആയിരുന്നു സാധനങ്ങള്‍  ആവശ്യക്കാര്‍ക്ക് എത്തിച്ചത്. അങ്ങനെ 2018 അവസാനം ആയപ്പൊള്‍  അഭി രമേഷിന്‍റെ   മിസ്ഫിറ്റ്   മാര്‍ക്കറ്റ്  പ്രവര്‍ത്തനം  ആരംഭിച്ചു. ഒരാഴ്ചയില്‍  വെറും 200  ഡോളര്‍  ആയിരുന്നു  ആദ്യകാലത്തെ കച്ചവടം. ബിസിനെസ്സ്  വിപുലമാക്കാന്‍    തന്‍റെ സുഹൃത്തുമായി ബന്ധപ്പെട്ട്   ഒരു വെഞ്ചര്‍   മൂലധന  സംഘത്തിലെ (venture  capital)  എഡ്വാര്‍ഡുമായി  ബന്ധപ്പെട്ടു.

അഭിയുടെ   ബിസിനെസ്സ് അറിവും സൌഹൃദം  ഉണ്ടാക്കാന്‍ കഴിയുന്ന വിനയവും   അയാള്‍ക്ക് ധാരാളം സമയവും  സമ്പത്തും ലാഭിക്കാന്‍ അവസരം  ഒരുക്കി. എഡ്വാര്‍ഡിന്‍റെ വെഞ്ചര്‍ കാപിറ്റല്‍ സ്ഥാപനത്തില്‍ നിന്ന് 20 ലക്ഷം ഡോളര്‍ വരെ   ലഭിച്ചു.   ഇതുകൊണ്ട് തന്നെ   മറ്റു നിക്ഷേപകരെ അന്വേഷിക്കേണ്ടി വന്നില്ല.  അങ്ങനെ അഭി രമേഷിന്‍റെ  കമ്പനി വളരെ വേഗം വളര്‍ന്നു. കിട്ടിയ   പണം ഉപയോഗിച്ച്    ബിസിനെസ്സിന്‍റെ  എല്ലാ  മേഖലയും വികസിപ്പിക്കാന്‍ കഴിഞ്ഞു. ഒരു വര്‍ഷം കൊണ്ട് തന്നെ  700  ച.അടി യുള്ള  ഗോഡൌണില്‍   നിന്ന് 10000  ച.അടി.  ഗോഡൌണ്‍   ഉണ്ടാക്കാന്‍ കഴിഞ്ഞു.  അയാളൂടെ സ്ഥിരം   ഉപഭോക്താക്കള്‍   ഒരോ മാസവും   ഇരട്ടിയില്‍   കൂടുതലായി തുടങ്ങി. ദൂര  സ്ഥലങ്ങളില്‍   ഭക്ഷ്യ  വസ്തുക്കള്‍ എത്തിക്കാന്‍ മറ്റു  കമ്പനികളുമായി  യോജിച്ചു   പ്രവര്‍ത്തിക്കാനും  കഴിഞ്ഞു.

അപ്പോഴാണ്  കൊവിഡ്  എന്ന മഹാമാരിയുടെ  വരവ്. അഭിയുടെ  കമ്പനിക്ക്  സാധനങ്ങള്‍   നല്‍കാന്‍ കഴിയാഞ്ഞതുകൊണ്ട് പലസാധനങ്ങളുടെയും വിതരണം 40 ദിവസം വരെ  വൈകി. ലോക്ഡൌണ്‍ ആയതുകൊണ്ട്  ആള്‍ക്കാര്‍ക്ക് കടയില്‍ പോയി   സാധനങ്ങള്‍ വാങ്ങാനും  ആവുമായിരുന്നില്ല. 2021  മാര്‍ച്ച് ആയപ്പോള്‍  അഭിയുടെ  പത്തിവുകാരുടെ എണ്ണം വളരെ   വര്‍ദ്ധിച്ചു, കമ്പനി അഞ്ചിരട്ടി വളര്‍ന്നു , ഒരു ബില്ല്യന്‍ ( 100 കോടി)  ഡോളറിന്‍റെ   മൂല്ല്യത്തില്‍ എത്തിച്ചേര്‍ന്നു.  കഴിഞ്ഞ ഏപ്രില്‍ മാസം ആയപ്പോള്‍ 30 കോടിയുടെ പുതിയ  നിക്ഷേപ  സഹായവും എത്തി. അങ്ങനെയാണ്  അയാളുടെ   കമ്പനി  ബില്ല്യണ്‍  ഡോളര്‍  കമ്പനി ആയത്.

അഭിയുടെ  ബിസിനെസ്സ്  സാമ്രാജ്യത്തിന്‍റെ വളര്‍ച്ചയെക്കുറിച്ച് യുട്യൂബ് വിഡിയൊയുടെ    ലിങ്ക്   താഴെ  കൊടുത്തിട്ടുണ്ട്.  അവരുടെ  കമ്പനിയുടെ  വെബ്സൈറ്റില്‍ പോയാല്‍  അവര്‍  വിതരണം ചെയ്യുന്ന  ഭക്ഷ്യവസ്തുക്കള്‍   ഉപയോഗിച്ച്  ഉണ്ടാക്കാവുന്ന   ഭക്ഷ്യ വിഭവങ്ങളുടെ   പാചകരീതിയും  ആകര്‍ഷകമായി   കൊടുത്തിട്ടുണ്ട് .

ചുരുക്കത്തില്‍ വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും  എന്ന  ചൊല്ല് അന്വറ്ത്ഥമാക്കുന്നതാണ്   അയാളുടെ  കഥ. എന്തിന്   നമ്മുടെ   നഗരങ്ങളില്‍   അടിഞ്ഞു കൂടുന്ന   മാലിന്യക്കൂമ്പാരങ്ങള്‍ നാട്ടില്‍ ഡെങ്കിപ്പനിയും   മറ്റും വളര്‍ത്തുമ്പോള്‍   നമ്മുടെ  രാജ്യത്തില്‍   ഇന്ഡോര്‍  നഗരത്തില്‍  കോര്‍പൊറേഷന്‍  ശേഖരിച്ച   മാലിന്യം  വിറ്റ് പ്രതിമാസം ഒന്നരക്കോടി  രൂപ വരുമാനം  ഉണ്ടാക്കുന്നു   എന്ന് കേട്ടിട്ടില്ലേ?  പത്ത്  വര്‍ഷം   മുമ്പ് ഭാരതത്തിലെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളില്‍  ഒന്നായിരുന്ന  ഇന്ഡോര്‍   കഴിഞ്ഞ  അഞ്ചു വര്‍ഷം  തുടര്‍ച്ചയായി   ഭാരതത്തിലേ ഏറ്റവും  വൃത്തിയുള്ള   നഗരം  ആയത് എന്തുകൊണ്ടാണെന്ന്   നമ്മുടെ  നാട്ടിലെ മന്ത്രിമാര്‍ക്കും  മേയറമ്മമാര്‍ക്കും   ഒഴിച്ച് എല്ലാവര്‍ക്കും  അറിയാം..  ഒരു പാവപ്പെട്ട  മനുഷ്യന്‍  അഴുക്കുവാരാന്‍ ആമയിഴഞ്ചി  തോട്ടില്‍ ഇറങ്ങി   മുങ്ങി മരിച്ചപ്പോള്‍  26 കി മീ   നീളം ഉള്ള  ആ തോടിന്‍റെ  100  മീറ്റര്‍  മാത്രം  റെയില്വേയുടെ താഴെ പോകുന്നതു കൊണ്ട്   കുറ്റം  റെയില്വേയുടെ  പേരില്‍    ചാര്‍ത്താന്‍  അവര്‍ക്കൊക്കെ  എന്ത് ആവേശം  ആയിരുന്നു. കഷ്ടം ,കേരളമേ ലജ്ജിക്കൂ, ലജ്ജിക്കൂ !

 അവലംബം 

https://www.misfitsmarket.com/

https://yourstory.com/2023/05/misfits-market-ugly-produce-2-billion-success-story

https://www.youtube.com/watch?v=2kpS5-C-gM4













Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം