11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന കുട്ടികളൂടെ വീട് ബോസ്റ്റണ്‍ നഗരത്തിന്‍റെ പ്രാന്ത പ്രദേശത്താണ്. കുട്ടികള്‍ വലുതായപ്പോള്‍ നേരത്തെ താമസിച്ചിരുന്ന പഴയ വീട് വിറ്റു പുതിയ വീട്ടില്‍ അവര്‍ താമസം ആക്കിയിട്ട് ഏതാനും മാസങ്ങളെ ആയുള്ളു. നഗരത്തിലേക്കുള്ള ദൂരം വലിയ വ്യത്യാസം ഒന്നുമില്ല. ചുറ്റുപാടും മരങ്ങള്‍ , ഓക്ക് , പൈന്‍ മരങ്ങള്‍, മുഴുവന്‍ പച്ചപ്പു മാത്രമേ കാണാനുള്ളു. മുമ്പ് സൂചിപ്പിചത് പോലെ ഇവിടത്തെ റോഡുകള്‍ വീതി കുറഞ്ഞതാണ്, മിക്കവാറും എല്ലാ റോഡുകള്‍ക്കും നടപ്പാത ഒരു വശത്തെങ്കിലും ഉണ്ടാവും. വാഹനങ്ങള്‍ മിക്കവാറും എല്ലാം അമിത വേഗതയിലാണ് വരുന്നത്. അതുകൊണ്ട് കുട്ടികള്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തി രാവിലത്തെയും വൈകുന്നേരത്തെയും നടപ്പു നടപ്പാതയില്‍ കൂടി തന്നെ വേണമെന്ന്. കോഴിക്കോട് നഗരത്തില്‍ മിനി ബൈപാസ്സ് റോഡില്‍ രാവിലെ നടക്കാന്‍ പോയ ആള്‍ക്കാരെ അമിതവേഗത്തില്‍ വന്ന വാഹനങ്ങള്‍ എത്രയോ പെരേ ഇടിച്ചിട്ടിരിക്കുന്നു. എന്‍റെ ഒരു സുഹൃത്ത് മരണത്തില്‍ നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വിമാനത്താവളത്തില്‍ നിന്ന്‍ വിദേശത്തുനിന്നു വരുന്ന യാത്രക്കാരെയും കൊണ്ടൂ വന്ന വാന്‍ ആണ് അദ്ദേഹത്തെ ഇടിച്ചിട്ടത്. ഇവിടെ വേഗത കൂടുതല്‍ ആണെങ്കിലും ഇവിടെ വണ്ടി ഓടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ ശ്റദ്ധിക്കുന്നുണ്ട്. ഞങ്ങള്‍ ഇവിടെ ആദ്യം വന്നപ്പോള്‍ 2001 ല്‍ ഞാനും ശ്റീമതിയും കൂടി രാവിലെ നടക്കാന്‍ ഇറങ്ങി. നാലും കൂടുന്ന ഒരു ജങ്ക്ഷനില്‍ എത്തിയപ്പോള്‍ ഞാന്‍ ആദ്യമേ റോഡ് കുറുകെ കടന്നു. ശ്രീമതി റോഡിന്‍റെ എതിരെയുള്ള റോഡിലും. അയാള്‍ റോഡ് കടക്കാന്‍ വശത്തു നില്‍ക്കുന്നു. ഞാന്‍ മറുവശത്തും. പെട്ടെന്ന് രണ്ടു വശത്തുനിന്നും വന്ന മൂന്നു നാലു വാഹനങ്ങള്‍ അവിടെ നിര്‍ത്തി. രാവിലെ ഏഴുമണിക്ക് ഡ്യൂട്ടിക്ക് തിരക്കിട്ടു പൊയിക്കൊണ്ടിരുന്ന അവര്‍ പൊയ്ക്കോള്ളാന്‍ ഞാന്‍ കൈകാണിച്ചിട്ടും ശ്രീമതി കുറുകെ കടന്നു കഴിഞ്ഞാണ് കടന്നു പോയത്. നമ്മുടെ നാട്ടില്‍ കാല്‍നടക്കാര്‍ക്ക് മുന്‍ ഗണന കൊടുക്കേണ്ട സീബ്രാ വരയില്‍ പോലും ആള്‍ക്കാര്‍ വാഹനങ്ങളില്‍ നിന്നു രക്ഷ നേടാന്‍ ഓടേണ്ടി വന്നിട്ടുണ്ട്. റോഡ് കുറുകെ കടക്കാന്‍ ആള്‍ക്കാര്‍ നില്‍ക്കുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തണം എന്ന്‍ നിയമം അനുശാസിക്കുന്നു, പക്ഷേ ആരു പാലിക്കാന്‍. ഇതിനെപ്പറ്റി ഞാന്‍ എന്‍റെ ഒരു ബ്ലൊഗില്‍ എഴുതിയപ്പോള്‍ ഒരു ഇന്ത്യന്‍ സുഹൃത്ത് എഴുതിയത് ഇങ്ങനെ. “ സാറ് ഇന്നല്ലെങ്കില്‍ നാളെ അങ്ങു പോകില്ലെ, ഇവിടെ സ്ഥിരതാമസം ആക്കിയ ഞങ്ങള്‍ ആണ് അനുഭവിക്കുന്നത് . ട്രാഫിക് നിയമം കര്‍ശനമാക്കിയപ്പൊള്‍ ഇവിടെ എല്ലാത്തിനും ഫൈന്‍ ആയി തുടങ്ങി. നാട്ടില്‍ ആണെങ്കില്‍ പോലീസുകാരനു 100 രൂപാ കൊടുത്താല്‍ കേസും ഫൈനും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഇവിടെ അതിനും അവസരം ഇല്ലല്ലൊ”. ഞാന്‍ മറുപടി പറഞ്ഞു :”ചുമ്മാതല്ല നമ്മുടെ ആള്‍ക്കാരെ അമേരിക്കന്‍ പോലീസിലും പട്ടാളത്തിലും എടുക്കാത്തത് “ എന്ന്. വിഷയം മാറിപ്പോകുന്നു. ഷമിക്കുക. കഴിഞ്ഞ ദിവസം ഞാനും മകളും കൂടി ഞങ്ങളുടെ വീടിന് അടുത്തുള്ള ഹോപ്കിന്‍റണ്‍ സ്റ്റെയ്റ്റ് പാര്‍ക്കില്‍ പോയിരുന്നു. അവിടെ ഉല്ലാസത്തിനു വരുന്നവവരുന്നവര്‍ക്ക് വേണ്ടത് എന്തോ അതെല്ലാം കുറേശ്ശെ ഉണ്ട്. 1500 ഏക്കറില്‍ പരന്നു കിടക്കുന്ന വനത്തിന്‍റെ പോലെ മരങ്ങള്‍ നിബിഡമായ ഇവിടെ ഏതാണ്ട് 10 മൈലോളം നടക്കാനുള്ള വഴികള്‍ ഉണ്ടാക്കിയിരിക്കുന്നു. കാലാവസ്ഥ അനുസരിച്ചു തുറന്നു കൊടുക്കുന്ന രണ്ട് നീന്തല്‍ ഘട്ടങ്ങള്‍ , അവിടെ സുരക്ഷക്കും മറ്റും ആവശ്യമായ ലൈഫ് ഗാര്‍ഡുകള്‍ , നല്ലതുപോലെ സൂര്യപ്രകാശവും തണലും കിട്ടുന്ന ഇടങ്ങള്‍, ചരിത്ര പ്രസിദ്ധമായ ഒരു മണ്ണില്‍ നിര്‍മ്മിച്ച അണക്കെട്ട് എല്ലാം ഉണ്ട്. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ ആള്‍ക്കാര്‍ വന്നു പോകുന്നു. മസ്സാച്യുസെറ്റ്സ് മദ്ധ്യമേഖലയില്‍ ഏറ്റവും തിരക്കേറിയ ഒരു പാര്‍ക്കാണിത്. നൂറു കണക്കിന്‍ പിക്നിക് മേശകള്‍, കരികൊണ്ട് ഭക്ഷണ സാധനങ്ങള്‍ ചുട്ടെടുക്കാവുന്ന ചൂളകള്‍, ആവശ്യക്കാര്‍ക്ക് മുങ്കൂട്ടി റിസര്‍വ് ചെയ്യാവുന്ന രണ്ട്. പവിലിയനുകള്‍ എന്നിവ ഇവിടം കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് ഇവിടെ സഞ്ചാരികള്‍ ധാരാളം വാരാന്ത്യത്തിലും മറ്റു ദിവസങ്ങളിലും വരാറുണ്ട്. ഒരു ദിവസം മുഴുവന്‍ ഇവിടെ കഴിയാന്‍ തയ്യാറായി വരുന്നു. പ്രത്യേകതകള്‍ താഴെപ്പറയുന്നു. പ്രവര്‍ത്തന സമയം : രാവിലെ 8 അണി മുതല്‍ വൈകുന്നേറം 8 മണി വരെ . എല്ലാ സമയവും ശുചിമുറികള്‍ ലഭ്യമായിരിക്കും. നീന്തല്‍ ഘട്ടങ്ങള്‍ : മേയ് മാസം മുതല്‍ സെപ്റ്റംബര്‍ 2 ലേബറ് ദിനം വരെ രാവിലെ 10 മണി മുതല്‍ വൈകുന്നേറം 6 മണി വരെ. വാഹന പാര്‍ക്കിങ് മെയ് മാസം പകുതി മുതല്‍ ഒക്ടോബര്‍ വരെ രാവിലെ 8 മണി മുതല്‍ വൈകുന്നേറം 7 മണി വരെ പാര്‍ക്കിങ് ഫീ കൊടുക്കണം. ഒരു ദിവസത്തേക്ക് സംസ്ഥാനത്ത് സ്ഥിര താമസം ഉള്ളവര്‍ക്ക് 8 ഡൊളര്‍ , മറ്റു സ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് 30 ഡോളര്‍ ( വാഹനത്തിന്‍റെ റെജിസ്റ്റ്റെഷന്‍ നമ്പര്‍ നോക്കി സ്ഥിര താമസക്കാര്‍ ആണൊ എന്ന് അറിയാം). പണമായി കൊടുക്കാന്‍ ആവില്ല , മൊബൈല്‍ ആപ്പ് വഴി മാത്രം. പ്രവേശന കവാടത്തില്‍ വാഹനത്തിന്‍റെ നമ്പറ് ഫോട്ടൊ ക്യാമേറായില്‍ പതിയുന്നു. കയറിയാല്‍ ഇറങ്ങുന്നതു വരെ പണം കൊടുത്തില്ലെങ്കില്‍ ഫൈന്‍ ഉള്‍പ്പെടെ കൊടുക്കേണ്ടി വരും. സ്ഥിരം ആയി വരുന്ന പതിവുകാര്‍ പാര്‍ക്കിങ് പാസ്സ് വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം . ശാരീരിക അവശത അനുഭവിക്കുന്നവര്‍ , പട്ടാളത്തില്‍ വെച്ച് വൈകല്യം ബാധിച്ചവ ഇവര്‍ക്ക് പാര്‍ക്കിങ് ഫീ ഇല്ല. ഇവരെയൊക്കെ വാഹനത്തിന്‍റെ ലൈസന്‍സ് പ്ലേറ്റില്‍ നിന്നു തിരിച്ചറിയാം. ആകര്‍ഷണീയമായ വാര്‍ഷിക പാര്‍ക്കിങ് ഫീസ് അടക്കാനും സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് ഉണ്ട്. ഇവിടത്തെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ബോട്ടിങ് സൌകര്യം . ബോട്ടുകള്‍ വാടക്കെടുത്ത് ഹോപിന്‍റണ്‍ ജല സംഭരണിയില്‍ ബോട്ട്ല് തുഴഞ്ഞു നടക്കാം . സെയിലിങ്, കയാക്കിങ്, പെഡല്‍ ബോട്ടുകള്‍ ഇവ ലഭ്യമാണ്. നീന്തല്‍ ആവശ്യത്തിനു ലൈഫ് ഗാര്‍ഡുകള്‍ ഉള്ള രണ്ട് നീന്തല്‍ ഘട്ടങ്ങള്‍ ഉണ്ടിവിടെ. മേയ് മാസം മുതല്‍ സെപ്റ്റംബര്‍ ആദ്യം വരെ . നായകളെ വരെ നീന്തല്‍ പരിശീലിപ്പിക്കുന്നു. പിക്നിക്ക് സൌകര്യങ്ങള്‍ ഇവിടെ ഒരു ഡസനിലധികം പിക്ക്നിക് സ്പോട്ടുകള്‍ ഉണ്ട്. മേശകളും കസേരകളും കരി ഉപയൊഗിക്കുകുന്ന ചൂളകളും എല്ലാം ലഭ്യമാണ്. കുടുംബ സമേതം ഇവിടെ ഒരു ദിവസം ചിലവഴിക്കാം. മറ്റു സൌകര്യങ്ങള്‍ മത്സ്യം പിടിക്കല്‍ , കുതിരസവാരി, മലകയറ്റം സ്കീയിങ് സൌകര്യം തുടങ്ങിയവ നിയന്ത്റണങ്ങള്‍ ഭക്ഷണം പാകം ചെയ്യല്‍ പിക്ക്നിക് മേഖലയില്‍ മാത്രം നീന്തല്‍ അനുവദിച്ച മേഖലയില്‍ മാത്രം സര്‍ക്കാര്‍ അംഗീകൃത ലൈഫ്ജാക്കറ്റുകള്‍ മാത്രം ഉപയോഗിക്കാം ചില ഇടങ്ങളില്‍ , താഴത്തെ ബീച്ചില്‍ ബോട്ടുകള്‍ക്ക് പ്രവേശനമില്ല മോട്ടോര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ അനുവദനീയമല്ല നായ്ക്കളെ കഴുത്തില്‍ കുടുക്കിട്ട് നിയന്ത്രിക്കണം എല്ലായിടത്തും സ്നാന തീരത്ത് നായ്ക്കളെ മെയ് 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ തീരത്ത് അനുവദിക്കില്ല. പാര്‍ക്കിനകത്ത് പ്രൈവറ്റ് വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ല. ഡ്റോണുകള്‍ അനുവാദം ഇല്ലാതെ പറത്താന്‍ പാടില്ല. അധികം തിരക്കുള്ള ദിവസങ്ങളില്‍ പ്രവേശനം നിയന്ത്രിതമായിരിക്കും. പവിലിയന്‍ റിസര്‍ വേഷന്‍ ഇല്ലാതെ കൂട്ടം കൂടലുകള്‍ അനുവാദം ഇല്ലാതെ പാടില്ല ഞാനും മകളും അവിടെ എത്തിയപ്പോള്‍ സമയം 6 മണി കഴിഞ്ഞിരുന്നു. വീട്ടില്‍ നിന്നു 20 മിനുട്ട് വാഹനം ഓടിച്ച് അവിടെ എത്തി. അവിടെ എത്തിയപ്പോള്‍ പാര്‍ക്കിങ് ഫീ അടക്കാനുള്ള മൊബൈല്‍ ആപ്പ് ഇല്ലാതിരുന്നതു കൊണ്ട് അയാള്‍ ഭര്‍ത്താവിനെ വിളിച്ച് വണ്ടി നമ്പറ് കൊടുത്ത് ഫീസ് അടച്ചു . അവിടെ ധാരാളം ആള്‍ക്കാര്‍, ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ വളര്‍ത്തു നായകളും മറ്റുമായി എത്തിയിരുന്നു. കൂട്ടത്തില്‍ ഒരു കുടുംബം ഭീമാകാരനായ അലാസ്കന്‍ ഹസ്സ്കി വര്‍ഗത്തില്‍ പെട്ട ഒരു നായയുമായി വന്നിരുന്നു. അവരുടെ അനുവാദത്തോടെ ആ ഭീമന്‍ നായയുടെയും ചുറ്റുമുള്ള ശുദ്ധ ജല തടാകത്തിന്‍റെയും താറാവിന്‍ കൂട്ടങ്ങളുടെയും ബോട്ടുകളുടെയും ഒക്കെ ഫോട്ടൊ എടുത്തു. അണക്കെട്ടിന്‍റെ മുകളില്‍ കൂടി നടന്ന് താഴത്തെ പവിലിയന്‍ വരെ ഞങ്ങള്‍ 2 കി മീ നടന്നു. അണക്കെട്ടില്‍ നിന്നു താഴത്തെ ജലാശയത്തിലേക്ക് ഒരു ചെറിയ വെള്ളച്ചാട്ടം പോലെ ഉണ്ടാക്കിയിട്ടുണ്ട്. ഏതായാലും പരിസ്ഥിതി അനുകൂലവും പ്രകൃതി സൌന്ദര്യം ആവോളം ഉള്ളതുമായ ഈ പാര്‍ക്കില്‍ ഒന്നര മണിക്കൂറോളം ഞങ്ങള്‍ ചിലവഴിച്ച് തിരിച്ചു പോന്നു. വഴിയില്‍ ഒന്നും പ്ലാസ്റ്റിക് കുപ്പികളൊ ചവറോ കണ്ടില്ല, നമ്മുടെ നാട്ടുകാരും ഇവിടെ വരുമ്പോള്‍ ഡീസന്‍റാവുന്നു.

Comments

Popular posts from this blog

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം