18. വനപാതയിലൂടെയുള്ള നടത്തവും മലകയറ്റവും ഹോപ്കിന്‍റണിലെ ഒരനുഭവം
പൊതുവെ നമ്മുടെ
നാട്ടില്‍, പ്രത്യേകിച്ചും കേരളത്തില്‍ വയനാടും ഇടുക്കിയുമൊക്കെ ഉള്‍പ്പെട്ട പശ്ചിമഘട്ടങ്ങളിലല്ലാതെ ആരും മലകയറാനോ വനപാതകളില്‍ കൂടീ നടക്കാനൊ
തുനിയാറില്ലല്ലൊ. ശബരിമലയാത്രയും മലയാറ്റൂര്‍ യാത്രയും
തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ആള്‍ക്കാര്‍
ചെയ്യുന്നു എന്നത് വിസ്മരിക്കുന്നില്ല
എങ്കിലും. ആധുനിക വത്കരണത്തിന്‍റെ
ഫലമായി ഈ തീര്‍ത്ഥാടന യാത്രയുടെയും കാഠിന്യം കുറഞ്ഞു കൊണ്ടിരിക്കുകയുമാണ്. എന്നാല്‍ പാശ്ചാത്യരുടെ ഇടയില്‍ മല കയറ്റവും കാനനപാതയില്‍ കൂടിയുള്ള നടത്തവും നല്ലൊരു
ഭാഗം ആള്‍ക്കാര്‍ക്ക് ഇഷ്ടമുള്ളതാണ്. അതിനുള്ള
സൌര്യങ്ങള്‍ നഗരപ്രാന്തങ്ങളില്‍
പോലും ലഭ്യമാണ്. അമേരിക്കയില്‍
ഞങ്ങളുടെ കുട്ടികള്‍ താമസിക്കുന്ന മസാചുസെറ്റ്സിലെ ഹോപ്കിന്‍റണ്‍ നഗരത്തിന്‍റെ അടുത്തുള്ള
ഒരു വനപാതയും മലകയറ്റത്തിനു
സൌകര്യമുള്ള ഒരു സ്ഥലത്ത് കഴിഞ്ഞ
ദിവസം പോകുകയുണ്ടായി. ആ അനുഭവം പങ്കുവെക്കുന്നു ഇവിടെ.
“പര്‍ഗേറ്ററിയുടെ ചാസം “(Purgatory’s Chasm – ശുദ്ധീകരണ വിടവ് ) എന്നറിയപ്പെടുന്ന ഈ
സ്ഥലത്ത് ഏതാണ്ട് ഒന്നര മൈല്‍ കാനന പാതയും
അതിന്‍റെ ഒരു ഭാഗത്ത് കുത്തനെയുള്ള കരിങ്കല്ലുകളില്‍ കൂടി വളരെയധികം പ്രയാസം
സഹിച്ച് 70 അടിയോളം കയറി ഇറങ്ങേണ്ട പാറക്കൂട്ടവും
ആണുള്ളത്. ഒരു ഭൂമികുലുക്കത്തില്‍ പാറകള്‍ പൊട്ടി വേര്‍പെട്ട് ഉണ്ടായതു
പോലെ സ്വാഭാവികമായ ഒരു മലയിടുക്കാണ്
ഇവിടെ ഉള്ളത്. എന്നാല്‍ ഇതു
ഒരു ഹിമനദിയുടെ കുത്തനെ
ഉണ്ടായ ഒഴുക്കില്‍ രൂപാന്തരണം
സംഭവിച്ചത് ഉണ്ടായത് ആണെന്നും ഭൂഗര്‍ഭ ഗവേഷകര്‍ പറയുന്നു.
ഈ
മലയിടുക്ക് ഉണ്ടായതിനെപ്പറ്റി
രസകരമായ ഒരു കഥയുണ്ട്. ഒരിക്കല്‍ അമേരിക്കയിലെ മുങ്കാല അമേരിക്കക്കാരിയായിരുന്ന ഒരു സ്ത്രീ
ഒരിക്കല്‍ കുടിയേറ്റക്കാരനായ ഒരു വെള്ളക്കാരനെ കൊന്നു. അയാളെ കൊന്നതിനു ശേഷം രംഗത്തു നിന്നു പെട്ടെന്നു നിഷ്ക്റമിക്കാന്‍ തുടങ്ങിയ
അവളെ മറ്റൊരു വെള്ളക്കാരന്‍
തറ്റഞ്ഞു നിര്‍ത്തി അയാളൂടെ കൂടെ നടക്കാന്‍
ആവശ്യപ്പെട്ടു. കക്ഷി വെള്ളക്കാരന്‍ ആയതുകൊണ്ടും അവരില്‍ ഒരാളെ കൊന്നിട്ട് അയാളുടെ കൂടെ പോകാന്‍ സ്വാഭാവികമായും അവള്‍ക്ക് സംശയമുണ്ടായി. അവള്‍ കൈവിടുവിച്ച് ഓടിപ്പോകാന്‍
ശ്രമിച്ചു. എന്നാല്‍ അയാള്‍ അവളെ പിടിച്ച് നിര്‍ത്തി. അവള്‍
രക്ഷെപെടാന്‍ അവരുടെ നാട്ടു ദൈവം
ഹോബൊമൊക്കൊയെ വിളിച്ച് രക്ഷിക്കാന്‍ അപേക്ഷിച്ചു. അപ്പോള്‍ ആ
വെള്ളക്കാരന്‍ തന്‍റെ ശരിയായ രൂപത്തില്‍
, അവരുടെ
ദൈവത്തിന്‍റെ രൂപത്തില്‍ അവള്‍ക്ക് ദൃശ്യമായി. ഒരു ചെകുത്താന്‍റെ രൂപത്തിലേക്കു മാറി അവളെ ഇടുപ്പിനു
പിടിച്ച് ആ മലയിടുക്കിലേക്ക് കൊണ്ടുപോയി. കോളണിവാസികള്‍ പറയുന്നത്
അന്ന് ഹോബോമൊക്കെ അവിടെ കാണിച്ച പരാക്രമത്തിന്‍റെ ഫലമായി രൂപം കൊണ്ടതാണ് ആ മലയിടുക്ക് എന്നാണ്. അവിടെ ഉണ്ടായ
പാറയിടുക്കുകളും മറ്റും അയാള്‍ തന്‍റെ
ഇരയെ അടിച്ചു കൊന്നപ്പോള്‍ ഉണ്ടായതാണത്രെ.
അവിടെ ഉണ്ടായ മൂര്‍ച്ചയേറിയ പാറയിടുക്കുകള്‍ അയാള്‍ ഉപയോഗിച്ചിരുന്ന മഴു കൊണ്ട്
ഉണ്ടായതാണെന്നും പറയപ്പെടുന്നു. എന്നാല്‍ ചരിത്രകാരന്മാര്‍ പറയുന്നത് ഈ കഥ കോളണിയില്‍
താമസിക്കാന്‍ വന്നവര്‍ നാട്ടുകാരുടെ
ഇടയില്‍ കൃസ്തുമതം
പ്രചരിപ്പിക്കാന്‍
കെട്ടിച്ചമച്ചതാവാനേ
വഴിയുള്ളു എന്നാണ്. നാട്ടുകാരുടെ
ദൈവം ആയിരുന്ന ഹോബോമൊകൊയെ ചെകുത്താന്‍
ആയി ചിത്രീകരിക്കാനും അവരുടെ ഇടയില്‍ ഭയം ജനിപ്പിക്കാനും ആയിരുന്നു
എന്നും പറയുന്നു. അവരുടെ
വിശ്വാസപ്രമാണത്ത്ന്‍ ഉലച്ചിലുണ്ടാക്കി
മതപരിവര്‍ത്തനം നടത്താനായി
ഭൂഗര്‍ഭ ഗവേഷകര്‍ പറയുന്നത് മറ്റൊന്നാണ്. ഏതാണ്ട് ഒരു മൈലില്‍
അധികം പൊക്കം ഉള്ള ഒരു ഹിമനദിയില്‍ കുടുങ്ങിക്കിടന്ന വെള്ളം
14000 വര്‍ഷങ്ങള്‍ക്ക് മുമ്പ്
പെട്ടെന്ന് പാറക്കൂട്ടത്തിലേക്ക് ഇടിഞ്ഞു
വീണ് ഭിത്തികള്‍ക്ക് അധികം കേടുകൂടാതെ 70
അടിയോളം താഴ്ചയുള്ള ഈ മലയിടുക്കുണ്ടായി എന്നാണ്.
ഏതായാലും കരിങ്കല്ലിന്‍റെ ഭിത്തികളില്‍ മൂര്‍ച്ചയേറിയ കഷണങ്ങളും നടന്നു മുകളിലേക്ക് കയറുന്ന ഭാഗത്ത്
കല്ലുകള്‍ക്കിടയില്‍ ഉള്ള ഇടൂങ്ങിയ
വിടവുകളും ആണുള്ളത്. പാറക്കിടയില്‍
ഉള്ള ഇടുങ്ങിയ ഒരടി പോലും
വീതിയില്ലാത്ത വിടവുകളില്‍ കൂടി
നല്ലതുപോലെ ശ്റദ്ധിച്ചു നടന്നില്ലെങ്കില്‍ അപകടം ഉറപ്പാണ്. അപകടങ്ങള്‍ തുലോം കുറവാണെങ്കിലും മലയിടുക്കില്‍ കൂടെയുള്ള കയറ്റം ശ്രമകരവും മലയിടുക്കിന്‍റെ ഒറ്റ നോട്ടത്തില്‍ തോന്നുന്ന ഭീകരതയും
ഭയം ജനിപ്പിച്ചെക്കാം.
ഇതിന്‍റെ ഉത്ഭവം എങ്ങനെയാണെങ്കിലും ഈ മലയിടുക്ക് ഭൂഗര്‍ഭഗവേഷകര്‍ക്ക് ഇന്നും
അത്യപൂര്‍വമായ അസാധാരണമായ ഒരത്ഭുതമാണ്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു
കൊണ്ട് നോവലുകള്‍, കവിതകള്‍ , പാട്ടുകള്‍ എന്നിവ
എഴുതപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ നന്നു മാത്രമല്ല വിദൂരസ്ഥലങ്ങളില്‍
നിന്നു പോലും ആള്‍ക്കാര്‍ കുടുംബ സമേതം ഇത് കാണാണെത്തുന്നു. വനപാതയില്‍ കൂടി നടക്കാനും മലയിടുക്കു കയറാനും
അവര്‍ ഉത്സാഹപൂര്‍വം ശ്രമിക്കുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് കളിക്കാന്‍ കളിയുപകരണങ്ങളും മൈതാനവും പിക്ക്നിക്കിനു പോലെ കൂട്ടം കൂടാനും ഉള്ള
സൌകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. വൃത്തിയായി സൂക്ഷിക്കുന്ന ശുചിമുറികളും
വിവരങ്ങള്‍ അറിയിക്കാന്‍ അതിഥി
കേന്ദ്രവും ഭക്ഷണ ശാലയും എല്ലാം
ഒരുക്കിയിട്ടുണ്ട്.
ഞങ്ങള്‍, ഞാനും മകനും മകളും മരുമകളും മൂന്നു
വില്ലന്‍മാരായ കൊച്ചുമക്കളുമായാണ് ഉച്ചക്കു ശേഷം 230 നോടടുത്ത് അവിടെ എത്തിയത്. അവിടെ വണ്ടി പാര്‍ക്ക് ചെയ്ത്
5 ഡോളര്‍ പാര്‍ക്കിങ്ങ് നല്‍കി അകത്തു കയറിയപ്പോല്‍ വനപാതയുടെയും മലയിടുക്കിന്‍റെയും മാപ്പ് കിട്ടി. നീല
നിറത്തിലും മഞ്ഞ നിറത്തിലും അടയാളപ്പെടുത്തിയ രണ്ട് കാനനപാതകള്‍ ആണ്
ഉണ്ടായിരുന്നത്. ഞങ്ങള്‍ മഞ്ഞ വഴിയിലൂടെ
നടന്നു നീങ്ങി. ആദ്യമാദ്യം
നിരപ്പായ കാനന പാത ശബരിമലയിലേക്ക് കയറുന്ന ചില ഭാഗങ്ങളില്‍
ഇന്നും കാണുന്നതു പോലെ മരത്തിന്‍റെ വേരുകള്‍ തടസ്സപ്പെടുത്തുന്നതായിരുന്നു.
കുട്ടികള്‍ അനായാസം നടന്നു പോയി, ഞങ്ങളും ശബരിമലക്കു പോയവര്‍ ആ പരിചയം ഓര്‍മ്മിച്ചും നടന്നു നീങ്ങി. പക്ഷേ നടപ്പാതയുടെ
അവസാന ഭാഗത്ത് എത്തിയപ്പൊഴാണ് പാറയിടുക്ക് കണ്ണില്‍ പെട്ടത്. കുത്തനെയുള്ള പാറക്കൂട്ടം ഒറ്റനോട്ടത്തില്‍ അപകടം
ക്ഷണിച്ചു വരുത്തുന്നതായിരുന്നു. കുട്ടികളും സ്ത്രീകളും ഒരു വിധം
തപ്പിപിടിച്ച് മുകളില്‍
എത്തി. അവസാനം ഞാനും മകനും
മാത്രമായി. മനസ്സില്‍ അല്‍പ്പം ശങ്കയുണ്ടായി എന്ന് മകനു മനസ്സിലായപ്പൊള്‍ “അച്ഛാ നമുക്ക്
വേറെ വഴിയെ പൊകാം”
എന്നായി അയാള്‍. എങ്കിലും ഞാന്‍
വിട്ടുകൊടുക്കാതെ കല്ലിന്‍റെ വിടവുകളിലും
മറ്റും അള്ളിപ്പിടിച്ച് മുന്നോട്ട്
നീങ്ങി. അച്ഛന്‍റെ പുറകെ മകനും. കുത്തനെ ഉള്ള കയറ്റം
ആയതുകൊണ്ട് ഒന്നു രണ്ട് സ്ഥലത്ത് ശ്വാസം
കിട്ടാന്‍ വിഷമിച്ച് കയ്യില്‍ ഉണ്ടായിരുന്ന വെള്ളവും കുടിച്ച് ഒരു വിധം
മലകയറ്റം പൂര്‍ത്തിയാക്കി മുകളിലെത്തി.
ഏഡ്മണ്ട് ഹിലാരി എവറെസ്റ്റ് കൊടുമുടി കീഴടക്കിയ അഭിമാനത്തൊടെ മുകളില്‍
എത്തിയപ്പൊള്‍ ഞങ്ങളെ അഭിനന്ദിക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല എന്നു മാത്രം.
ചിത്രങ്ങള്‍ ചിലത് താഴെ കൊടുക്കുന്ന വെബ്സൈറ്റുകളില്‍ നിന്നെടുത്തത്
അവലംബം
https://newengland.com/travel/massachusetts/the-legend-of-purgatory-chasm/
https://www.atlasobscura.com/adventures/?utm_content=housead











Comments
Post a Comment