15. മാപ്പേറിയം ; ഭൂമീ ദര്‍ശനം ഭൂമിയുടെ കേന്ദ്രത്തില്‍ നിന്നും

 

 നമ്മളില്‍ പലരും   മത്സ്യങ്ങളെ  സൂക്ഷിച്ച് ഭംഗിയായി  പ്രദര്‍ശിപ്പിക്കുന്ന  അക്വേറിയത്തില്‍   പോയിട്ടുണ്ട്. പണ്ട് സിംഗപ്പൂറിലെ   അന്തര്‍ ജല അക്വേറിയവും അടുത്ത് ബോസ്റ്റണിലെ  തന്നെ  ചെറിയ  ഒരു അക്വേറിയവും കണ്ടിട്ടുണ്ട്.  എന്നാല്‍ കഴിഞ്ഞ  ദിവസം   മകള്‍   പറഞ്ഞു  അച്ഛാ  നമുക്കിന്ന് ബോസ്റ്റണ്‍ നഗരത്തിലെ ഒരു മാപ്പേറിയത്തില്‍   പോകാമെന്ന്. ഇതെന്താ   ജീവനുള്ള   മത്സ്യങ്ങളെ  പ്രദര്‍ശിപ്പിക്കുന്നതു പോലെ  മാപ്പുകളെ   പ്രദര്‍ശിപ്പിക്കുന്ന സ്ഥലമോ , ഏതായാലും വെറുതെ  ഇരിക്കുകയല്ലേ ഞായറാഴ്ച ഉച്ച  കഴിഞ്ഞ്  മകളുടെ  കൂടെ അങ്ങോട്ട് പുറപ്പെട്ടു.

അവിടെ  ചെന്നപ്പോഴാണ്  മനസ്സിലായത്   ഇത്  ബോസ്റ്റണില്‍ 1930 കളില്‍ തുടങ്ങിയ  കൃസ്ത്യന്‍   സയന്സ്   എന്ന  പ്രസ്ഥാനത്തിന്‍റെ പ്രസിദ്ധീകരണ   വിഭാഗത്തിനു വേണ്ടി ബോസ്റ്റണ്‍ കേന്ദ്രത്തില്‍ നിര്‍മ്മിച്ച   ഒരു  പ്രത്യേകതരം  ഗ്ലോബ് ആണെന്ന്. അന്നത്തെ  കാലത്തു നിലവില്‍ ഉണ്ടായിരുന്ന   മറ്റു   വര്‍ത്തമാന പത്രങ്ങളുമായി മത്സരിച്ച്    കൃസ്തുമതത്തിന്‍റെ   പുതിയ  ഒരു പ്രസ്ഥാനമായി   മാറിയ  കൃസ്ത്യന്‍ സയന്സ്  പ്രസ്ഥാനത്തെപ്പറ്റി   ജനങ്ങളെ  ബോധവാന്മാരാക്കാന്‍  ഉണ്ടാക്കിയ വായനശാലയുടെയും വര്‍ത്തമാന  പത്രത്തിന്‍റെയും  ആസ്ഥാനമായിരുന്നു ഇത്.

1930 കളുടെ  ആദ്യകാലത്ത് ചെസ്റ്റര്‍ ലിന്ഡ്സേ ചര്‍ച്ചില്‍  എന്ന ശില്‍പ്പിയോട് ഈ   പ്രസിദ്ധീകരണശാല  രൂപകല്‍പ്പന ചെയ്യാന്‍  ആവശ്യപ്പെട്ടു. ന്യൂ യോര്‍ക്ക് ദിനപ്പത്രം അതിന്‍റെ ആസ്ഥാനത്ത്  ഒരു വലിയ കറങ്ങുന്ന  ഗ്ലോബ് നിര്‍മ്മിച്ചിരുന്നു. അതില്‍ നിന്നു   പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാവാം ഇവിടെയും   ഇങ്ങനെ  ഒരു ഗ്ലൊബ് ഉണ്ടാക്കിയത്കൃസ്ത്യന്‍  സയന്സ് മോണിട്ടര്‍   എന്ന   പത്രത്തിനു വേണ്ടി ആയിരുന്നു ഇത്.  

മാപ്പേറീയം ഗ്ലോബ് എന്നത് ഒരു  കെട്ടിടത്തിന്‍റെ മൂന്നു നിലകളിലായി   നിര്‍മ്മിച്ചിട്ടുള്ള ഭീമാകാരമായ ഒരു ഗ്ലോബ് ആകുന്നു.  .   ഈ ഗ്ലോബിന്‍റെ   നടുക്കു സ്ഫടികത്തില്‍   നിര്‍മ്മിച്ച  ഒരു   നടപ്പാത  ഈ ഗ്ലോബിനെ  രണ്ടാക്കി തിരിക്കുന്നു. കാണികള്‍     നടപ്പാതയില്‍   നിന്നുകൊണ്ടാണ്  ഗ്ലോബ് വീക്ഷിക്കുന്നത്.  ആയിരക്കണക്കിന് വിവിധ  വറ്ണങ്ങളില്‍ ഉള്ള   എല്‍ ഈ ഡി  വിളക്കുകള്‍ ഉപയോഗിച്ചു    ഭൂമിയുടെ  ഭീമാകാരമായ ഗ്ലോബില്‍   വെളിച്ചം  വീഴുമ്പോള്‍ നമുക്ക് ഭൂമിയിലെ   എല്ലാ  ഭൂഖണ്ഡങ്ങളും   രാജ്യങ്ങളും ദൃശ്യമാകുന്നു. നിങ്ങള്‍ ലോകത്തെ   എങ്ങനെ കാണുന്നു  എന്ന പ്രദര്‍ശനത്തിന്‍റെ   ഭാഗമാണിത്. 

നാം വസിക്കുന്ന  ഭൂമിയുടെ ദൃശ്യം   ഒരു പ്രത്യേക രീതിയില്‍   കാണാന്‍  ഇവിടെ   കാണികള്‍ക്ക് കഴിയുന്നു. ഭൂമിയുടെ ഉപരിതലത്തെ യഥാതഥമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു, 1935  ല്‍ അത് എങ്ങനെ   നിലനിന്നിരുന്നു എന്ന രീതിയില്‍. ഗോളാകൃതിയില്‍  ഉള്ള   ഭൂമിയിലെ  വിവിധ  ഭാഗങ്ങള്‍ കണ്ണില്‍ നിന്നും ഉള്ള ദൂരം  അനുസരിച്ച്   വ്യക്തമായി   കാണത്തക്ക വിധം  ആണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കാണികള്‍   ഈ ഗോളത്തിന്‍റെ   കേന്ദ്ര ബിന്ദുവില്‍   നിന്നു കൊണ്ട് പുറത്തേക്ക് നോക്കുന്നതു കൊണ്ട്   ഭൂമിയുടെ   ഉപരിതലത്തിലേക്കുള്ള  ദൂരം   എല്ലായിടത്തേക്കും ഒന്നായിരിക്കുമല്ലൊ.

ഇങ്ങനെ  ഭൂമിയെ ആദ്യമായി കാണുന്നത് രസകരം തന്നെ. ആഫ്രിക്ക  ഭീമാകാരം തന്നെ. ഉത്തര  അമേരിക്ക യൂറോപ്പ്  ഏഷ്യ എന്നിവയെല്ലാം ഉത്തര ധ്രുവത്തിനു   താഴെ  വിന്യസിക്കപ്പെട്ടിരിക്കുന്നു. ഇവയെ എല്ലാം കാണാന്‍   നേരേ മുകളിലേക്ക്  തന്നെ നോക്കണം. ഭൂഖണ്ഡങ്ങളുടെ വലിപ്പവും എന്തിന് ആകൃതിപോലും  നമുക്ക്  അറിയാവുന്നതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായി  തോന്നാം.  ഭൂഖണ്ഡങ്ങളുടെ  വലിപ്പവും   ആകൃതിയും  ഇന്നും വ്യത്യാസം ഇല്ല എങ്കിലും  ഓരോ ഭൂഖണ്ഡങ്ങളിലും ഉള്ള  രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ക്ക് പിന്നീട് പല വ്യതിയാനവും വന്നിട്ടുണ്ടാവാം. കാരണം     ഗ്ലോബ് ഉണ്ടാക്കിയ  1935 നു ശേഷം ഉണ്ടായ   മാറ്റങ്ങള്‍ ഇതില്‍  ചേറ്ത്തിട്ടില്ല.  സയാമും ഫ്രെഞ്ചധീനത്തില്‍ ഉണ്ടായിരുന്ന ഇന്ഡോ ചൈനായും കാണാന്‍ കഴിയും എങ്കിലും   ഇസ്രയേലും ഇന്ഡോനേഷ്യയും  കാണാന്‍ കഴിയില്ല.സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഏറ്റവും വലുതായി   കാണാം , ഇന്നു നിലനില്‍ക്കുന്നില്ല  എങ്കിലും. അതുപോലെ ആഫ്രിക്കയിലെ   നല്ലൊരു ഭാഗം യൂറോപ്യന്‍  കോളണികള്‍  ആയാണ്   കാണിച്ചിരിക്കുന്നത്.

  പ്രദര്‍ശന  വസ്തുവിന്‍റെ ഏറ്റവും വലിയ  പ്രത്യേകത  അതിന്‍റെ  ശബ്ദ സംവിധാനമാണ്. കാണികളായ  നമ്മള്‍ ഗ്ലോബിന്‍റെ  കേന്ദ്രത്തില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ ശബ്ദം 360 ഡിഗ്രി ചുറ്റും ആയി കേള്‍ക്കാം. വൃത്താകൃതിയിലുള്ള  സ്ഫടികഭിത്തികള്‍ ശബ്ദം  ആഗിരണം ചെയ്യാതെ പ്രതിഫലിപ്പിച്ചു വിടുന്നു. നടപ്പാതയായിട്ടുള്ള പാലത്തിന്‍റെ   ഒരറ്റത്തു നില്‍ക്കുന്നയാള്‍ മന്ത്രിക്കുന്നതു പോലും  മറ്റേ അറ്റത്തുനില്‍ക്കുന്നയാള്‍ക്ക്  വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നു. ഇതിനു  മന്ത്രിക്കുന്ന ഗാലറി എന്നു പറയുന്നു.

ഇവിടെ പ്രധാനമായി കാണാനുള്ളത് താഴെപ്പറയുന്നവയാണ്.

1.      മന്ത്രിക്കുന്ന  ഗാലറി

2.    ഗ്ലൊബുകള്‍

3.    മാപ്പുകള്‍  അളവുകള്‍

4.    ചെറിയ ലോകവും   ഗ്രാമങ്ങളും

5.    ശാസ്ത്രീയ  ഉപകരണങ്ങള്‍

6.    ശില്‍പ്പ ചാതുര്യം   കാണിക്കുന്ന  മറ്റു വസ്തുക്കള്‍  

അവലംബം

1.      https://www.atlasobscura.com/places/mapparium-globe-boston

2.   https://www.christianscience.com/find-us/visit-the-mother-church/visit-the-christian-science-plaza/how-do-you-see-the-world-experience











Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം