13. ബെഞ്ചമിന്‍ ഫ്റാങ്ക്ലിന്‍ എന്ന അസാധാരണ പ്രതിഭാശാലി

അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജുലായ് 4 നോടനുബന്ധിച്ച് ഒരു വാരാന്ത്യം കൂടി കിട്ടിയപ്പൊള്‍ ആഴ്ചയില്‍ അഞ്ചു ദിവസവും തിരക്കിട്ട പണിയായിരുന്ന മകളും കുഞ്ഞുങ്ങളും ഒരു വാരാന്ത്യ പുറംവാതില്‍ കാഴ്ചക്ക് തയ്യാറായി. ഒരു ദിവസം ബോസ്റ്റന്‍ തുറമുഖവും വെടിക്കെട്ടും എല്ലാം ആയി. അടുത്ത ദിവസം ബെഞ്ചമിന്‍ ഫ്ലാങ്ക്ലീന്‍ എന്ന ബഹുമുഖ പ്രതിഭയുടെ പേരില്‍ മസാചുസെറ്റ്സ് സംസ്ഥാനതില്‍ ഉള്ള ഫ്റാങ്ക്ലിന്‍ ടൌണില്‍ പോകാം എന്നായി മക്കള്‍. ബെഞ്ചമിന്‍ ഫ്രാങ്ക്ലീന്‍ വൈദ്യുതിയുടെ ചില അടിസ്ഥാന തത്വങ്ങള്‍ കണ്ടു പിടിച്ചയാള്‍ ആണ് എന്നതും ഞാന്‍ ഒരു വൈദ്യുത എഞ്ചിനീയറിങ്ങ് അദ്ധ്യാപകന്‍ ആയിരുന്ന എനിക്കും സ്വീകാര്യം ആയി തോന്നി. ബെഞ്ചമിന്‍ ഫ്റാങ്ക്ലീന്‍ എന്ന പ്രതിഭാശാലിയെ കുറിച്ച് അല്‍പ്പം ആധികാരികമായ വിവരങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ ചിലത് എന്‍റെ മുഖപുസ്തക സുഹ്റുത്തുക്കളുമായി പങ്കുവെക്കുന്നു. 84 വയസ്സുവരെ ജീവിച്ചിരുന്ന ഇദ്ദെഹം അമേരിക്കയിലെ ഏറ്റവും വലിയ ശാസ്ത്രകാരന്‍, കണ്ടുപിടുത്തക്കാരന്‍, നയന്തന്ത്രജ്ഞന്‍, എഴുത്തുകാരന്‍, ബിസിനെസ്സ് തന്ത്രജ്ഞന്‍, എന്നതിനെല്ലാമുപരി എറ്റവും പ്രായോഗികമതിയായ രാഷ്ട്രീയ ചിന്തകനും ആയിരുന്നു. ആകാശത്തില്‍ പട്ടം പറപ്പിച്ച് മിന്നല്‍ എന്ന പ്രതിഭാസം വൈദ്യുതിയുടെ ഒരു പ്രവാഹം ആണെന്നും അതിനെ എങ്ങനെ മെരുക്കാം എന്നും കണ്ടെത്തി. ഇരട്ട ലെന്‍സുള്ള കണ്ണട ആദ്യമായി നിര്‍മ്മിച്ചു, പുകയില്ലാത്ത അടുപ്പ്, ഗല്‍ഫ് ഒഴുക്കിന്‍റെ പാതയുടെ മാപ്പ്, സാധാരണ ജലദോഷം എങ്ങനെ പകരുന്നു എന്നതിന്‍റെ തത്വം എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ സംഭാവനകളായിരുന്നു. പൊതുജനങ്ങളുടെ ആവശ്യത്തിനായി ആദ്യമായി പുസ്തകം വാടകക്കു കൊടുക്കുന്ന ലൈബ്രറി, കോളേജ്, തീപിടുത്തം ഉണ്ടായാല്‍ സഹായിക്കാന്‍ ഒരു സന്നദ്ധ സംഘടന , തീപിടുത്തതില്‍ നിന്നുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ഇന്ഷുറന്സ് എന്നിവയെല്ലാം ആദ്യമായി ഉണ്ടാക്കിയത് അദ്ദേഹം ആയിരുന്നു. അമേരിക്കന്‍ ജനതയുടെ തനതായ നര്‍മ്മബോധത്തിനും തത്വ ചിന്തയില്‍ അധിഷ്ടിതമായ പ്രായോഗിക ചിന്തയും വിദേശനയത്തില്‍ ആദര്‍ശവും രാഷ്ട്റങ്ങളുടെ ശക്തി ദൌര്‍ബല്യങ്ങളില്‍ അധിഷ്ടിതമായ സമീപനവും ബെഞ്ചമിന്‍റെ സംഭാവനകള്‍ ആയിരുന്നു. അമേരിക്കയിലെ വിവിധ സ്വതന്ത്ര കോളണികള്‍ ഒന്നിച്ചു കൊണ്ടുപോകാനും ഒരു ഫെഡെറല്‍ സംവിധാനത്തിന്‍റെ കീഴില്‍ ആക്കുന്നതിലും വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചു. ഇതു അമേരിക്കന്‍ ഐക്യ നാടുകള്‍ എന്ന ഇന്നത്തെ രാഷ്ട്രത്തിലേക്ക് നയിച്ചു. ജീവചരിത്രം രണ്ട് ഭാര്യമാരിലായി 17 മക്കള്‍ ഉണ്ടായിരുന്ന ജൊസയ്യ ഫ്രാങ്ക്ലിന്‍റെ രണ്ടാം ഭാര്യയില്‍ പത്താമത്തെ കുട്ടിയായി ബോസ്റ്റണില്‍ ജനിക്കുക , നിര്‍ദ്ധനരായ മാതാപിതാക്കള്‍ക്ക് ഒന്നാം ക്ലാസ് കഴിഞ്ഞ് മുന്നോട്ട് പഠിപ്പിക്കാന്‍ നിവൃത്തി ഇല്ലാതെ ഏതെങ്കിലും പണിക്കു പോകുക ഇതൊക്കെ ആയിരുന്നു ബെഞ്ചമിന്‍റെ ബാല്യകാലം. അച്ചന്‍റെ ആഗ്രഹം അയാളെ ഒരു വികാരിയാക്കാന്‍ ആയിരുന്നുവത്രെ . പക്ഷെ വികാരിയാകാന്‍ കുറെയധികം കാലം പഠിക്കണം എന്നു മനസ്സിലായപ്പൊള്‍ അയാള്‍ മകനെ പ്രിന്‍ററായി ജോലി ചെയ്തിരുന്ന അവന്‍റെ ഒരു ജ്യേഷ്ടസഹോദരന്‍റെ കൂടെ സഹായിയായി ജോലിക്കു വിട്ടു. പന്ത്രണ്ടാം വയസ്സില്‍ അച്ചുകൂടത്തില്‍ അക്ഷരങ്ങള്‍ നിരത്തിയും പുസ്തകങ്ങള്‍ കൊണ്ടു നടന്നു വില്‍ക്കുകയും ആയിരുന്നു അയാളുടെ ജോലി. എന്നാല്‍ ജോലി കഴിഞ്ഞു കിട്ടുന്ന സമയം മുഴുവന്‍ പുസ്തകങ്ങള്‍ വായിച്ച ബെഞ്ചമിന്‍ വായിക്കുന്നതിനൊപ്പം എഴുതാനും തുടങ്ങി. ബെഞ്ചമിനു 15 വയസ്സായപ്പോള്‍ അയാളുടെ ജ്യെഷ്ടന്‍ തുടങ്ങിയ ന്യൂ ഇങ്ലണ്ട് കൂറന്‍റ് എന്ന പത്രത്തില്‍ അനുജനു എഴുതണം എന്നുണ്ടായിരുന്നു. എന്നാല്‍ കേവലം ഒരു സഹായി ആയി മാത്രം പണി എടുത്തിരുന്ന അയാള്‍ക്ക് അതിനു അനുവാദമില്ലായിരുന്നു. ബെഞ്ചമിന്‍ തന്‍റെ കുറിപ്പുകള്‍ : നീശ്ശബ്ദനായ നന്മയുള്ളവന്‍” (Silence Dogooder) എന്ന തൂലികാനാമത്തില്‍ എഴുതി രാത്രിയില്‍ മറ്റു എഴുത്തുകാരുടെ രചനയോടൊപ്പം കൂട്ടി വെച്ചു. ഈ കുറിപ്പുകളില്‍ കുറെയൊക്കെ ഉപദേശവും പൊതുവിമര്‍ശനവും ഒക്കെ ആയിരുന്നു പ്രതിപാദ്യം, പ്രത്യേകിച്ചും ചുറ്റുപാടും ഉള്ള സമൂഹത്തില്‍ സ്ത്രീകളെ വിവേചനപരമായി എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് വിമര്‍ശിച്ചിരുന്നു. തികഞ്ഞ നര്‍മ്മബോധം നിറഞ്ഞ ബെഞ്ചമിന്‍റെ കുറിപ്പുകള്‍ക്ക് വായനക്കാര്‍ കൂടി വന്നു. തൂലികാ നാമത്തില്‍ ഒളിച്ചിരിക്കുന്ന വ്യക്തി ആരെന്ന് പലരും അന്വേഷിച്ചുവന്നു. ഏതായാലും ഈ കുറിപ്പുകള്‍ 14 എണ്ണം ആയപ്പോള്‍ താനാണ് ഇത് എഴുതുന്നത് എന്ന് ജ്യേഷ്ടനോട് പറഞ്ഞു. എന്നാല്‍ അനുജന്‍റെ എഴുത്തിനോടുള്ള മറ്റുള്ളവരുടെ അനുകൂല പ്രതികരണം അയാളെ അസൂയാകുലനാക്കി. ജ്യേഷ്ടന്‍ അയാളെ ശകാരിക്കുകയാണുണ്ടായത്. അധികം താമസിയാതെ ബെഞ്ചമിന്‍ അവിടത്തെ പള്ളിവികാരികളുമായി പിണങ്ങി. മാതെര്‍സ് എന്നറിയപ്പെട്ട ഓര്‍ത്തഡോക്സ് സഭയിലെ ആള്‍ക്കാര്‍ അന്ന് മാരകമായിരുന്ന മസൂരിക്ക് കുത്തിവെക്കാന്‍ അനുവാദം കൊടുത്തു. എന്നാല്‍ ബെഞ്ചമിന്‍ കുത്തിവെപ്പുകൊണ്ട് വലിയ പ്രയോജനമില്ല എന്ന അഭിപ്രായക്കാരന്‍ ആയിരുന്നു. നാട്ടുകാരില്‍ ഭൂരിപക്ഷവും ഇതേ അഭിപ്രായക്കാര്‍ ആയിരുന്നു. ഇതിനു അനുകൂലമായി ബെഞ്ചമിന്‍റെ ജ്യേഷ്ടന്‍റെ ചില പരസ്യ പ്രസ്താവനകള്‍ വികാരികളെ കളിയാക്കി ആയിരുന്നു എന്നു പറഞ്ഞ് അയാളെ ജയിലില്‍ അടച്ചു. ബെഞ്ചമിന്‍ തനിയെ പ്രെസ്സ് നടത്തി പത്രത്തിന്‍റെ കുറെ ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ജെയിലില്‍ നിന്നു പുറത്തുവന്ന ജ്യേഷ്ടന്‍ അനുജനു നന്ദി പറയുന്നതിനു പകരം അയാളെ ശകാരിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ആണ് ചെയ്തത്. ഇത് അസഹനീയം ആയപ്പോള്‍ 1723 ല്‍ ബെന്‍ പ്രെസ്സില്‍ നിന്ന് ഒളിച്ചോടിപ്പോയി. ആന്നത്തെ കാലത്ത് ഒളിച്ചോടല്‍ കുറ്റകരമായിരുന്നു. സമൂഹത്തില്‍ ഒരോ വ്യക്തിക്കും ഒരു സ്ഥാനം ഉണ്ടാവണമായിരുന്നു. അതൊന്നും വക വെക്കാതെ ബെഞ്ചമിന്‍ ഒരു ബോട്ടില്‍ ന്യൂയോര്‍ക്കില്‍ എത്തി അവിടെ പ്രിന്‍ററായി ജോലി അന്വേഷിച്ചു നടന്നു. ജോലിയൊന്നും കിട്ടാതെ അയാള്‍ ന്യൂജര്‍സിയിലും കറങ്ങി നടന്നു. അവിടെ നിന്ന് ഒരു വിധം പെന്സില്‍വാനിയായില്‍ ഒരു ബോട്ടില്‍ എത്തി. കയ്യില്‍ ഉണ്ടായിരുന്ന അവസാനത്തെ ഏതാനും നാണയങ്ങള്‍ കൊടുത്ത് ഏതാനും റൊട്ടിക്കഷണങ്ങള്‍ വാങ്ങി കഴിച്ചു കൊണ്ട് നിരത്തില്‍ അലഞ്ഞു നടന്നു. അങ്ങനെ അലഞ്ഞു നടക്കുമ്പോള്‍ ഡൊറോത്തി റീഡ് എന്ന ഒരു പെണ്‍കുട്ടി അയാളുടെ പരിതാപകരമായ അവസ്ഥ കണ്ട് അയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പൊയി. ഭാവിയില്‍ അവര്‍ അയാളുടെ ഭാര്യ ആകുമെന്ന യാതൊരു ധാരണയുമില്ലാതെ. അധികം താമസിയാതെ അയാള്‍ക്ക് ഒരു അച്ചടിശാലയില്‍ സഹായി ആയി ജോലി കിട്ടി. അയാളുടെ ജോലിയില്‍ ള്ള ശുഷ്കാന്തി ശ്രദ്ധിച്ച പെന്സില്‍വാനിയ ഗവര്‍ണര്‍ ലണ്ടനില്‍ പോയി പരിശീലനം നടത്തി വന്നാല്‍ സ്വന്തമായി ഒരു തൊഴില്‍ ഉണ്ടാക്കാന്‍ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്തു. അതനുസരിച്ച് അച്ചടി ഉപകരണങ്ങളും മറ്റും വാങ്ങാന്‍ ബെഞ്ചമിന്‍ ലണ്ടനിലേക്ക് തിരിച്ചു. അയാള്‍ ലണ്ടനില്‍ എത്തിയെങ്കിലും ഗവര്‍ണര്‍ വാഗ്ദാനം പാലിച്ചില്ല. ചുരുക്കത്തില്‍ ലണ്ടനില്‍ അച്ചടിജോലി ചെയ്ത് കുറെ മാസങ്ങള്‍ ജീവിക്കേണ്ടി വന്നു. ലണ്ടനിലേക്ക് പോകുന്നതിനു മുമ്പ് ബെഞ്ചമിന്‍ തനിക്ക് അഭയം തന്ന റീഡ് കുടുംബത്തിന്‍റെ കൂടെ ആയിരുന്നു താമസം. ഡൊറോത്തി എന്ന ആ പെണ്‍കുട്ടി വിവാഹം കഴിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചു എങ്കിലും ബെഞ്ചമിന്‍ അതിനു തയാറായിരുന്നില്ല. അയാള്‍ ലണ്ടനില്‍ ആയിരുന്നപ്പോള്‍ ഡൊറോത്തി മറ്റൊരാളെ വിവാഹം കഴിച്ചു. ലണ്ടനില്‍ നിന്നു തിരിച്ചു വന്ന ശേഷം ബെഞ്ചമിന്‍ ഒരു കട തുടങ്ങി എങ്കിലും വീണ്ടും അച്ചടി ജോലിയിലേക്ക് മടങ്ങി. അയാള്‍ ജോലി ചെയ്തിരുന്ന മുതലാളിയെക്കാള്‍ അച്ചടി ജോലി ചെയ്യാന്‍ അറിയാമായിരുന്ന ബെഞ്ചമിന്‍ കുറെ പണം കടം വാങ്ങി സ്വന്തമായി ഒരു പ്രിന്‍റിങ് പ്രെസ്സ് തുടങ്ങി. വളരെയധികം അധ്വാനി ആയിരുന്ന ഫ്റാങ്ക്ലീനെ ആള്‍ക്കാര്‍ ശ്രദ്ധിച്ചു തുടങ്ങി. സ്വകാര്യ സര്‍ക്കാര്‍ ജോലികളും ധാരാളം ഏറ്റെടുത്തു അയാളുടെ ബിസിനെസ്സ് നന്നായി വളര്‍ന്നു . 1728ല്‍ ബെഞ്ചമിന് വില്യം എന്നു പേരായ ഒരു മകന്‍ ഉണ്ടായി. ആ കുട്ടിയുടെ അമ്മ ആരെന്ന് അറിയപ്പെട്ടില്ല. 1730 ല്‍ ബെഞ്ചമിന്‍ അയാളുടെ ബാല്യകാല സുഹൃത്തായിരുന്ന ഡോറോത്തിയെ വിവാഹം കഴിച്ചു. അവളുടെ ഭര്‍ത്താവ് ഒളിച്ചു പോയതുകൊണ്ട് അവര്‍ സ്വതന്ത്രയായിരുന്നു. അച്ചടി ശാല നടത്തിക്കൊണ്ടിരുന്നപ്പോള്‍ തന്നെ ഫ്രാങ്ക്ലിന്‍ ഒരു കടയും നടത്തിയിരുന്നു. സോപ്പു മുതല്‍ തുണികള്‍ വരെ അവിടെ ഭാര്യയും ഭര്‍ത്താവും കൂടി വില്‍പ്പന നടത്തി വന്നു. ബെഞ്ചമിന്‍ ഒരു പുസ്തകക്കടയും നടത്തിയിരുന്നു. രണ്ടു പേരും കഠിനാദ്ധ്വാനികള്‍ ആയിരുന്നു ഈ സ്ഥാപനങ്ങള്‍ അവര്‍ നല്ല നിലയില്‍ തന്നെ നടത്തി 1729 ല്‍ ബെഞ്ചമിന്‍ സ്വന്തമായി ഒരു പത്രം വിലക്കു വാങ്ങി. പെന്സില്‍ വാനിയ ഗസറ്റ് എന്നറിയപ്പെട്ട ആ പത്രം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയതു കൂടാതെ അതില്‍ തന്‍റേതായ ലേഖനങ്ങളും അപരനാമത്തില്‍ പ്രസിദ്ധീകരിച്ചു. ഈ പത്രം അമേരിക്കന്‍ കോളണികളില്‍ പെട്ടെന്നു പ്രചാരത്തിലായി. ആദ്യമായി ഒരു രാഷ്ട്റീയ കാര്‍ട്ടൂണ്‍ ഈ പത്രത്തില്‍ ബെഞ്ചമിന്‍ തന്നെ വരച്ചു പ്രസിദ്ധീകരിച്ചു. 1720 മുതല്‍ 1730 വരെയുള്ള കാലഘട്ടത്തില്‍ ബെഞ്ചമിന്‍ ഫ്റാങ്ക്ളിന്‍ പൊതു പ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങി. സ്വയം ശുദ്ധീകരിക്കാനും പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കാനും യുവാക്കളുടെ ഒരു സന്നദ്ധ സംഘടനയുണ്ടാക്കി. സമൂഹ്യ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി . 1733ല്‍ ബെഞ്ചമിന്‍ “പാവപ്പെട്ട റിചാര്‍ഡിന്‍റെ പഞ്ചാംഗം” എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു തുടങ്ങി. സാധാരണ ഇത്തരം പുസ്തകങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം ആയിരുന്നു പുറത്തിറക്കിയിരുന്നത്. അതില്‍ കാലവസ്ഥാ റിപ്പൊര്‍ട്ടുകള്‍, പാചകക്കുറിപ്പുകള്‍, ഭാവി പ്രവചനങ്ങള്‍ മറ്റു വീട്ടുകാര്യങ്ങള്‍ ഇവ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഫ്റാങ്ക്ലിന്‍ ഈ പുസ്തകം റിചാര്‍ഡ് സാന്ഡെര്‍സ് എന്ന നിര്‍ദ്ധനനായ മനുഷ്യന്‍ എപ്പോഴും തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ഭാര്യയ്ക്ക് ചിലവിനു കൊടുക്കാന്‍ ഉണ്ടാക്കാന്‍ പണം ഉണ്ടാക്കാനുള്ള ഉപാധിയാക്കി പ്രസിദ്ധീകരിച്ചു. പക്ഷേ ഈ പഞ്ചാംഗത്തിന്‍റെ പ്രത്യേകത അതിലെ വ്യംഗ്യസൂചനകളും രസകരമായ എഴുത്തു രീതിയും ആയിരുന്നു. ഫ്രാങ്കില്‍ന്‍റെതായി അറിയപ്പെടുന്ന പല വാചകങ്ങളും ഇതില്‍ ഉള്ളതായിരുന്നു. ഉദാഹരണത്തിനു “ ഒരു പണം സൂക്ഷിച്ചാല്‍ ഒരു പണം സമ്പാദിച്ചതായി കരുതാം ("A penny saved is a penny earned" ) ഇതൊക്കെ അതില്‍ കൂടിയാണ് പുറത്തുവന്നത്. പൊതു പ്രവര്‍ത്തനങ്ങള്‍ ഫ്റാങ്ക്ലീന്‍ തന്‍റെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ 1730 - 1740 കാലങ്ങളിലും തുടര്‍ന്നു. ഫിലാഡെല്‍ഫിയായിലെ തെരുവുകള്‍ വൃത്തിയാക്കി കല്ലുകള്‍ വിരിച്ചു സൂക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. പരിസര ശുചീകരണത്തിന്‍റെ ആവശ്യകത ആള്‍ക്കാരെ പറഞ്ഞു ബോധവാന്മാരാക്കി. ഈ കാലത്തെ അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട സംഭാവന 1731 ല്‍ സ്ഥാപിച്ച ലൈബ്ററി കമ്പനി ആയിരുന്നു. പുസ്തകങ്ങള്‍ വളരെ കുറവായിരുന്ന അക്കാലത്ത് ഉള്ളവ ശേഖരിച്ച് വിതരണം ചെയ്യാന്‍ ഇത്തരം പുസ്തകം വായ്പ്പക്കു കൊടുക്കുന്ന ലൈബ്ററി സഹായിച്ചു. ഇങ്ലണ്ടില്‍ അച്ചടിച്ചു കൊണ്ടുവന്ന പുസ്തകങ്ങള്‍ എല്ലാവര്‍ക്കും വാങ്ങാന്‍ കഴിയുമായിരുന്നില്ല. 1743ല്‍ ആദ്യമായി അമേരിക്കന്‍ തത്വ ചിന്താ സംഘടന (American Philosophical Society), ക്കും തുടക്കം കുറിച്ചു. നഗരത്തില്‍ രോഗികളെ പരിചരിക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍ ഇല്ല എന്ന് മനസ്സിലാക്കി 1751 ല്‍ പെന്സില്‍ വാനിയാ ആശുപത്രി തുടങ്ങാന്‍ ഒരു സംഘം ആള്‍ക്കാരോടൊപ്പം മുന്നോട്ടു വന്നു. അന്ന് തുടങ്ങിയ ലൈബ്രറി കമ്പനി, തത്വ ചിന്താ സൊസൈറ്റി, ആശുപത്രി എന്നിവ ഇന്നും നിലനില്‍ക്കുന്നു. അക്കാലത്ത് പെന്സില്‍ വാനിയാനിയായില്‍ തീപിടുത്തം മൂലം അപകടങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. ഇതില്‍ നിന്ന് ആള്‍ക്കാര്‍ക്കും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ഫ്രാങ്ക്ലിന്‍ 1736ല്‍ നഗരത്തില്‍ ആദ്യമായി ഒരു അഗ്നിസംരക്ഷണ കമ്പനി ഉണ്ടാക്കി. ഫിലാഡെല്‍ഫിയാ യൂണിയന്‍ ഫയര്‍ കമ്പനി എന്നായിരുന്നു കമ്പനിയുടെ പേരു. അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ വാക്കുകളില്‍ “ ഒരൌണ്സ് മുങ്കരുതല്‍ ഒരു പൌണ്ട് സംരക്ഷണത്തേക്കാള്‍ വലുതല്ലെ? ("An ounce of prevention is worth a pound of cure," ). തീപിടുത്തത്തില്‍ കാര്യമായ നഷ്ടം ഉണ്ടാകുന്നു എന്നു കണ്ട് തീപിടുത്തത്തില്‍ നിന്നുള്ള നഷ്ടപരിഹാരം കൊടുക്കാന്‍ സംഭാവന വാങ്ങി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ഷുറന്സ് കമ്പനിയും ഉണ്ടാക്കാന്‍ സഹായിച്ചു. ഇന്ഷുറന്സ് പോളിസി എടുത്തവര്‍ക്ക് സമ്പാദ്യം എല്ലാം നഷ്ടപ്പെടുന്ന സാഹചര്യം അങ്ങനെ ഒഴിവായി. ഇപ്പോഴും ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രാങ്ക്ലീന്‍റെ അച്ചടിക്കമ്പനി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു 1730 നും 40 നും ഇടയില്‍. മറ്റു നഗരങ്ങളിലും ശാഖകള്‍ മറ്റുള്ളവരോട് കൂട്ടു കൂടി തുടങ്ങി. 1749 ല്‍ ബിസിനെസ്സ് നിര്‍ത്തലാക്കി ശാസ്ത്ര പരീക്ഷണങ്ങളിലും കണ്ടുപിടുത്തങ്ങളിലും വ്യാപൃതനായി. ഇത് അയാള്‍ക്ക് ഒരു പുതിയ കാര്യം ആയിരുന്നില്ല. 1743ല്‍ വര്‍ദ്ധിച്ച താപകാര്യക്ഷമതയുള്ള ഒരു താപന സ്റ്റവ്വ് ഉണ്ടാക്കിയിരുന്നു വീട് തണുപ്പുകാലത്ത് ചൂടാക്കാനും മറ്റും. ഇത് സമൂഹത്തിന്‍റെ ആവശ്യത്തിന് ആയതുകൊണ്ട് അതിനു ഒരു പേറ്റന്‍റിനു പോലും അദ്ദേഹം അപേക്ഷിച്ചില്ല. ഫ്റാങ്ക്ലിന്‍റെ മറ്റു കണ്ടൂപിടുത്തങ്ങള്‍ നീന്തല്‍ ചിറകുകള്‍, ഒരു സംഗീത ഉപകരണം ( ഗ്ലാസ് അറ്മോണിക്ക) , ഇരട്ട ലെന്‍സുള്ള കണ്ണട എന്നിവയായിരുന്നു. ഫ്റാങ്ക്ലിന്‍ 1750 ല്‍ വൈദ്യുതിയെ പറ്റിയുള്ള പഠനങ്ങള്‍ ആരംഭിച്ചു. അദ്ദേഹത്തിന്‍റെ പട്ടം പറപ്പിച്ചുള്ള പരീക്ഷണങ്ങളില്‍ നിന്നു മിന്നല്‍ ഭൊമിയിലേക്കുള്ള വൈദ്യുത പ്രവാഹം ആണെന്നുള്ള കണ്ടെത്തല്‍ അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. കെട്ടിടങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് അറ്റം കൂര്‍ത്ത ഒരു കമ്പി വെച്ച് അതു ചെമ്പുതകിടുകല്‍ വഴി ഭൂമിയിലേക്ക് ബന്ധിപ്പിച്ചാല്‍ മിന്നലില്‍ നിന്നുള്ള അപകടങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാം എന്ന് അദ്ദേഹം കാണിച്ചു. ഇന്നും മിന്നല്‍ ചാലകം (lightning arrestor) ഇതു പോലെ തന്നെയാണ് ഉപയോഗിക്കുന്നത്. ബ്രീറ്റണില്‍ ഈ മിന്നല്‍ ചാലകം കൊട്ടാരത്തില്‍ സ്ഥാപിക്കുന്നതിനെക്കുറിരിച്ച് രസകരമായ ഒരു കഥയുണ്ട്. അന്ന് രാജാവായിരുന്ന ജോര്‍ജ് ആറാമനു ബെഞ്ചമിന്‍ ഫ്രാങ്ക്ലീനെ ഇഷ്റ്റമായിരുന്നില്ല. അതുകൊണ്ട് കൊട്ടാരത്തില്‍ വെക്കുന്ന മിന്നല്‍ ചാലകത്തിന്‍റെ അഗ്രം കൂര്‍പ്പിച്ചു വെക്കുന്നതിനു പകരം പരത്തി വെക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഫ്രാങ്ക്ലീന്‍ പറഞ്ഞു പ്രകൃതി നിയമങ്ങള്‍ രാജാവ് പറയുന്നതു പോലെ ആവില്ല എന്ന്. : രാഷ്ട്രീയ പ്രവര്‍ത്തനം 1750 മുതല്‍ ഫ്രാങ്ക്ലിന്‍ രാഷ്ട്രീയയത്തില്‍ സജീവമാകാന്‍ തുടങ്ങി. 1757 ല്‍ പെന്സില്‍ വാനിയാ കോളണി ആരു ഭരിക്കണമെന്ന് വാദിക്കാനായി അദ്ദേഹം ഇങ്ലണ്ടിലേക്ക് പോയി. പെന്‍ കുടുംബമണോ കോളണിയെ പ്രതിനിധീകരിക്കേണ്ടത് എന്ന വാദം പൊളിക്കാനായി വാദിച്ചു. അദ്ദേഹം 1775 വരെ ഇങ്ലണ്ടീല്‍ തന്നെ പെന്സില്‍ വാനിയാ, ജോര്‍ജിയ , ന്യൂ ജര്‍സി, മസാചുസെറ്റ്സ് എന്നീ കോളണികളുടെയും പ്രതിനിധിയായി തുടര്‍ന്നു. ഇക്കാലത്ത് അദ്ദേഹം വിശ്വസ്തനായ ഇങ്ലീഷുകാരനായാണ് പ്രവര്‍ത്തിച്ചത്. അമേരിക്കയില്‍ ഇല്ലാത്ത പല സൌകര്യങ്ങളും ഇങ്ലണ്ടില്‍ ഉണ്ടായിരുന്നു. ധാരാളം ചിന്തകര്‍, തിയേറ്ററുകള്‍, നന്നായി സംസാരിക്കാന്‍ കഴിയുന്നവര്‍ ഒക്കെ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഭാര്യ ഡൊറോത്തിയെ ഇങ്ലണ്ടില്‍ വന്നു താമസിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. സ്ഥിരമായി ഇങ്ലണ്ടില്‍ താമസിക്കാന്‍ ആയിരുന്നു അദ്ദേഹത്തിനു താല്‍പര്യം . എന്നാല്‍ കപ്പലില്‍ യാത്ര ചെയ്യാന്‍ ഭയം ഉണ്ടായിരുന്ന ഭാര്യ അതിനുവിസമ്മതിച്ചു. 1765ല്‍ അമേരിക്കന്‍ കോളണി നിവാസികളില്‍ നിന്നു കൂടുതല്‍ നികുതി പിരിക്കാനുള്ള ഇങ്ലണ്ട് പാസാക്കിയ സ്റ്റാമ്പ് നിയമത്തിനോട് അമേരിക്കയില്‍ പരക്കെ ഉണ്ടായ എതൃപ്പ് അദ്ദേഹത്തിനു അഭ്ഭുതം ഉണ്ടാക്കി. ബ്രിട്ടീഷ് പാര്‍ലമണ്ടില്‍ ആ നിയമത്തിനെ എതിര്‍ത്തു സംസാരിച്ചതു കൊണ്ട് ആ നിയമം റദ്ദാക്കാന്‍ പാര്‍ലമെന്‍റ് അംഗങ്ങളെ പ്റേരിപ്പിച്ചു. അമേരിക്ക ഇങ്ലണ്ടില്‍ നിന്ന് സ്വതന്ത്രമാകണൊ എന്ന് തന്നെ അദ്ദേഹത്തിനു തോന്നിതുടങ്ങി. ഫ്രാങ്ക്ലിനു ഇങ്ലണ്ടീല്‍ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എങ്കിലും ചുറ്റുപാടും നടക്കുന്ന അഴിമതിയിലും രാജകീയ ആഡംബരങ്ങളിലും മനം മടുത്തു. 1754 ല്‍ അമേരിക്കന്‍ കോളണീകള്‍ ഒരുമിച്ചു നില്‍ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും ആ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഫ്രാങ്ക്ലീന്‍റെ പ്രവര്‍ത്തനത്തില്‍ നിറ്ണായകമായ വഴിത്തിരിവ് ആയിരുന്നു ഹച്ചിന്സണ്‍ സംഭവം. മസാചുസെറ്റ്സ് ഗവറ്ണറായിരുന്ന ഹച്ചിന്സണ്‍ നാട്ടുകാരുടെ കൂടെ ആണെന്ന് നടിച്ച് ഇങ്ലണ്ടീലെ രാജാവിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഹച്ചിന്സണിന്‍റെ ചില കത്തുകള്‍ കോളണീനിവാസികളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതായിരുന്നു. അവ ഫ്രാങ്ക്ലീന്‍ പരസ്യമാക്കി അമേരിക്കയിലെ മറ്റു കോളണികളിലേക്കും ഇത് അയച്ചു കൊടുത്തു. കോളണി നിവാസികള്‍ ഇതില്‍ ക്ഷുഭിതരായി. ഇതറിഞ്ഞ് ഫ്രാങ്ക്ലീനെ ഇങ്ലിഷ് വിദേശ മന്ത്രാലയം വിളിച്ചു പരസ്യമായി താക്കീതു ചെയ്തു. ഫ്രാങ്ക്ലീന്‍ നാട്ടില്‍ തിരിച്ചു വന്ന് പൂറ്ണ സമയം സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ ഉള്‍പ്പെട്ടു. ന്യൂ ജര്‍സി ഗവറ്ണരായിരുന്ന അദ്ദേഹത്തിന്‍റെ മകന്‍ വില്യംസ് തന്‍റെ ചിന്താഗതിയോട് അനുകൂലിക്കുമെന്ന് കരുതി. എന്നാല്‍ അയാള്‍ അതിനു തയാറായില്ല. വ്ല്യം ഇങ്ലീഷുകാരുടെ വിശ്വസ്തനായി തുടര്‍ന്നു. ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മാറിയേ ഇല്ല. തുടര്‍ന്ന് രണ്ടാം കോണ്ടീനെന്‍റല്‍ കോങ്രെസ്സിന്‍റെ അഞ്ചംഗ കമ്മറ്റിയില്‍ അംഗമായ ഫ്രാങ്ക്ലീന്‍ സ്വാതന്ത്ര്യ് പ്രഖ്യാപനത്തിന്‍റെ നക്കല്‍ തയാറാക്കാന്‍ സഹായിച്ചു. പ്രഖ്യാപനം എഴുതിയത് തോമസ് ജെഫേര്‍സണ്‍ ആയിരുന്നു എങ്കിലും അതിന്‍റെ ഉള്ളടക്കം പ്രധാനമായും ഫ്രാങ്ക്ലീന്‍റെ വക ആയിരുന്നു. 1776 ല്‍ ആ പ്രഖ്യാപനം ഒപ്പിട്ടതിനു ശേഷം ഫ്രാങ്ക്ലിന്‍ ഫ്രാന്‍സിലേക്ക് ലൂയി പതിനാലാമന്‍റെ സഭയില്‍ അമേരിക്കന്‍ പ്രതിനിധിയായി ഫ്രെഞ്ചുകാര്‍ക്ക് ബെഞ്ചമിന്‍ ഫ്റാംക്ലിനെ ഇഷ്ടമായിരുന്നു. മിന്നലിന്‍റെ രഹസ്യം കണ്ടുപിടിച്ചയാള്‍, വെറും സാധാരണക്കാരെപ്പോലെ വസ്ത്രം ധരിച്ച പാവം അമേരിക്കക്കാരന്‍, ബുദ്ധിയിലും നര്‍മ്മഭാഷണത്തിലും അദ്വിതീയന്‍ ഇതൊക്കെ ആയിരുന്നു അയാള്‍ അവര്‍ക്ക്. അല്‍പ്പം ബുദ്ധിമുട്ടി ആയിരുന്നെങ്കിലും ഫ്രെഞ്ച് സംസാരിക്കുമായിരുന്നു. സ്ത്രീകളുടെ ഇടയില്‍ അയാള്‍ ആരാധനാ പാത്രമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാളുടെ ഭാര്യ ഡൊറോത്തി മരിച്ചു പോയിരുന്നു. ബെഞ്ചമിന്‍ അങ്ങനെ സ്ത്രീകളുടെ ഹീറോ ആയി ഫ്രാന്സില്‍ കഴിഞ്ഞു. ഏതായാലും ഫ്രാങ്ക്ലീന്‍റെ സ്വാധീനത്തില്‍ 1778ല്‍ ഫ്രാന്‍സ് അമേരിക്കന്‍ സ്വാതന്ത്ര്യ സമരക്കാരുമായി ഇരു സന്ധി ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഫ്രെഞ്ചുകാരില്‍ നിന്ന് അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിനു സാമ്പത്തിക സഹായവും പട്ടാളക്കാരുടെ സഹായവും കിട്ടി. അമേരിക്ക സ്വാതന്ത്ര്യം നേടിക്കഴിഞ്ഞ് 1783 ല്‍ മറ്റൊരു സഹായ ഉടമ്പടി ഉണ്ടാക്കാനും ബെഞ്ചമിന്‍ സഹായിച്ചു. വയസ്സ് എഴുപതുകളുടെ അവസാനം ആയപ്പൊള്‍ ഫ്രാങ്ക്ലീന്‍ അമേരിക്കയിലേക്ക് തിരിച്ചു പോന്നു. പെന്സില്‍ വാനിയായിലെ എക്സിക്യുട്ടീവ് കൌണ്സിലിന്‍റെ അദ്ധ്യക്ഷനായി. ഭരണഘടനാ സമിതിയിലെ അംഗമായും പ്രവത്തിച്ചു. ഭരണഘടനയില്‍ ഒപ്പു വെക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ അവസാനത്തെ പ്രവര്‍ത്തി അടിമത്വത്തിനെതിരെ ഉണ്ടാക്കിയ പ്രബന്ധം ആയിരുന്നു. 1790 ഏപ്രില്‍ 17 നു 84 ആമത്തെ വയസ്സില്‍ ബെഞ്ചമിന്‍ ഫ്രാങ്ക്ലീന്‍ നിര്യാതനായി. അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങില്‍ 20,000 ല്‍ അധികം ആള്‍ക്കാര്‍ പങ്കെടുത്തു. അദ്ദേഹത്തിന്‍റെ വൈദ്യുതിപോലെയൂള്ള വ്യക്തിത്വം ഇപ്പോഴും ലോകത്തില്‍ വെളിച്ചം വിതറുന്നു. മസാചുസെറ്റ്സില്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഒരു നഗരം തന്നെ ഉണ്ട്. ഫ്രാങ്ക്ലിന്‍ നഗരം. അവിടെ നല്ലൊരു മ്യൂസിയവും ലൈബ്രറിയും ഉണ്ടാക്കിയിട്ടുണ്ട്. ഫ്രാങ്ക്ലീനോറ്റ് നഗരസഭ ഒരു സമ്മാനം ചോദിച്ചു. എന്താണ് വേണ്ടത് എന്നു ചോദിച്ചപോള്‍ പള്ളിയില്‍ വെക്കാന്‍ ഒരു മണി കിട്ടിയാല്‍ കൊള്ളാം എന്ന് പറഞ്ഞു. ഞാന്‍ തന്ന മണി കേട്ട് നിങ്ങള്‍ പള്ളിയില്‍ പോകെണ്ട , എന്‍റെ കുറെ പുസ്തകം ഞാന്‍ തരാം എന്നു പറഞ്ഞ് അമൂല്യമായ ഒരു പുസ്തക ശേഖരം കൊടുത്തു. ആ പുസ്തകങ്ങള്‍ ഇന്ന് ഫ്രാങ്ക്ലിന്‍ ലൈബ്ററിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സസ്യാഹാരിയായ ഫ്രാങ്ക്ലിന്‍ ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ തികഞ്ഞ സസ്യാഹാരി ആയിരുന്നു. മത്സ്യമാംസങ്ങള്‍ കഴി ക്കുന്നത്‌ തികച്ചും നീചമായ പ്രവൃത്തി ആയി അദ്ദേഹം കരുതിയിരുന്നു. ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെയും പക്ഷികളെയും മറ്റും കൊല്ലുന്നത്‌ തെറ്റായി കരുതിയിരുന്നു അദ്ദേഹം .”യാതൊരു പ്രകോപനന്വും ഇല്ലാതെ മനുഷ്യന് യാതൊരു ഉപദ്രവവും ചെയ്യാത്ത മത്സ്യങ്ങളെ കൊന്നു ഭക്ഷിക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുകയില്ല” എന്ന് പറഞ്ഞുവത്രെ. എന്നാല്‍ ഒരിക്കല്‍ ബോസ്റ്റണില്‍ നിന്ന് ബോട്ടില്‍ യാത്ര ചെയ്തപ്പോള്‍ ഫ്രാങ്ക്ലിന്റെ ബോട്ട് കാറ്റ് അനുകൂലമല്ലാതെ തീരത്ത് നിന്ന് കുറെ ദൂരത്തു നങ്കൂരമിട്ടു കിടക്കേ ണ്ടി വന്നു. ആ സമയം താഴെ കടലിലുള്ള മത്സ്യങ്ങളെ ശ്രദ്ധിച്ച ഫ്രാങ്ക്ലിന്‍ കണ്ടത് വലിയ മത്സ്യങ്ങള്‍ ചെറിയ മത്സ്യങ്ങളെ ഭക്ഷിക്കുന്നതാണ്. ഇത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചിന്താഗതിയില്‍ മാറ്റം വന്നു ; അദ്ദേഹം പറഞ്ഞു “മത്സ്യങ്ങള്‍ പരസ്പരം തിന്നുന്നുണ്ട് എങ്കില്‍ പിന്നീട് നമുക്കും അവയെ എന്ത് കൊണ്ടു തിന്നു കൂടാ ? “ ഈ സംഭവത്തിന്‌ ശേഷം അദ്ദേഹം മത്സ്യം കഴിക്കുന്നതില്‍ തീരെ വൈമുഖ്യം കാണിച്ചില്ല. . അവലംബം 1. Benjamin Franklin : New York Times Best Seller by Walter Isakson , Simon and Schuster Paperbacks (2003) 2. https://www.ushistory.org/franklin/info/index.htm 3. https://www.history.com/topics/american-revolution/benjamin-franklin

Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം