10. ദേശീയപതാക, ദേശീയത, അഭിപ്രായ സ്വാതന്ത്ര്യം
"ആനയെ വാങ്ങിയാല്‍ ചേന സൌജന്യം" പഴയ ഒരു തമാശ. " ഒന്ന് വച്ചാല്‍ രണ്ടു കിട്ടും വെയ് രാജാ വെയ് "മുച്ചീട്ട് കളിക്കാരന്റെ പരസ്യം. ഇതിന്റെയൊക്കെ ആധുനിക രൂപം " Buy one get one free " ( ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് സൌജന്യം ) എന്നാണു. നമ്മുടെ നാട്ടില്‍ ഈ പരസ്യം കൂടുതലും റെഡി മെയ്ഡ് വസ്ത്രങ്ങള്‍ വില്കാനാണ് കണ്ടിട്ടുള്ളത്. പക്ഷെ ഇവിടെ അമേരിക്കയില്‍ ഒരു കടയില്‍ കണ്ടത് അമേരിക്കന്‍ ദേശീയ പതാക വില്കാനാണ് . നമ്മുടെ നാട്ടില്‍ ആണെങ്കില്‍ ദേശീയ പതാകയോടുള്ള അവഹേളനം ആയി ഒരു പക്ഷെ കടക്കാരന്‍ അറസ്റ്റില്‍ ആയേനെ, ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി അതേറ്റുപിടിച്ചു ഒരു പ്രകടനവും നടത്തിയേനെ. അടുത്തകാലത്ത് ഒരു സ്കുളില്‍ ദേശീയ പതാക തല തിരിച്ചു ഉയര്‍ത്തിയതിനു സ്കുളിലെ പ്യൂണിനു ( പതാക ഉയര്‍ത്തിയ ആളിനല്ല) ശിക്ഷ നല്‍കിയതായി പത്രത്തില്‍ വായിച്ചു.
നമ്മുടെ നാട്ടില്‍ ദേശീയ പതാക ഉപയോഗിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ നിലവിലുണ്ടല്ലോ. സാധാരണ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമേ ദേശീയ പതാക ഉയര്‍ത്താന്‍ പാടുള്ളൂ. ദേശീയ അവധി ദിനങ്ങളില്‍, അതായത് ആഗസ്റ്റ് പതിനഞ്ചിനും ജനുവരി ഇരുപത്താറിനും എല്ലാവര്‍ക്കും ഉപയോഗിക്കാം. പണ്ടു ഞങ്ങള്‍ സ്കുളില്‍ പഠിക്കുമ്പോള്‍ ദേശീയ പതാകയും ഏന്തി അതിന്റെ ചെറിയ ഒരു മാതൃക കുപ്പായത്തില്‍ കുത്തി അഭിമാനപുരസ്സരം "ഭാരതമാതാ കി ജയ് " വിളിച്ചു ഞങ്ങളുടെ ചെറിയ ഗ്രാമം മുഴുവന്‍ പ്രകടനം നടത്തിയിരുന്നതു ഓര്‍മ്മ വരുന്നു. ഇന്നാകട്ടെ ഈ രണ്ടു ദിവസം മാത്രം സ്കുളില്‍ പതാക ഉയര്‍ത്തും തലേ ദിവസം പ്യൂണ് പതാക എവിടെ നിന്നെങ്കിലും പൊടി തട്ടി എടുത്തു വച്ചിട്ടുണ്ടാവും.. മിഠായി വിതരണം നടത്തും, അര്‍ദ്ധമനസ്സോടെ ദേശരക്ഷാ പ്രതിജ്ഞ എടുക്കും കഴിഞ്ഞു. സ്വന്തം നേതാവിനെ കോടതി കുറ്റവിമുക്തനാക്കിയപ്പോള് ആവേശം മൂത്ത് വിമാനത്താവളത്തിനു മുകളില്‍ സ്വന്തം പാര്‍ട്ടിയുടെ കൊടി വരെ ഉയര്‍ത്താം, പക്ഷെ ദേശീയ പതാക, പാവം വര്‍ഷത്തില്‍ രണ്ടു ദിവസം വെറും ഔപചാരികമായ ഒരു ചടങ്ങുമാത്രം.
എന്നാല്‍ അമേരിക്കയില്‍ എല്ലാ വീട്ടിലും ദേശീയ പതാക മുന്‍പില്‍ തന്നെ സ്ഥാപിച്ചിരിക്കുന്നു. യാതൊരു നിയന്ത്രണവും ഇല്ല. ആരും പതാക ചവുട്ടി പ്രതിഷേധം പ്രകടിപ്പിക്കാറില്ല. പതാകയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് ഇങ്ങനെ " ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് സൌജന്യം " നല്‍കുന്നത്. ചിലപ്പോള്‍ ചില ചെറുപ്പക്കാരുടെ ജീന്‍സിന്‍റെ പുറകില്‍ പോലും അമേരിക്കന്‍ ദേശീയ പതാക തുന്നിചേര്‍ത്തതായി കാണാം. അതിലൊന്നും ആരും അപാകത കാണുന്നില്ല. പതാകയുടെ ഉപയോഗം നിയന്ത്രിച്ചാല്‍ ദേശസ്നേഹം കൂടുമെന്നു തോന്നാനെന്താണാവോ കാരണം? ഏതായാലും ചവറ്റു കുട്ടയിലും മറ്റും പതാക ഇവിടെ കാണാറില്ല. ആരും അറിഞ്ഞോ അറിയാതെയോ പതാകയെ നിന്ദിക്കാറും ഇല്ല. ചുരുക്കത്തില്‍ നിയന്ത്രണങ്ങള്‍ അല്ല കാര്യം, ദേശസ്നേഹം ഉണ്ടോ എന്നതാണ്, മറ്റൊന്നും അല്ല.
പിന്നെ നമ്മുടെ നാട്ടില്‍ മാത്രം കണ്ടിട്ടുള്ള അപൂര്‍വ സംഭവം കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. ഞാന്‍ പല വിദേശ രാജ്യങ്ങളിലും ജോലി സംബന്ധമായി താമസിക്കുകയും പല രാജ്യങ്ങളും സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ആള്‍ക്കാരുടെ പ്രവര്‍ത്തന രീതി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഭരണകക്ഷികളൂം പ്രതിപക്ഷങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണല്ലോ. എന്നാല്‍ ആ അഭിപ്രായ വ്യത്യാസപ്രകടനം ഒരിക്കലും അതിരുകടന്ന് അതാതു രാജ്യത്തിന്‍റെ ദേശീയതയെ മാത്രമല്ല സുരക്ഷയെ പോലും ബാധിക്കുന്ന രീതിയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പ്രകടിപ്പിക്കുന്നത് ഭാരതത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ദേശീയതയെ നിന്ദിക്കുകയോ ദേശസുരക്ഷയെ ബാധിക്കുകയോ ചെയ്യുന്ന ഒരു കാര്യവും അവര്‍ പറയാറില്ല. വ്യക്തികളെ നിന്ദിക്കാം എന്നാല്‍ രാഷ്ട്റത്തെ അവര്‍ ബഹുമാനിക്കുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എല്ലാവരുടെയും ഭരണാധികാരിയും ആയിരിക്കും. രാഷ്ട്രപുരോഗതിയും പൌരന്‍മാരുടെ നന്‍മയും ആയിരിക്കും ഭരണാധികാരികളുടെയും ഭരിക്കപ്പെടുന്നവരുടെയും ലക്ഷ്യം. എന്നാല്‍ നമ്മുടെ നാട്ടില്‍ എന്തൊക്കെയാണ് അഭിപ്രായ സ്വാന്തന്ത്ര്യത്തിന്‍റെ പേരില്‍ നടക്കുന്നത്? പ്രതിപക്ഷത്തിന്‍റെ മുഖ്യ നേതാവ് പറയുന്നു ഭരണകക്ഷി വീണ്ടും അധികാരത്തില്‍ വന്നാല്‍ നാടു മുഴുവന്‍ തീ കത്തിക്കും എന്ന്. ഭാരതത്തിനകത്തു മാത്രമല്ല വിദേശത്തു പോലും പോയി അസത്യ ജടിലവും രാഷ്ട്റ താല്‍പര്യങ്ങളെ ബാധിക്കുന്നതുമായ പ്രസ്താവനകള്‍ നാണമില്ലാതെ ഇറക്കുന്നു. നമ്മുടെ രാജ്യത്തിലെ ഏറ്റവും ശക്തയായ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധി പോലും അടിയന്തിരാവസ്ഥക്കാലത്തിനു ശെഷം അവരുടെ തിരഞ്ഞെടുപ്പു പരാജയ കാരണങ്ങള്‍ എന്താണെന്ന് വിദേശപത്ര പ്രനിധികള്‍ ചോദിച്ചപ്പൊള്‍ പറഞ്ഞത് “ അതു ഞങ്ങളൂടെ ആഭ്യന്തര കാര്യം ആണ്. അതിവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല” എന്നാണ് എന്ന് ഇന്നത്തെ ചില നേതാക്കള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. രാഷ്ട്ര നന്‍മയെയോ സുരക്ഷയെയോ പ്രതികൂലമായി ബാധിക്കുന്ന ഒരു കാര്യവും പത്രങ്ങളില്‍ പോലും പ്രത്യക്ഷപ്പെടാറുമില്ല.
**********************




Comments
Post a Comment