6: ബോസ്റ്റണിലെ ഒരു പൈതൃക ഗ്രാമ സന്ദര്‍ശനം
ബോസ്റ്റണില്‍ വന്നിട്ട് ഏതാനും ദിവസമായി. മക്കള്‍ രണ്ടു പേരും വീട്ടില്‍ നിന്നു ജോലി ചെയ്യുകയാണെങ്കിലും തിരക്കില്‍ ആണ്. രണ്ട് പേരക്കുട്ടികളില്‍ മൂത്തയാള്‍ 11 ആം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടി. അവളും സ്കൂളിലെ മറ്റൊരു കുട്ടിയും കൂടി ഉണ്ടാക്കിയ സ്കൂള്‍ പ്രോജെക്ടിന്‍റെ പേറ്റന്‍റ് അപേക്ഷിക്കാനും മറ്റും ഉള്ള തയാറെടുപ്പില്‍ ആണ്. ഇളയ ആള്‍ തന്‍റെ കമ്പ്യൂട്ടറിന്‍റെ അടിമയും . അപ്പോള്‍ മകള്‍ക്ക് ഒരു ദിവസം ഓഫ് കിട്ടിയ കഴിഞ്ഞ ദിവസം പുറത്തേക്ക് ഒന്നു പോകാമെന്ന് കരുതി. അയാള്‍ തന്നെ കണ്ടു പിടിച്ച സ്ഥലം ആയിരുന്നു ഒരു പൈതൃക ഗ്രാമം. അച്ഛന്‍ ഇത്തരം സ്ഥലങ്ങള്‍ കാണുന്നതില്‍ താല്‍പര്യം ഉള്ളയാള്‍ ആണെന്ന് അയാള്‍ക്ക് തോന്നിക്കാണും. ഏതായാലും രാവിലത്തെ പ്രഭാത ഭക്ഷണം കഴിച്ച് മകളൂം ഞാനും കൊച്ചുമോനും കൂടീ ഈ ഗ്രാമത്തിലേക്ക് പൂറപ്പെട്ടു.
ഗ്രാമത്തിന്‍റെ പേരു തന്നെ വായില്‍ കൊള്ളാത്തതാണ്. പുരാതന സ്റ്റര്‍ബ്രീഡ്ജ് പൈതൃക ഗ്രാമം ( Old Sturbridge Heritage Village) എന്നാണ് പേരു. ആ ഗ്രാമത്തെപ്പറ്റി വിക്കിപ്പീഡിയായില്‍ എഴുതിയിരിക്കുന്നത് സജീവമായ ഒരു മ്യൂസിയം ആണെന്നാണ്. മസ്സാച്യുസെറ്റ്സ് ഉള്‍പ്പെട്ട ന്യു ഇങ്ലണ്ട് മേഖലയില്‍ 1790 മുതല്‍ 1830 കാലഘട്ടം വരെ നിലനിന്നിരുന്ന ഒരു ഗ്രാമം അന്നു നിലനിന്നപോലെ ആവിഷ്കരിചിരിക്കുന്നു എന്ന് അവകാശപ്പെടുന്നു. 200 ഏക്കര്‍ ( 81 ഹെക്ടാര്‍) വിസ്തീറ്ണം ഉള്ള ഈ ഗ്രാമത്തില്‍ 59 പഴയ കെട്ടിടങ്ങള്‍ , മൂന്നു ജല ശക്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന മില്ലുകള്‍ ഒരു കൃഷിസ്ഥലം എന്നിവയുണ്ട്. 19 ആം നൂറ്റാണ്ടിലെ കരകൌശല വസ്തുക്കള്‍ ക്റ്ഷി രീതികള്‍ തുടങ്ങിയവ വിശദീകരിച്ചു നല്‍കാന്‍ പരിശീലനം കിട്ടിയ ആള്‍ക്കാര്‍ പഴയ രീതിയില്‍ ഉള്ള വസ്ത്രം ധരിച്ച് അവിടെ ഉണ്ട്. സഞ്ചാരികളും സ്കൂള്‍ വിദ്യാര്‍ത്ഥികളും ഇവിടെ ധാരാളം സന്ദര്‍ശകരായി വന്നുകൊണ്ടിരിക്കുന്നു.
19 ആം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഈ പൈതൃക ഗ്രാമം നില നില്‍ക്കുന്ന പ്രദേശം ഡെവിഡ് വൈറ്റ് എന്ന ആളുടെ കൈവശം ആയിരുന്നു. ഇവിടെ ഒരു അറക്ക മില്‍ , ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല്, വലിയ ഒരു കുളം എന്നിവ ഉണ്ടായിരുന്നു. 1795ല്‍ കുഴിച്ച കുളം ഇപ്പോഴും അവിടത്തെ മില്ലുകളെ പ്രവര്‍ത്തന നിരതമാക്കുന്നു. വൈറ്റിന്‍റെ മകന്‍ ബോസ്റ്റണില്‍ അച്ഛന്‍റെ ബിസിനെസ്സ് സംബന്ധമായി പോയപ്പോള്‍ ഹാര്‍ വാര്‍ഡ് സര്‍വകലാശാലയുടെ ധന ശേഖരണത്തിനായി നടത്തിയ ഒരു ഭാഗ്യക്കുറിയില്‍ ചേരുകയും 5000 ഡോളര്‍ സമ്മാനം നേടുകയും ചെയ്തു. അന്നത്തെ നിലയില്‍ ഭീമമായ ഈ തുക അയാള്‍ അച്ഛനെ ഏല്‍പ്പിച്ചു. ആ തുക ഉപയോഗിച്ചു അയാള്‍ തന്‍റെ കടം എല്ലാം വീട്ടി ഇപ്പോള്‍ കുളം ഇരിക്കുന്ന സ്ഥലത്തെ മരങ്ങള്‍ എല്ലാം വെട്ടി കാളവണ്ടിയില്‍ മണ്ണു നിറച്ചു പുറത്തേക്ക് എത്തിച്ച് ഏതാണ്ട് രണ്ടര വര്‍ഷം കൊണ്ട് ആ കുളം കുഴിച്ചു.
ജൊര്‍ജ് വാഷിങ്ടണ്‍ വെല്‍സ് എന്നയാള്‍ മസ്സാച്യുസെറ്റ്സിലെ സൌത്ബ്രിഡ്ജ് എന്ന സ്ഥലത്ത് കൌതുക സാധനങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ ഷോപ്പുണ്ടാക്കി . 1840ല്‍ ഇത് അമേരിക്കന്‍ ഓപ്റ്റിക്കല്‍ കമ്പനി എന്ന പേരില്‍ അറിയപ്പെട്ടു. അയാളുടെ മകന്‍ എബി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട ചാന്നിങ് എന്നയാള്‍ അച്ഛന്‍റെ ബിസിനെസ്സ് മുന്നോട്ടു കൊണ്ടുപോയി. 1926 ആയപ്പോള്‍ നല്ലതു പോലെ വളര്‍ന്ന ആസ്ഥാപനം പുരാവസ്തുക്കള്‍ ശേഖരിച്ചു തുടങ്ങി. അമേരിക്കയിലെ ആദ്യകാലത്ത് ഉപയോഗത്തില്‍ ഇരുന്ന പല വസ്തുക്കളും എബി വാങ്ങിച്ചു കൂട്ടി. 1930 ആയപ്പൊള്‍ അയാളൂടെ പുരാവസ്തു ശേഖരം അയാളൂടെ വീട്ടിലെ 45 മുറികള്‍ നിറച്ചായത്രെ. തുടര്‍ന്ന് വെല്‍സ് കുടൂംബവും മറ്റൂള്ളവരും ചേര്‍ന്ന് വെല്‍സ് ചരിത്ര മ്യൂസിയം 1935 ല്‍ ഉണ്ടാക്കി. ശേഖരിച്ച വസ്തുക്കള്‍ ശ്റദ്ധാപൂര്വം പേരിട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചു. ഈ വസ്തുക്കള്‍ പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധം എങ്ങനെ പ്രദര്‍ശിപ്പിക്കാം എന്ന് മ്യുസിയത്തിന്‍റെ ഉടമസ്ഥര്‍ ആലോചിച്ചു . എബി ഇത്തരം വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു ഗ്രാമം തന്നെ ഉണ്ടാക്കിയാല്‍ എന്ത് എന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ വെല്‍സ് മ്യുസിയം അധിക്റുതര്‍ ഡെവിഡ് വൈറ്റിന്‍റെ കൃഷിസ്ഥലം വിലക്കു വാങ്ങി. മാല്‍ക്കം വാക്കിന്സ് എന്നയാളെ ആദ്യത്തെ മ്യുസിയം സൂക്ഷിപ്പുകാരനായി നിയമിക്കുകയും ചെയ്തു. അതിലെ ഒഴുകിക്കൊണ്ടിരുന്ന ഒരു നദിയായ ക്വിന്നെബാഗ് ഗ്രാമം എന്നു പേരും കൊടുത്തു. തുടര്‍ന്ന് ആര്‍തര്‍ ഷര്‍ക്ലിഫ് എന്ന ആര്‍കിടെക്റ്റിനെ ഗ്രാമത്തിന്‍റെ രൂപകല്‍പ്പന ഉണ്ടാക്കാന്‍ ഏല്‍പിച്ചു. 1941 ആയപ്പോള്‍ ഇപ്പോള്‍ ഉള്ള പ്രധാനപ്പെട്ട എല്ലാ കെട്ടിടങ്ങളും ധാന്യമില്ലുള്‍പ്പെടെ സ്ഥാപിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ചെറിയ ഒരു ഇടവേള ഉണ്ടായി എങ്കിലും ജോര്‍ജിന്‍റെ ഭാര്യ റുത് മ്യുസിയത്തിന്‍റെ ഡയറക്ടറായി. അവരാണ് മ്യുസിയത്തിന്‍റെ പേരു പുരാതന സ്റ്റര്‍ബ്രിഡ്ജ് ഗ്രാമം എന്നാക്കിയത്. 1946 ജുണ്‍ 8 നാണ് പുതിയ പേരില്‍ക് മ്യൂസിയം തുറന്നു കൊടുത്തത്. കാഴ്ചക്കാരുടെ എണ്ണം കേട്ടു കെഴ്വിയില്‍ കൂടി പൊടുന്നനെ വര്‍ദ്ധിച്ചു വന്നു. 1950 ല്‍ സാറ്ററ്ഡേ ഈവെനിങ് പൊസ്റ്റില്‍ വന്ന ശ്രദ്ധേയയമായ ഒരു ലേഖനം ഇതിന്‍റെ പ്രശസ്തി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് അവിടെ ഇന്നു പ്രധാനമായി കാണുന്ന സേലം നഗര ഗൃഹം, ആള്‍ക്കാര്‍ ഒന്നിച്ചു കൂടാനുള്ള സ്ഥലം, പ്രിന്‍റിങ് ഓഫീസ് , ജില്ലാ സ്കൂള്‍ എന്നിവയും കൂട്ടിച്ചേര്‍ത്തു.
1955 ആഗത് 18 നു കൊടുങ്കാറ്റും പേമാരിയും കാരണമായി അണക്കെട്ടുകള്‍ പൊട്ടി ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായി , ജോലിക്കാരായ 15 പേര്‍ അവിടെ ഒറ്റപ്പെട്ടു പോയി. ഫ്രീമാന്‍ കൃഷിസ്ഥലം മുഴുവന്‍ വെള്ളത്തിനടിയിലായി. അവിടെ ഉണ്ടായിരുന്ന മൂടിയ പാലവും തകര്‍ന്നു. അവിടത്തെ ജോലിക്കാര്‍ക്ക് ഹെലികോപ്റ്റര്‍ വഴി ഭക്ഷണം എത്തിച്ചു കൊടുത്തു മൂന്നു ദിവസം. മ്യുസിയത്തിനെ നഷ്ടം 25000 ഡോളറായി കണക്കാക്കപ്പെട്ടു. എന്നിട്ടും വെള്ളമിറങ്ങി ഒമ്പതു ദിവസത്തിനകം ജോലിക്കാരുടെ ഉത്സാഹം കൊണ്ട് മ്യൂസിയം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.
ഞങ്ങള്‍ മൂന്നു പേരും അവിടെ എത്തിയപ്പൊള്‍ 1030 ആയി. ഇന്നലെ അമേരിക്കയില്‍ അടിമവേല നിരോധിക്കപ്പെട്ട ദിനം ആയി അഘോഷിക്കുന്ന ജൂണ്‍ 19 ആയതുകൊണ്ട് പ്രവേശന ഫീസായ 28 ഡോളര്‍ വെച്ച് ലാഭിച്ച് ഞങ്ങള്‍ അകത്തു കയറി. പ്രവേശന കവാടത്തില്‍ അവിടത്തെ കാഴ്ചവസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകളും മാപ്പും കിട്ടി. അവിടെ നിന്ന സ്ത്രീ എങ്ങനെ ചുറ്റിക്കാണാം എന്നതിനെ കുറിച്ച് ഒരു ഏകദേശ രൂപം നല്‍കി. എത്ര സമയം വേണ്ടീ വരുമെന്ന് ചോദിച്ചപ്പൊള്‍ നിങ്ങള്‍ ഓരോ പ്രദര്‍ശന വസ്തുവും കാണാന്‍ എത്ര സമയം എടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും എന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.
അവിടത്തെ പ്രധാന പ്രദര്‍ശന വസ്തുക്കള്‍ താഴെ പറയുന്നവയായിരുന്നു.
1. ഗ്രാമ കേന്ദ്രം
ചങ്ങാതികളുടെ സമ്മേളന സ്ഥലം. :മതപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂട്ടുകാര്‍ ഒത്തു കൂടുന്ന സ്ഥലം. പേരു ക്വേക്കേറ്സ്
കേന്ദ്ര സമ്മേളന സ്ഥലം : നഗരത്തിലെ മീറ്റിങ്ങുകള്‍ പലതും പള്ളികളില്‍ ആയിരുന്നു അതിനുള്ള സ്ഥലം .
ടിന്‍ ഷോപ് : വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഷോപ്പ് , ഇങ്ലണ്ടില്‍ നിന്നു കൊണ്ടുവന്നത്
സേലം നഗര ഗൃഹം : ധനികരായ ആള്‍ക്കാര്‍ താമസിക്കുന്ന ഒരു നല്ല കെട്ടിടം
വികാരിയുടെ താമസ സ്ഥലം : പള്ളി വികാരിക്ക് താമസിക്കാന്‍ ഉള്ള സ്ഥലം
വക്കീല്‍ ഓഫീസ്: വക്കീല്‍ന്മാര്‍ക്ക് ഒരു ഓഫീസ്
ആസ സ്ടോര്‍ : സാധനങ്ങള്‍ വില്‍ക്കാനുള്ള ഒരു ചെറിയ സ്ടോര്‍
തൊംസണ്‍ ബാങ്ക് : കണെറ്റിക്കട്ടില്‍ ഉണ്ടായിരുന്ന ഒരു ബാങ്ക്. അവിടെ പഴയ കാലത്തെ കറന്സി നോട്ടുകളും നാണയങ്ങളും പ്രദര്‍ശിപ്പിചിരിക്കുന്നു.
ഫെന്നൊ ഹൌസ് : നൂല്‍ നൂല്‍കാനും വസ്ത്രം നെയ്യാനും ഉള്ള പഴയ രീതികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഫിച് ഹൌസ് : കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ജീവിതം ചിത്രീകരിച്ചിരിക്കുന്നു.
ചെറിയ വീട്: പാവങ്ങള്‍ താമസിച്ചിരുന്ന തരം വീട്
പ്രിന്‍റിങ് ഓഫീസ് : പഴയ രീതിയില്‍ ഉള്ള അച്ചടി യന്ത്രവും അച്ചടി രീതിയും പ്രദര്‍സിപ്പിച്ചിരിക്കുന്നു.
സിഡര്‍ മില്‍ : ആപ്പിളില്‍ നിന്നും ഉണ്ടാകുന്ന മദ്യം നിര്‍മ്മിക്കുന്ന ഇടം
ഷൂ ഷൊപ്പ് : 18, 19 നൂറ്റാണ്ടൂകളില്‍ ഉപയോഗിച്ചിരുന്ന തരം ചെരിപ്പുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
നഗര പൌണ്ട് : അലഞ്ഞു നടക്കുന്ന കന്നുകാലികളെ കെട്ടിയിടുന്ന സ്ഥലം
ബുള്ളാര്‍ഡ് മദ്യശാല: 19 ആം നൂറ്റാണ്ടിലെ ഒരു മദ്യ ശാല.
സ്ടേജ് കോച്: കേന്ദ്രത്തില്‍ ചെരീയ തോതില്‍ യാത്ര ചെയ്യാണൂള്ള വണ്ടി
2. നാട്ടിന്‍പുറ കേന്ദ്രം
ഫ്രീമാന്‍ കൃഷി സ്ഥലം: 70 ഏക്കറോഓളം ഉള്ള മാതൃകാ കൃഷി സ്ഥലം
കൊല്ലക്കട: കൃഷി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കൊല്ലന്‍റെ ആല , പഴയ രീതിയില്‍ ഉള്ള ലോഹം അടുപ്പില്‍ വെച്ച് ചൂടാക്കി ഉപകരണം ഉണ്ടാക്കി കാണിക്കുന്നു.
കൂപ്പര്‍ ഷോപ്പ് . മരത്തില്‍ ഉണ്ടാകുന്ന വീപ്പ ബക്കറ്റ് എന്നിവ ഉണ്ടാക്കുന്ന സ്ഥലം
കളീമണ്ണ് വസ്തുക്കള്‍ ഉണ്ടാക്കുന്ന സ്ഥലം : മണ്ണു കുഴച്ച് മണ്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്ന സ്ഥലം. പുറത്ത് അവ ചുട്ടെടുക്കാനുള്ള ചൂളയും മറ്റും.
ജില്ലാ സ്കൂള്‍ : ഒറ്റ മുറിയുള്ള ഒരു ചെറിയ കെട്ടിടം .അമ്പതോളം കുട്ടികള്‍ക്ക് ഇരിക്കാനുള്ള ബെഞ്ചും ഡസ്കും ഇട്ടിട്ടുണ്ട്.
മൂടിയ പാലങ്ങള്‍ : മേല്‍ക്കൂര ഉള്ള തരം പാലങ്ങള്‍, മരത്തില്‍ നിര്‍മ്മിച്ച പാലങ്ങളൂടെ ആയുസ്സു വര്‍ദ്ധിപ്പിക്കുന്നു.
3. മില്ലുകള്‍
ധാന്യം പൊടിക്കുന്ന മില്ല് : 3000 റാതല്‍ വരെ ധാന്യം പൊടിക്കാന്‍ ഉള്ള മില്ല്
അറക്ക മില്ല്: വെള്ളം ഉപയോഗിച്ചു ഊരവര്‍ത്തിപ്പിക്കുന്ന മരം മുറിക്കുന്ന അറക്കമില്ല്
കാര്‍ഡിങ് മില്ല്: പഞ്ഞിയില്‍ നിന്നും നൂല്‍ ഉണ്ടാക്കാന്‍ വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിന്നുന്ന മില്ല്
4. മറ്റു ശേഖരങ്ങള്‍
അമേരിക്കയിലെപുരാവസ്തുക്കളുടെ ശേഖരം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശന സാധനങ്ങള്‍ താഴെകൊടുക്കുന്നു.
വിവിധ തരം തോക്കുകള്‍ : അമേരിക്കയിലെ സിവില്‍ ലഹളക്ക് മുമ്പ് ഉണ്ടായിരുന്നവ.
സ്ഫടിക നിര്‍മ്മിതികള്‍ : സ്ഫടികത്തില്‍ നിര്‍മ്മിച്ചവ , കുപ്പികള്‍ ഗ്ലാസുകള്‍ , കൌതുക വസ്തുക്കള്‍ എന്നിവ.
വിവിധ തരം വിളക്കുകള്‍ : ,പണ്ടൂപയോഗിച്ചിരുന്ന എണ്ണ വിളക്കുകള്‍ മുതല്‍ ആധുനിക കാലത്തെ വിളക്കുകള്‍ വരെ .
ഔഷധ തോട്ടം : ഇവിടത്തെ ഔഷധ ച്ചെടികള്‍ വളര്‍ത്താന്‍ ഒരു കേന്ദ്രം
ഇതൊക്കെ നടന്നു കണ്ടപ്പൊള്‍ ഏതാണ്ട് മൂന്നു മണിക്കൂറായി. ഉച്ച ഭക്ഷണം പുറത്തു നിന്നു കഴിക്കണൊ വീട്ടില്‍ ചെന്നു മതിയോ എന്നു സംശയിച്ചു, കയ്യില്‍ കരുതിയിരുന്ന ഓരോ ആപ്പിള്‍ കഴിച്ചു തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ മണി 230 ആയി.
അവലംബം :
1. മ്യുസിയത്തില്‍ നിന്നു കിട്ടിയ ലഘുലേഖകള്‍
2. https://en.wikipedia.org/wiki/Old_Sturbridge_Village


























Comments
Post a Comment