8. നയാഗ്ര വെള്ളച്ചാട്ട സന്ദര്‍ശനം
ം
ബോസ്റ്റണില്‍ നിന്ന് ഞങ്ങളുടെ അടുത്ത യാത്ര നയാഗ്രാവെള്ളച്ചാട്ടം കാണാനായിരുന്നു. വേനല്‍ കാലമായതുകൊണ്ട് തണുപ്പുള്ള വടക്കന്‍ പ്രദേശത്തെക്ക് പോകാമെന്ന് മക്കള്‍ തീരുമാനിച്ചു. ഇന്ത്യയുടെ അഞ്ചിരട്ടിയിലധികം വലിപ്പമുള്ള അമേരിക്കന്‍ ഐക്യനാടുകള് ഒരു വേനല്‍ അവധി കൊണ്ടു കാണാമെന്ന വ്യാമോഹം ഞങ്ങള്‍ക്കും ഇല്ലായിരുന്നു. അതു കൊണ്ടു വടക്കൊട്ടെങ്കില്‍ അങ്ങനെ തന്നെ. ബോസ്ടണില്‍ നിന്നു ക്യാനഡാ അതിര്‍ത്തിയിലുള്ള നയാഗ്രായിലേക്ക് അഞ്ചു മണിക്കൂറിലധികം കാറില്‍ യാത്ര ചെയ്യണം, പക്ഷെ പോകുന്ന വഴി നമ്മുടെ ദൈവത്തിന്റെ നാടുപോലെ പച്ചപ്പും തടാകങ്ങളും എല്ലാം ആയി സുന്ദരം, നയനാനന്ദകരം. ഇടക്ക് നിര്‍ത്തി പ്രകൃതിഭംഗി ആസ്വദിച്ചും കൊണ്ടുപോയ ഭക്ഷണം കഴിച്ചും ഞങ്ങള്‍ യാത്ര തന്നെ ആസ്വാദ്യകരമാക്കി.
യാത്ര പ്ലാന്‍ ചെയ്യാന്‍ mapquest എന്ന ഇന്റര്നെറ്റ് വെബ്സയിറ്റുപയോഗിച്ചു കൃത്യമായ വഴി കണ്ടു പിടിക്കാം, ഏതൊക്കെ എക്സ്പ്രസ്സ് ഹൈവേ ആണ് ഏതൊക്കെ exit ആണ് എന്നൊക്കെ വിശദമായ വിവരം,യാത്രാസമയം വരെ കൃത്യമായി കണക്കാക്കാം. ഒരു exit വിട്ടുപോയാല്‍ 5-6 കിലോ മീറ്ററെങ്കിലും കുടുതല്‍ ഡ്രൈവ് ചെയ്യേണ്ടിവരും. പിന്നെ ആരോടെങ്കിലും വഴി ചോദിക്കാമെന്നു വച്ചാല്‍ ആരെയും കാണുകയുമില്ല, കണ്ടാലും അവര്‍ ഒന്നും പറയുകയും ഇല്ല. mapquest ഇല്‍ നിന്നും എടുത്ത മാപ്പുുമായി വഴികാട്ടി ആയി മകള്‍ മുന്പില്‍ ( navigator എന്ന് സ്വയം പുകഴ്ത്തി ക്കൊണ്ടു) , മകന്‍ ഡ്രൈവ് ചെയ്തു, ഞങ്ങള് രണ്ടുപേരും പുറകില്‍ രാജകീയമായി തമാശകളും പറഞ്ഞു കുട്ടികളെ കളിയാക്കി ഇരുന്നു. അഞ്ചര മണിക്കൂര്‍ അര മണിക്കൂര്‍ ആയി കുറഞ്ഞതായി തോന്നി.
ക്യാനഡായുടെ തെക്കു ഭാഗത്താണ് നയാഗ്ര. ഐസ് യുഗത്തില്‍ ഈ ഭാഗം മുഴുവന്‍ കിലോമീറ്റര്‍ ഘനത്തില്‍ മഞ്ഞു പാളികള്‍ കൊണ്ടു നിറഞ്ഞിരുന്നു, ഏകദേശം 18000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒണ്ടാരിയോ എന്നറിയപെടുന്ന ഈ ദക്ഷിണഭാഗം. ഐസ് പാളികള്‍ കാലക്രമേണ തെക്കോട്ട് നീങ്ങിയപോള്‍ ഐസ് ഉരുകി പല തടാകങ്ങളായും നദികളായും മാറി. ഐസുരുകി വന്ന ഈ ജലം മുഴുവനും ഏറീ തടാകവും നയാഗ്ര നദിയും ഒണ്ടാറിയോ തടാകവും ആയി മാറി. ഐസ് പാളികളുടെ മുന്നോട്ടും പിന്നോട്ടും ഉണ്ടായ ചലനങ്ങളും ഭുതലത്തില്‍ വിടവുകളും മണ്ണിടിച്ചിലും ഉണ്ടാക്കി. അങ്ങനെ ഈ ജലപ്രവാഹം ഒരു വെള്ളച്ചാട്ടത്തിന്റെ രൂപത്തിലായി ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ്. നയാഗരാ നദിയുടെ വലിപ്പവും കുറഞ്ഞു, വെള്ളച്ചാട്ടത്തിന്റെ ശക്തിയും കൂടി. ഇന്നത്തെ നയാഗരാ വെള്ളച്ചാട്ടം ക്യാനഡായുടെയും അമേരിക്കന്‍ ഐക്യനാടുകളുടെയും അതിര്ത്തിയില്‍ ആണ്. അവിടെയുള്ള ഒരു പാലം കടന്നാല്‍ ക്യാനഡാ ആയി, അങ്ങോട്ട് ക്യാനഡാ വിസ ഇല്ലാതെ പ്രവേശനമില്ല. നയാഗരായില് നിന്നു പുറത്തേക്ക് ഒഴുകുന്ന ജലം അഞ്ചാമത്തെ ഒന്റാറിയോ തടാകത്തില്‍ എത്തുന്നു.
മൂടല്മഞ്ഞിന്റെ തോഴിമാരും കാറ്റിന്റെ ഗുഹയും
നയാഗരായില് വെള്ളച്ചാട്ടം മൂന്നെണ്ണമാണ്. അമേരിക്കന്‍ ഭാഗത്തുള്ള അമേരിക്കന്‍ വെള്ളച്ചാട്ടം, വധുവിന്റെ മുടുപടം ( bridal veil fall) എന്നറിയപ്പെടുന്ന ഇടക്കുള്ള ചെറിയ വെള്ളച്ചാട്ടവും ക്യാനഡാ ഭാഗത്തുള്ള കുതിര ലാടത്തിന്റെ രൂപത്തിലുള്ളതും ( Horse shoe fall) എന്നിവയാണ്. അമേരിക്കന്‍ വെള്ള ച്ചാട്ടത്തിന്റെ നീളം 318 മീറ്റര്‍ ആണ്, . ഉയരം 51 മീറ്റര്‍, ഒരു സെക്കന്റില്‍ 1,50,00 ഗാലന്‍ വെള്ളം ആണ് ഇതില്‍ കൂടി ഒഴുകുന്നത്. ക്യനേഡിയന്‍ വെള്ളച്ചാട്ടത്തിന്റെ നീളം 780 മീറ്ററ് , ഉയരം 50 മീറ്ററ്, ഒരു സെക്കണ്ടില്‍ ഒഴുകുന്ന വെള്ളം 6,00,000 ഗാലന്‍. ഈ വെള്ളച്ചാട്ടത്തിന്റെ മൂന്നില്‍ ഒന്നു ഭാഗം അമേരിക്കന് അതിര്‍ത്തിക്കുള്ളിലാണെന്നു പറയുന്നു. അമേരിക്കന്‍ വെള്ളച്ചാട്ടത്തിലേ ക്കുള്ള വെള്ളത്തിനു കുറവു വരാന്‍ കാരണം ഇടക്കുള്ള തടസ്സം ആണു ഒരു ചെറിയ ദ്വീപിന്റെ രൂപത്തില്‍. കുതിരലാടത്തിന്റെ രൂപത്തിലുളള ക്യാനഡാ വെള്ളച്ചാട്ടം അതു കൊണ്ടു കുടുതല്‍ ഭീകരമായി തോന്നും. ഇവയില്‍ കൂടി ഒഴുകുന്ന വെള്ളത്തിന്റെ അളവു കുറെയൊക്കെ വ്യത്യാസം വരാം. നയാഗരാനദിയില്‍ ഈ വെള്ളച്ചാട്ടത്തിനു മുന്പാതയില്‍ അമേരിക്കന്‍ വശത്തും ക്യാനഡാ വശത്തും ഓരോ ജല വൈദ്യുത കേന്ദ്രങ്ങളുണ്ടു. ഇവ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവാണു ഒരു കാരണം.കാലാവ സ്ഥാവ്യതിയാനവും മറ്റും വേറേ കാരണങ്ങള്‍.
അമേരിക്കന്‍ ക്യാനഡാ വെള്ളച്ചാട്ടത്തിനടിയില്‍ ഒരു ദ്വീപൂണ്ടു. ഗോട്ട് ദ്വീപെന്നാണു ഇതറിയപ്പെടുന്നതു. മുട്ടനാടിന്റെ ആകൃതി ഈ ദ്വീപിനു ഉണ്ടായിരുന്നു എന്നു തോന്നും കണ്ടാല്‍. ഇതിന്നിടയിലാണു വധുവിന്റെ മൂടുപടം എന്ന ചെറിയ ഒരു വെള്ളച്ചാട്ടം..
ഒരു വര്ഷത്തില്‍ 12 ലക്ഷത്തിലധികം സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നു. ദക്ഷിണ ആഫ്രിക്കയിലെ വിക്റ്റോറിയ വെള്ളച്ചാട്ടം കഴിഞ്ഞാല്‍ ലോകത്തിലെ എറ്റവും വലിയ വെള്ളച്ചാട്ടമാണ് നയാഗര. നയാഗര വെള്ളച്ചാട്ടത്തിനു മുന്പുള്ള മിചിഗന്‍, ഹ്യുറൊ, സുപീരിയറ്, ഈറീ എന്നീ തടാകങ്ങളില്‍ ആണു ലോകത്തിലെ ശുദ്ധജലത്തിന്റെ അഞ്ചില്‍ ഒരു ഭാഗം ഉള്‍ക്കൊള്ളുന്നത്. നയാഗര വെള്ളച്ചാട്ടം കഴിഞ്ഞു 25 മൈലൊഴുകി ആണു അഞ്ചാമത്തെ ഒണ്ടാറിയോ തടാകത്തില്‍ എത്തുന്നത്. തടാകങ്ങള്‍ക്കിടയിലെ ഭൂമി സാധാരണ രീതിയിലല്ല ചെരിഞ്ഞിരിക്കുന്നതു. ചില സ്ഥലത്ത് ഒരു 20 നില കെട്ടിടത്തിന്റത്ര ഉയര വ്യത്യാസം ഉണ്ടത്രെ. കാല ക്രമേണ ഇവ അഞ്ചു വ്യക്തമായ ഗ്ഗൊറ്ജുകള്‍(ഗോര്ജ്സ്) ആയി രൂപം കൊണ്ടിരിക്കുന്നു.
മറ്റൊരു മറക്കാനാകാത്ത അനുഭവം
വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള നദിയിലെ ബോട്ട് യാത്രയാണ്. ഈ ബോട്ടുകള്‍ക്ക് ഇട്ടിരിക്കുന്ന പേരാണ് മൂടല്മഞ്ഞിന്റെ തോഴിമാര്‍ ( Maids of the mist ). സാമാന്യം വലിയ ബോട്ടുകള്‍ ആണ്. അതില്‍ കയറുന്നതിനു മുന്പ്, പ്ലാസ്ടിക്ക് കൊണ്ടുള്ള ഒരു നീല കുപ്പായം എല്ലാവര്‍ക്കും തരുന്നു, വെള്ളച്ചാട്ടത്തിന്റെ അടുത്ത് പോകുമ്പൊള്‍ വസ്ത്രം നനയാതിരിക്കാന്‍ ആണെന്ന് പറഞ്ഞു. ആദ്യം ഇതെന്തു തമാശ എന്നെ തോന്നിയുള്ളൂ. കുട്ടനാട്ടുകാരായ ഞങ്ങള്‍ക്ക് വെള്ളത്തി'നോടു വെറുപ്പോ എന്ന് മനസ്സില്‍ തോന്നി. ഏതായാലും എല്ലാവരും ചെയ്ത പോലെ അത് മേല്വ്സ്ത്രം ആയി ധരിച്ചു. പക്ഷെ ബോട്ട് യാത്ര
യാത്ര പുരോഗമിച്ചപ്പോഴാണു മനസ്സിലായത്, ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്താണ് നില്കുന്നത്, ഏതാനും മീറ്റര് മാത്രം ദൂരെ. വെള്ളച്ചാട്ടത്തില്‍ നിന്നു വരുന്ന നുരയും പതയും മുടല്‍ മഞ്ഞു പോലെ ഞങ്ങളുടെ ശരീരത്തിലേക്ക് തെറിച്ചു കൊണ്ടിരുന്നു. ആ കുപ്പായം ധരിച്ചില്ലായിരുന്നുവെങ്കില് ഉടുത്തിരുന്നതെല്ലാം നനഞ്ഞു കുതിര്‍ന്നു പോയേനെ. വെള്ളച്ചാട്ടത്തിനകത്തെക്ക് പോകുംതോറും ഞങ്ങുടെ ആവേശം കൂടിക്കൊണ്ടിരുന്നു. ക്യാമറാകള് തുടര്‍ച്ചയായി ക്ലിക്കു ചെയ്തു കൊണ്ടിരുന്നു, ചിലതൊക്കെ വെള്ളത്തില്‍ മുങ്ങി. ഇതൊരു അത്യപൂര്‍വമായ അനുഭവം തന്നെ ആയിരുന്നു. സാധാരണ വെള്ളച്ചാട്ടം അല്പം ദൂരെ നിന്നു കാണാനും ചിലപ്പോള്‍ കുളിക്കാനോ മറ്റോ മാത്രമെ നമ്മള്‍ ശ്രമിക്കാറുള്ളല്ലോ. ഇവിടെ വേറിട്ടൊരു അനുഭവം.
അതുപോലെ തന്നെ കൂട്ടത്തില് ചെറുതായ bridal veil falls ഇന്റെ തൊട്ടടുത്ത് വരെ അനുവാദമുണ്ടു, അതിന് വേണ്ട കൈവരികളും ഉണ്ട്. ഇത്തവണ ഒരു മഞ്ഞ കുപ്പാ മാണ് തന്നത്, ശരീരത്തില് വെള്ളം വീഴാതിരിക്കാന്. നീല കുപ്പായം ഓര്‍മ്മക്കായി സുക്ഷിക്കാം എന്നു പറഞ്ഞു ഞങ്ങള്‍ക്ക് തന്നപോള്‍ മഞ്ഞ കുപ്പായം തിരിച്ചു കൊടുക്കണമത്രേ. മഞ്ഞ കുപ്പായവും ധരിച്ചു പ്രത്യേകം തന്ന സ്ലിപ്പറുകളുമായി ഞങ്ങള് നടന്നു തുടങ്ങി. മരപ്പടികള്‍ ഉള്ള ഒരു ഇടുങ്ങിയ ഗുഹയില്‍ കൂടിയാണ് യാത്ര. കാറ്റിന്റെ ഗുഹ ( cave of the winds) എന്നാണു ഇതിന്റെ പേര്‍. കുറെ നടന്നപോള്‍ ഒരു തട്ടിലെത്തി. ഇതാണ് ചുഴലി കൊടുങ്കാറ്റിന്റെ തട്ട് ( hurricane deck) .ഇവിടെ നിന്നാല്‍ bridal veil falls തൊട്ടടുത്ത് കാണാം.
വെള്ളച്ചാട്ടത്തിന്റെ ശക്തിയില്‍ നുരയും പതയും കോലാഹലവുമായി ഒരു ചുഴലി കൊടുങ്കാറ്റിന്റെ പ്രതീതി ഉളവാക്കുന്നത് കൊണ്ടാവാം ഇതിന് ഈ പേരു വന്നത്. വധുവിന്റെ നേര്‍ത്ത മുടുപടം അതീവ മനോഹരം തന്നെ, മുടുപടം ഉയര്‍ത്താന്‍ വരന് മാത്രമെ കഴിയുള്ളല്ലോ. അതിന് മാത്രം ഞങ്ങള്‍ ശ്രമിച്ചില്ല.
കുറച്ചു മാറി നയാഗ്രാ ഭൂഭാഗത്തിന്ടെ ഒരു വിഹഗ വീക്ഷണം നടത്താന്‍ ഒരു നിരീക്ഷണ ഗോപുരവും ഉണ്ട്. നല്ല ഉയരം ഉള്ള ഈ ഗോപുരത്തിലേക്ക് ലിഫ്ടും ഉണ്ട്. അതിന്റെ ഉയരത്തില്‍ നിന്നു നോക്കിയാല്‍ നയാഗ്രാ നദിയുടെയും മൂന്ന് വെള്ളചാട്ടങ്ങളുടെയും നല്ല ഒരു ദൃശ്യം കാണാം.
ഞങ്ങുടെ വഴികാട്ടി നയാഗ്രാ വെള്ളച്ചാട്ടത്തിലേക്ക് കുതിച്ചു ചാടി അപൂര്വ്വം മാത്രം രക്ഷപെട്ട ആള്കാരുടെ കഥ വാചാലമായി പറയുന്നുണ്ടായിരുന്നു. വലിയ ഡ്രമ്മിനകത്തും മറ്റും കയറി 1966 ഇല്‍ ഒരാള്‍ ജീവനോടെ വെള്ളച്ചാട്ടം കടന്നുവത്രേ. ഒരു പാടുപേര്ക്കു ജീവന്‍ നഷ്ടപ്പെട്ടു. എന്നാലും സാഹസികതയില്‍ പാശ്ചാത്യരെ വെല്ലാന്‍ ആള്കാര്‍ കുറവാണല്ലോ. ജ്വലിക്കുന്ന അഗ്നിപർവതത്തിന്റെ വളരെ അടുത്ത് നിന്നും എടുത്ത ഫോട്ടോകള്‍ ഓര്‍മ്മ വന്നു.
കൂടുതല് വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക
Map and pctures Courtsey : http://www.niagarafallslive.com/
: http://www.niagarafallslive.com/cave_of_the_winds.htm
4.ബോസ്ടനിലെ ശാസ്ത്രകേന്ദ്രവും ക്ഷേത്രവും






Comments
Post a Comment