3: ബോസ്റ്റണ്‍ എന്ന ചരിത്ര നഗരം
ചരിത്രത്തില്‍ ബോസ്റ്റണ്‍ എന്ന നഗരം അറിയപ്പെടുന്നതു ബോസ്റ്റണ്‍ ടീ പാര്‍ട്ടി
അഥവാ ചായ സല്കാരത്തിന്റെ പേരില്‍ ആണു. ബ്രിട്ടിഷ് കപ്പലില്‍ ചൈനയില്‍ നിന്നു
അമേരിക്കയിലേക്കു ഇറക്കുമതി ചെയ്ത തേയിലക്കു അമിതമായ നികുതി ചുമത്തുന്നതില്‍
പ്രതിഷേധിച്ചു കപ്പലില്‍ കൊണ്ടുവന്ന ചായപ്പെട്ടികള്‍ മുഴുവന്‍ അറ്റ്ലാന്‍റിക്
സമുദ്രത്തിലേക്കു വലിച്ചെറിയുന്നതോടു കൂടിയാണു അമേരിക്കന്‍ സ്വാതന്ത്ര്യസമരം
തുടങ്ങിയത്. 1773 ഡിസംബറില്‍ ആയിരുന്നു ഇതു നടന്നതു. ബോസ്റ്റണ്‍ ന്യൂ ഇന്ഗ്ലണ്ട്
എന്നറിയപ്പെടുന്ന മൂന്നു സംസ്ഥാനങ്ങളില്‍ പെട്ട മസ്സാചു സെറ്റ്സ് (Massachusetts)
സംസ്ഥാനത്തിന്റെ കേന്ദ്രമാണ്. മെയിന്‍(Maine), ന്യു ഹാംപ്ഷയറ് (New Hampshire)
എന്നിവയാണ് മറ്റുള്ളവ. വീടുകള്‍ കാണുമ്പോള്‍ തന്നെ ഈ പേരു അന്വര്ത്ഥമാണെന്നു
തോന്നും. കാരണം ഈ ഭാഗങ്ങളിലെ വീടുകള്‍ ഇന്ഗ്ളണ്ടിലെ പോലെയാണിരിക്കുന്നതു.
അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാര്‍ ഇന്ഗ്ലണ്ടില്‍ നിന്നായിരുന്നു. അവര്‍
മിക്കവരും ചെന്നതു ബോസ്ടണിലേക്കും പരിസര പ്രദേശങ്ങളിലേക്കും ആയിരുന്നു. കൂടുതലും
കിഴക്കേ യൂറൊപ്പില്‍ നിന്നുള്ളവര്‍ പിന്നീടു വന്നവര്‍ തെക്കുഭാഗത്തേക്കാണു
കുടിയേറിയതു. ന്യൂയോര്‍ക്കിലേക്കു റോഡുമാര്ഗം മൂന്നര മണിക്കൂര്‍ മാത്രമേ
യാത്രയുള്ളൂ ബോസ്ടനില്‍ നിന്നു. അമേരിക്കയിലെ മറ്റു നഗരങ്ങളെ അപേക്ഷിചു ചെറുതാണു
ബോസ്ടണ്‍ നഗരം. ഒരു തുറമുഖനഗരമായതു കൊണ്ടു ധാരാളം സഞ്ചാരികളെ ആകര്ഷിക്കുന്നുണ്ടു.
തിമിംഗലങ്ങളെ കാണാനുള്ള യാത്ര ഒരു വിശേഷാല്‍ ആകര്‍ഷണമാണു. പ്രസിദ്ധമായ
വിദ്യാഭ്യാസ സ്ഥാപനങ്ങളായ മസ്സച്യൂസെട്ട്സ് ഇന്സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി (
എം.ഐ.ടി), ഹാര്‍വാര്‍ഡു യൂണിവേര്സിറ്റി ഇവയുടെ സ്ഥാനം ബോസ്റ്റണില്‍ ആണു. ഒരു
കാലത്തു ഹാര്‍വാര്‍ഡ് യൂണിവേര്സിറ്റിയിലെ എം.ബി.എ. ബിരുദം മാനേജുമെന്റു
പഠിക്കുന്ന ഏതു വിദ്യാര്ത്ഥിയുടെയും സ്വപ്നമായിരുന്നു. ഇന്നു മറ്റു ചില
സ്ഥാപനങ്ങള്‍ ആ പേരു കൊണ്ടു പോയിരിക്കുന്നു എങ്കിലും. അമേരിക്കയില്‍ പൊതുവെ
ആള്‍ക്കാര്‍ നഗരങ്ങളില്‍ പാര്‍ക്കുന്നത് കുറവാണു. നഗരങ്ങളുടെ
പ്രാന്തപ്രദേശങ്ങളിലാണു കൂടുതലായി താമസിക്കുക. പബ്ലിക് വാഹന സൌകര്യം വളരെ
കുറവാണെങ്കിലും മിക്കവാറും എല്ലാവര്‍ക്കും ന്തമായ കാറുള്ളതു കൊണ്ടും പെട്രോളിനു
വില കുറവായതു കൊണ്ടും പുറത്തു പോകേണ്ടിവരുന്ന എല്ലാവര്‍ക്കും സ്വന്തമായി
വാഹനങ്ങള്‍ ഉണ്ടു. ഒരു വീട്ടില്‍ തന്നെ രണ്ടൊ മൂന്നോ കാറുകള്‍ അസാധാരണമല്ല.
വെറുതെയല്ല വായു മലിനീകരണത്തിനും ഹരിതവാതകബഹിര്ഗമനത്തിനും പ്രധാനപ്പെട്ട
കുറ്റവാളി അമേരിക്കയാണെന്നു പറയുന്നതു. ചൈനയും ഭാരതവും ഒട്ടും പിന്നിലല്ല
എങ്കിലും. ഞങ്ങളുടെ കുട്ടികള്‍ ഇപ്പോള്‍ താമസിക്കുന്നത് ഹോപ്കിന്‍റണ്‍ എന്ന ഒരു
ചെറിയ പട്ടണത്തിലാണു. മകള്‍ക്കും മരുമകനും നഗരത്തില്‍ ആണ് ജോലി എങ്കിലും
ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ആഫീസില്‍ പോയാല്‍ മതിയാവും . ബാക്കി ദിവസം വീട്ടില്‍
ഇരുന്നു ജോലി ചെയ്യാം. മരുമകനു ചിലപ്പോള്‍ ചിക്കഗോ കാലിഫോറ്ണിയ തുറ്റങ്ങിയ
സ്ഥലങ്ങളിലേക്ക് യാത്ര പോകെണ്ടി വരാറുണ്ട്. ഇവിടെ അടിത്തു തന്നെ ഫ്രാമിങ്ഹാമില്‍
രണ്ടു ഇന്ത്യന്‍ സ്റ്റോറുകള്‍ ഉണ്ട്. മിക്കവാറും എല്ലാ സാധനങ്ങളും അവിടെ കിട്ടും.
മസാലപ്പൊടി കറിവേപ്പിലവരെ. പച്ചക്കറികള്‍ മിക്കവാറും മെക്സിക്കോയില്‍ നിന്നാണ്
വരുന്നതു. നമ്മുടെ മരച്ചീനി പോലും കിട്ടും. നല്ല ഫ്രെഷ് ആയി. നാലു തണ്ടു
കറിവേപ്പിലയ്കു ഒരു ഡോളറ് കൊടുക്കണമെന്നു മാത്രം. ഇന്ത്യന്‍ ഉറുപ്പികയിലേക്കു
മാറ്റിയാല് വാങ്ങാന് തോന്നുകയില്ല. ബംഗളാദേശില്‍ നിന്നു കൊണ്ടുവന്ന മത്സ്യം,
നമ്മുടെ പൊറോട്ട എല്ലാം കിട്ടും. ഉപ്പേരിയും അച്ചാറും എല്ലാം സുലഭം. ഞങ്ങള്‍
താമസിച്ചിരുന്ന തുര്ക്കിയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ഗം തന്നെ. പണം
ഉണ്ടായാല്‍ മതി, സാധനങ്ങളെല്ലാം സുലഭം. ചൈനക്കാരുടെ കടകളും ഉണ്ടു, കൂടുതലും
തുണിത്തരങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളും അവിടെ കിട്ടും. നല്ല നിലവാരം
പുലര്‍ത്തുന്നവ. നമ്മുടെ നാട്ടില്‍ കിട്ടുന്ന ചൈനീസ് സാധനങ്ങളുപോലെ മോശമല്ല
ഗുണനിലവാരം. നമുക്ക് ഗുണനിലവാരത്തെക്കാള്‍ വിലക്കുറവാണല്ലോ നോട്ടം.






Comments
Post a Comment