2. കൊച്ചിയില്‍ നിന്ന് ബോസ്റ്റനിലേക്ക്

അങ്ങനെ 11 മണിക്ക് കൊച്ചിയിലെ എമിറെറ്റ്സ് വിമാനത്തിലേക്ക് ചെക്കിന്‍ ചെയ്യുന്ന കൌണ്ടറിനു മുന്നിലെ കസേരകളില്‍ ഒന്നില്‍ സ്ഥാനം ഉറപ്പിച്ചു. 1`230 നു മാത്രമേ ചെക്കിന്‍ ചെയ്യാന്‍ തുടങ്ങൂ എന്നറിഞ്ഞ് സമയം കളയാന്‍ എന്താണ് മാര്‍ഗം എന്നു നോക്കി. പണ്ട് എന്‍റെ ഒരു അദ്ധ്യാപക സുഹ്റുത്തു ഖരഖ്പൂര്‍ റെയില്വേ സ്റ്റേഷനില്‍ കേരളത്തിലേക്കുള്ള പുലര്‍ചച്ചെ വരുന്ന ട്രെയിന്‍ കാത്ത് രാത്രി പത്തു മണി ഇരിക്കുമ്പോള്‍ എങ്ങനെ സമയം കഴിക്കും എന്നു ചോദിച്ചപ്പൊള്‍ മറ്റു യാത്രക്കാര്‍ ആരൊക്കെയാണ് അവരുടെ യാത്രോദ്ദേശം കുടുംബപശ്ചാത്തലം എന്നിവ ആലോചിച്ചു സമയം പോക്കും എന്നു പറഞ്ഞത് ഓര്‍മ്മിച്ചു. ഇവിടെയും അതൊക്കെ തന്നെയേ ചെയ്യാന്‍ പറ്റൂ എന്നറിഞ്ഞു മറ്റുള്ളവരെ ശ്രദ്ധിച്ചു തുടങ്ങി. ആദ്യം കണ്ടത് വിദൂര പൂര്‍വ്വ ദേശത്ത് കംബോഡിയ തായ്ലന്ഡ് എന്നിവിടങ്ങളിലെ ചില മെലിഞ്ഞ ചൈനീസ് മുഖം ഉള്ള പെണ്‍കുട്ടികളെ ആണ്‍. തായ്ലാന്‍ഡ് വിമാനക്കമ്പനിയുടെ വിമാനത്തിലെ ചെക്കിന്‍ നടക്കുന്നു, അതിലെ ക്യാബിന്‍ ക്രൂവും മറ്റും ആണെന്നു തോന്നുന്നു. അവരുടെ ഭാഷയില്‍ എന്തൊക്കെയൊ ഉരുവിട്ടു കൊണ്ട് അവര്‍ അടുത്തുള്ള കസേരകളില്‍ ഇരിക്കുന്നു. കുറച്ചു സമയം കഴിഞ്ഞ് അവര്‍ കൂട്ടത്തോടെ എഴുനേറ്റു പോയി. അവരുടെ ഡ്യൂട്ടി സമയം ആയി എന്നു തോന്നി. അവര്‍ ഒഴിവാക്കിയ സീറ്റുകളില്‍ എന്നെപ്പോലെയുള്ള ചില സീനിയര്‍ ദമ്പതിമാര്‍ ഇരിപ്പുറപ്പിച്ചു. ഉറക്കം വരുന്നുണ്ടെങ്കിലും ഉറങ്ങാന്‍ വയ്യല്ലോ. ഇടക്ക് മൂത്ര ശങ്ക ഒഴിവാക്കാന്‍ അല്‍പ്പം ശങ്കയോടെ ലഗ്ഗേജ് കയറ്റിയ ട്റോളി പുരത്തു വെച്ച് ടോയ്ലെറ്റില്‍ പോയി വീണ്ടും ഇരുപ്പു തുടര്‍ന്നു. ഏകദേശം 1230 ആയപ്പോള്‍ കൌണ്ടറില്‍ ആളനക്കം കണ്ടു. പെട്ടെന്ന് 5-8 പേര്‍ ക്യൂവില്‍ നിലയുറപ്പിച്ചു. ഞാനും മെല്ലെ അവരുടെ കൂടെ കൂടി. എന്‍റെ മുറ ആയപ്പോള്‍ ഞാന്‍ ടിക്കറ്റും പാസ്പൊര്‍ട്ടും കൌണ്ടറില്‍ ഇരുന്ന കുട്ടിയെ ഏല്‍പ്പിച്ചു . അവര്‍ എന്‍റെ നീണ്ട പേര്‍ പറയന്‍ തന്നെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. എന്‍റെ പേരിനു പകരം എന്‍റെ അച്ഛന്‍റെ പത്മനാഭന്‍ എന്ന പേരു വിളിച്ചു കമ്പ്യൂട്ടറില്‍ പരതിയ ശേഷം എന്‍റെ വിമാനം എമിറെറ്റ്സ് അല്ല ഫ്ലൈദ്യുബായ് ആണ് , ആ വിമാനത്തിലേക്ക് ചെക്കിന്‍ ചെയ്യാന്‍ അവരുടെ കൌണ്ടറിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. ഞാന്‍ തന്നെ ഓണ്‍ ലയിന്‍ ബുക്കു ചയ്തത് എമിറെറ്റ്സ് ആണ് എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടായില്ല. ഒരേ യാത്രക്ക് രണ്ടു ഫ്ലൈറ്റ് നമ്പര്‍ ടിക്കറ്റില്‍ കണ്ടപ്പോള്‍ സംശയം തോന്നി. വലിയ പെട്ടിയും ബാക്പാക്കും തൂക്കി ഞാന്‍ ഫ്ലൈദ്യുബായ് കൌണ്ടര്‍ അന്വേഷിച്ചു കണ്ടെത്തി അവിടത്തെ ക്യൂവില്‍ ഇടം പിടിച്ചു. അവിടത്തെ കുട്ടികള്‍ക്കും ചെറിയ തപ്പല്‍ ഉണ്ടായിരുന്നു , അവര്‍ എന്നോട് അല്‍പ്പം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. അഞ്ചു മിനുട്ടുകള്‍ക്കു ശേഷം വലിയ ബാഗ് ബുക്കു നേരിട്ടു ബോസ്റ്റണിലേക്ക് ബുക്കു ചെയ്ത് സ്ലിപ്പും കൊച്ചിയില്‍ നിന്നും ദ്യുബായില്‍ നിന്നും ഉള്ള ബോര്‍ഡിങ് പാസുകളും തന്നു. അതുകഴിഞ്ഞ് ഉറക്കം തൂങ്ങി ബോര്‍ഡിങ് ഗെയിറ്റിലെക്കു നീങ്ങി. രണ്ട് ദിവസം മുമ്പ് ടെലിചെക്കിന്‍ ചെയ്തിരുന്നതു കൊണ്ട് 26C സീറ്റു തന്നെ കിട്ടി. വിന്ഡോ സീറ്റല്ല എന്നു മാത്രം. ഫ്ലൈദ്യുബായ് എമിറെറ്റ്സ് ഇവ രണ്ടിനെയും ബോര്‍ഡിങ് ഗെയിറ്റും വിമാനവും ഒന്നു തന്നെ എന്നു തോന്നി. ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഫ്ലൈദ്യുബായ് അടുത്ത കാലത്തു തുടങ്ങിയ ഒരു വിമാന കമ്പനിയാണ്. എമിറെറ്റ്സ് പണ്ടു മുതലേ ഉള്ളതും ലോകത്തില്‍ പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് എല്ലാം വിമാനം ഓടിക്കുന്നവര്‍. ഫ്ലൈദ്യുബായ് മെല്ലെ വലുതായി വരുന്നേ ഉള്ളു. കൊച്ചിയില്‍ നിന്നു ദ്യുബായ്ക്കു ഏതാണ്ട് നാലു മണിക്കൂര്‍ ആണ് യാത്രാ സമയം. 320 നു തന്നെ വിമാനം പുറപ്പെട്ടു. 730 നു ദ്യുബായില്‍ എത്തുമെന്നു പ്രതീക്ഷിച്ച വിമാനം 630 നു തന്നെ അവിടെ എത്തി. വഴിയില്‍ വെച്ച് അവര്‍ മോശമല്ലാത്ത പ്രാതല്‍ തരുകയും ചെയ്തു. ദ്യുബായ് വിമാനത്താവളം സാമാന്യം വലിയ ഒന്നാണ്. ഞങ്ങളുടെ വിമാനം രണ്ടാമത്തെ ടെര്‍മിനലില്‍ ആണ്‍ ഇറങ്ങിയത്. ബോസ്റ്റണിലേക്കുള്ള വിമാനം മൂന്നാം ടെര്‍മിനലില്‍ നിന്നാണ് പുറപ്പെടുന്നത്. അതുകൊണ്ട് അവര്‍ ബസ്സില്‍ കയറ്റി മറ്റു സ്ഥലങ്ങളിലേക്കു പോകുന്നവരെ മൂന്നാം ടെര്‍മിനലില്‍ എത്തിച്ചു. അവിടെ എത്തി കുറെ നേരം നടന്ന് ഞങ്ങളുടെ ബോര്‍ഡിങ് ഗെയിറ്റില്‍ എത്തി. അങ്ങനെ എമിറെറ്റ്സിന്‍റെ തന്നെ ബോറ്ഡിങ് പാസും വാങ്ങി അവരുടെ വിമാനത്തില്‍ കയറി., ദുബായ് സമയം 830 മണിക്കായിരുന്നു വിമാനം പുറപ്പെട്ടത്. ബോസ്റ്റണിലേക്ക് 13 മണിക്കൂര്‍ ആണ് യാത്ര എന്നു മൈക്കില്‍ വിളിച്ചറിയിച്ചു.
നീണ്ട വിമാന യാത്രയില്‍ ഞങ്ങള്‍ ഒക്കെ എടുക്കുന്ന സാധാരണ എക്കോണമി ക്ലാസ്സില്‍ ചടഞ്ഞു കൂടി ഇരിക്കുന്നതു തന്നെ കുറച്ചു ബുദ്ധിമുട്ടാണ്. അതും പതിമൂന്നു മണിക്കൂര്‍. യാത്രയില്‍ ധാരാണം വെള്ളം കുടിക്കണം, കയ്യും കാലും അനക്കണം എന്നൊക്കെയാണ് എല്ലാവരും പറയുന്നത്. വെള്ളം കൂടുതല്‍ കുടിച്ചാല്‍ സ്വാഭാവികമായും കൂടുതല്‍ പ്രാവശ്യം മൂത്രം ഒഴിക്കാന്‍ പോകേണ്ടി വരും. പിന്നെ 13 മണിക്കൂര്‍ തുടര്‍ച്ചയായി ഒന്നും രണ്ടൂം കഴിക്കാതെ ഇരിക്കാന്‍ നമുക്ക് ആവുകയില്ല. വിമാനത്തിലെ ടൊയ്ലെറ്റില്‍ കഷ്ടിച്ച് ഒരു ക്ലൊസെറ്റ് ഒരു ചെറിയ വാഷ് ബേസിന്‍ ഇതിനുള്ള സ്ഥലമേ ഉള്ളു. കക്കൂസില്‍ പോകാന്‍ പോരാഞ്ഞു മൂത്രം ഒഴിച്ചാല്‍ കഴുകാന്‍ പോലും വെള്ളം ഇല്ല. ടൊയ്ലെറ്റില്‍ പേപ്പര്‍ വെച്ചിട്ടുണ്ടാവും . വെള്ളം ഉപയോഗിക്കാതെ ശൌചം ചെയ്യുന്ന രീതി ഇപ്പൊഴും പൂറ്ണമായി സ്വാധീനവുമല്ല. പ്രായം ആയപ്പോള്‍ കൂടുതല്‍ പ്രാവശ്യം മൂത്രം ഒഴിക്കാനും കക്കൂസില്‍ പോകാനും ആവശ്യമായി വരുന്നതും സ്വാഭാവികമല്ലേ. അന്തര്‍ദ്ദേശീയ വിമാനയാത്രയില്‍ മലവിസര്‍ജ്ജനം ബുദ്ധിമുട്ടു തന്നെയാണ്. അത്യാവശ്യം ആണെങ്കില്‍ കുറെ കൂടുതല്‍ ടൊയ്ലെറ്റ് പേപ്പര്‍ എടുത്തു ടൊയ്ലെറ്റ് സീറ്റ് ഒന്നോ രണ്ടോ പ്രാവശ്യം വൃത്തിയാക്കിയതിനു ശേഷം മാത്രമേ സീറ്റില്‍ ഇരിക്കാവൂ. പരിപാടി കഴിഞ്ഞ് എത്രയും കൂടുതല്‍ പ്രാവശ്യം പേപ്പര്‍ കൊണ്ട് ആസനം തുടച്ചു വൃത്തിയാക്കുക മാത്രമെ മാര്‍ഗ്ഗം ഉള്ളു. വാഷ് ബേസിനില്‍ നിന്നു കിട്ടുന്ന വെള്ളം കൈ സോപ്പിട്ടു കഴുകാനേ ഉപയോഗിക്കാന്‍ കഴിയൂ.
മറ്റൊരു കാര്യം വിമാനത്തിലെ ഭക്ഷണവിതരണം ആണ്. ഞങ്ങളുടെ ദ്യുബായ് ബോസ്റ്റണ്‍ വിമാനത്തില്‍ രാവിലെ പ്രാതലും ഉച്ചക്ക് ലഞ്ചും വൈകുന്നേരം ലഘുഭക്ഷണവും തന്നു. ഇതൊക്കെ കഴിച്ചാല്‍ പുറത്തേക്ക് കളയാതിരിക്കാന്‍ കഴിയുകയില്ലല്ലൊ. അതുകൊണ്ട് നീണ്ട വിമാനയാത്രക്കു പോകുന്നവര്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ സഹിച്ചേ മതിയാവൂ. ഭക്ഷണം കുറച്ചാലും വെള്ളം കുടിക്കാതെ ഇരിക്കാന്‍ ആവുകയില്ല. വിമാനത്തിലെ സര്‍വീസിനെപ്പറ്റി ഒരു വാക്ക്. മുന്‍ അനുഭവത്തില്‍ എമിറേറ്റ്സിലെ പൊതുവെ സര്‍വീസ് നല്ലതായിരുന്നു എങ്കിലും ഇത്തവണ ഭക്ഷണം വിതരണം ചെയ്തതില്‍ ചില അപാകതകള്‍ തോന്നി. മുമ്പൊക്കെ എമിറെറ്റ്സ് വിമാനത്തില്‍ നമ്മുടെ ഭാരതീയരോ ഗള്‍ഫ് രാജ്യങ്ങളീലെ കുട്ടികളൊ ആയിരുന്നു ക്യാബിന്‍ ക്രൂ. എന്നാല്‍ ഇത്തവണ ജോലിക്കാര്‍ മിക്കവരും ചൈനാക്കാരെ പോലെ തോന്നിച്ചു. സര്‍വ്വീസും അത്ര നന്നായി തോന്നിയില്ല. ആദ്യം കൊണ്ടുവന്ന സ്വാഗത പാനീയം പോലും എനിക്കു ചോദിച്ചു വാങ്ങേണ്ടി വന്നു. അതുപോലെ ലഞ്ചില്‍ പ്രധാന ഐറ്റം ആയ ചിക്കനും ചോദിച്ചു വാങ്ങേണ്ടി വന്നു. പലരുടെ ഇടയില്‍ പാമ്പു ചാകില്ല എന്നു പറഞ്ഞതു പോലെ, ഓരോന്നും വേറെ വെറെ ആള്‍ക്കാര്‍ വിതരണം ചെയ്തത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്നും അറിയില്ല. ദ്യുബായില്‍ നിന്നു പുറപ്പെട്ട സമയത്ത് നല്ല വെയില്‍ ഉണ്ടായിരുന്നു . വിമാനം പുറപ്പെട്ടു കുറച്ചു നേരം മാത്രമേ ഭൂമി കാണാന്‍ കഴിയൂ. പിന്നെ വെണ്മേഘങ്ങള്‍ മാത്രം. സൌദി അറേബ്യ ടര്‍ക്കി (ഇസ്റ്റാംബുള്‍) യൂറോപ്പിലെ പ്രധാന രാജ്യങ്ങള്‍ എന്നിവയുടെ മുകളില്‍ കൂടി പറന്നു സ്കാന്ഡിനേവിയന്‍ രാജ്യങ്ങളുടെ മുകളില്‍ കൂടി കടന്നു അറ്റ്ലാന്‍റിക് സമുദ്രം താണ്ടിയാണ് അമേരിക്കയിലേക്ക് ബോസ്റ്റണ്‍ പൊലെയുള്ള നഗരങ്ങളില്‍ എത്തുന്നത്. ചിത്രതില്‍ കൊടുക്കുന്ന റൂട് മാപ്പ് നോക്കിയാല്‍ ഏതൊക്കെ രാജ്യങ്ങളുടെ മുകളില്‍ കൂടിയാണ് പറക്കുന്നത് എന്നു അറിയാം . വിമാനത്തിനുള്ളില്‍ ഉള്ള ടിവി സ്ക്രീനിലും യാത്രാ വിവരങ്ങളും വിമാനം പറക്കുന്ന വേഗത ഭൂമിയില്‍ നിന്നുള്ള ഉയരം, പുറത്തെ താപ നില എന്നിവ കാണാം. ഇത്തരം വിമാനങ്ങള്‍ 35000 - 40,000 വരെ അടി ( 10 കിമീ മുതല്‍ 12 കിമീ വരെ) ഉയരത്തിലും മണിക്കൂറില്‍ 550 – 650 മൈല്‍ ( 885 -1046 കിമീ ) വേഗത്തിലും ആണ് പൊകുന്നതു. പുറത്തെ താപനില -50 ഡിഗ്രി വരെ ആവാം. ഏതായാലും ബോസ്റ്റണിലേക്കുള്ള വിമാനത്തില്‍ സൌകര്യമായി ജനാലക്കടുത്തുള്ള സീറ്റു കിട്ടിയതു കൊണ്ട് ഇടക്കു പുറത്തേക്കു നോക്കാനും അപ്പൊഴൊക്കെ ചിലപ്പൊള്‍ തറയിലെ കാഴ്ച കാണാനും കഴിഞ്ഞു. ഉത്തര അറ്റ്ലാന്‍റിക് സമുദ്രത്തിലെ ചില ദ്വീപുകളിലെ മഞ്ഞു നിറഞ്ഞ മലകളുടെ ഫോട്ടൊ എടുക്കാന്‍ കഴിഞ്ഞു എന്‍റെ മൊബൈലില്‍ ചിലത് ഇതോടൊപ്പം കൊടുക്കുന്നു. ബോസ്റ്റണ്‍ നഗരത്തിനൊടടുക്കുമ്പോള്‍ കടല്‍ തീരത്തു തന്നെയുള്ള ബോസ്റ്റണ്‍ ലോഗന്‍ വിമാനത്താവളത്തിലേക്ക് വിമാനം ഇറങ്ങുന്ന ചെറിയ വിഡിയോ എടുക്കാനും കഴിഞ്ഞു. വിമാനം ഇറങ്ങി ഇമിഗേഷന്‍ ക്ലിയറന്സിനു വേണ്ടിയുള്ള നീണ്റ്റ ക്യൂവില്‍ നിന്നു 210 നു ഇറങ്ങിയ വിമാനത്തില്‍ ലഗ്ഗേജും എടുത്തു പുറത്തിറങ്ങിയപ്പോള്‍ മണീ മൂന്നര. സാധാരണ വീട്ടില്‍ നിന്നു ജോലി ചെയ്യുന്ന മകള്‍ക്ക് അന്ന് ഓഫീസില്‍ വരെണ്ടിയിരുന്നതു കൊണ്ട് അയാള്‍ ഓഫീസ്സില്‍ നിന്നു നേരിട്ട് വിമാനത്താവളത്തില്‍ എത്തി. എന്നെയും കൂട്ടി ഉബര്‍ വിളിച്ച് അവര്‍ താമസിക്കുന്ന ബോസ്റ്റണ്‍ നഗര പ്രാന്തത്തിലെ ഹോപ്കിന്‍റണ്‍ എന്ന ചെറുപട്ടണത്തില്‍ 530 ആയപ്പൊള്‍ എത്തി. ചെറുമകള്‍ അവളൂടെ ഒരു സ്കൂള്‍ പ്രോജെക്റ്റ് അവതരിപ്പിക്കാന്‍ എം.ഐ.ടി. യില്‍ നിന്നു വരാന്‍ പിന്നെയും വൈകി. ഇളയ ചെറുമകനു സ്കൂള്‍ അവധി തുടങ്ങിയതു കൊണ്ട് അയാള്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. വീട്ടില്‍ നിന്നു ജോലി ചെയ്യുന്ന മരുമകനും. ക്ഷീണവും ഉറക്ക ചടവും കൊണ്ട് അല്‍പ്പം പഴങ്ങള്‍ മാത്രം കഴിച്ച് കിടക്കയിലേക്ക് വീണു.

Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം