1 യാത്രയുടെ തുടക്കം : ഗ്രെയ്സ്ലാന്ഡില്‍ നിന്നു കൊച്ചി വിമാനത്താവളത്തിലേക്

ഇത്തവണ അമേരിക്കയിലെ വേനല്‍ കാലം ആയപ്പോള്‍ മകളുടെയും കുടുംബത്തിന്‍റെയും നിര്‍ബന്ധപ്രകാരം ഗ്രെയ്സ്ലാന്ഡിലെ ഏകാന്തവാസത്തില്‍ നിന്നും രക്ഷപെട്ട് കുട്ടികളുടെ കൂടെ കഴിയാന്‍ അവര്‍ നിര്‍ബന്ധിച്ചു. അങ്ങനെ തന്നെ ആവട്ടെ എന്നു തീരുമാനിച്ചു. ഒരു പ്രധാന വ്യത്യാസം എല്ലാ യാത്രയിലും എന്‍റെ സന്തത സഹചാരിയായിരുന്ന വീട്ടുകാരിയുടെ അഭാവം ആയിരുന്നു. അയാള്‍ വിഷ്ണുപദം പൂകിയ ശേഷം ഞങ്ങളുടെ മകന്‍റെ മകന്‍റെ, ആദ്യത്തെ പേരക്കുട്ടിയുടെ, കെയിംബ്രിീഡ്ജിലെ സമ്മേളന ത്തില്‍ പങ്കു കൊള്ളാന്‍ സ്കോട്ട്ലന്ഡി ലേക്കുള്ള യാത്ര ആയിരുന്നു ആദ്യം. അത് 2023 ജുലായ് മാസം ആയിരുന്നു അത്. അന്ന് മകളും കുടുംബവും റോമിലേക്ക് വന്നതുകൊണ്ട് ഒരു ഇറ്റലി യാത്ര തരപ്പെട്ടു. അതിന്‍റെ കുറിപ്പുകള്‍ ഇവിടെ മുമ്പ് ഇടുകയും ആമസോണില്‍ ഈബുക്കായി പ്രസിദ്ധീകരി ക്കുകയും ചെയ്തിരുന്നു. വിദേശത്തേക്ക് പോകുന്നവര്‍ക്ക് ആദ്യം വേണ്ടത് പാസ്സ്പോര്‍ട്ടും വിസയും ആണല്ലോ. പാസ്പൊര്‍ട്ട് കാലാവധി നോക്കിയപ്പോള്‍ കഴിഞ്ഞിട്ടില്ല എന്നാല്‍ അമേരിക്കയിലേക്കുള്ള വിസ ഒറ്റത്തവണ പത്തു വര്‍ഷത്തേക്ക് കിട്ടുമെങ്കിലും അതിന്‍റെ കാലാവധി 2021 ല്‍ കഴിഞ്ഞു എന്നു കണ്ടു. ശ്രീമതിയുടെ നീണ്ടുനിന്ന അസുഖകാലത്ത് യാത്രകളെ കുറിച്ച് ചിന്തിക്കാതിരുന്നതുകൊണ്ട് അത് നീട്ടാന്‍ ശ്റമിച്ചുമില്ല. ഏതായാലും അമേരിക്കന്‍ വിസയുടെ വെബ്സൈറ്റില്‍ നോക്കിയപ്പോള്‍ കാലാവധി കഴിഞ്ഞ് നാലു വര്‍ഷത്തിനകം വിസ നീട്ടിക്കിട്ടാന്‍ അപേക്ഷിച്ചാല്‍ കിട്ടുമെന്ന് കണ്ടു. അതുകൊണ്ട് ആദ്യ പടിയായി വിസ നീട്ടിക്കിട്ടാന്‍ ഒരു ഏജെന്സി വഴി അപേക്ഷ കൊടുത്തു. രണ്ടാഴ്ച കൊണ്ട് അതു അടുത്ത പത്തു വര്‍ഷത്തേക്ക് കൂടി വിസ നീട്ടികിട്ടി. ഇനി എത്ര തവണ പോകാന്‍ കഴിയുമോ, അറിയില്ല എങ്കിലും. അതു കഴിഞ്ഞ് ടിക്കറ്റ് ബുക്കു ചെയ്യാന്‍ ആയി ശ്റമം. അമേരിക്കയിലേക്കും മകന്‍റെ അടുത്തു ഗ്ലാസ്ഗോയി ലേക്കും ന്യായമായ നിരക്കില്‍ ടിക്കറ്റു കിട്ടുന്നത് എമിറെറ്റ്സ് എന്ന വിമാനക്കമ്പനിയില്‍ ആണ്. സര്‍വീസും നല്ലത്. ദ്യുബായി വഴിയാണ് യാത്ര . അവിടെ നിന്ന് വിമാനം മാറിക്കയറണമെന്നു മാത്രം. കൊച്ചിയില്‍ നിന്നു ദ്യുബായിലേക്ക് നാലു മണിക്കൂര്‍, ദ്യുബായില്‍ നിന്ന് ഏതാണ്ട് 13 മണിക്കൂര്‍ മകളും കുടുംബവും താമസിക്കുന്ന ബോസ്റ്റണ്‍ നഗരത്തി ലേക്ക്. അങ്ങനെ ജൂണ്‍ 12 നു അങ്ങോട്ടും ആഗസ്റ്റ് മാസം 29 നു തിരിച്ചും ടിക്കറ്റ് ബുക്കു ചെയ്തു. ടിക്കറ്റ് നിരക്ക് വളരെ കൂടിയിരിക്കുന്നു. ഏതാണ്ട് ഒരു ലക്ഷം രൂപയില്‍ താഴെ ആയിരുന്നു അങ്ങോട്ടും ഇങ്ങോട്ടും കൂടിയുള്ള നിരക്ക്.
അങ്ങനെ ടിക്കറ്റ് ബുക്കു ചെയ്തു കഴിഞ്ഞു എന്നെക്കാള്‍ അഞ്ചു വയസ്സിനു മൂത്ത സഹോദരിയെയും മകളുടെ ഭര്‍ത്താവിന്‍റെ മാതാ പിതാക്കളെയും കാണാന്‍ നാട്ടില്‍ മങ്കൊമ്പിലേക്ക് പോകാന്‍ ഇരിക്കുമ്പോഴാണ് ചേച്ചി യുടെ മകന്‍ വിളിച്ചു പറഞ്ഞത് ചേച്ചി പെട്ടെന്ന് ഒരു ചെക്കപ്പിനു കൊച്ചി രാജഗിരി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പുറപ്പെടാന് തൂടങ്ങുമ്പോള്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ച് ദിവംഗതയായി എന്ന വിവരം അറിഞ്ഞത്. ചേച്ചിയുടെ മരണാനന്തര ചടങ്ങുകള്‍ അവരുടെ മക്കളോടൊപ്പം പങ്കു കൊണ്ട് പുറപ്പെടുന്നതിനു നാലു ദിവസം മുമ്പ് ആലുവാ ശിവക്ഷേത്ര സന്നിധിയില്‍ അസ്ഥി നിമജ്ജനവും നടത്തി യാത്രക്ക് തയാറായി. ജൂണ്‍ 12 നു പുലര്‍ച്ചെ 315 നായിരുന്നു യാത്രയുടെ ആദ്യ ഘട്ടമായ ദ്യുബായിലേക്കുള്ള വിമാനം നെടുംബാ ശ്ശേരിയില്‍ നിന്നു പുറപ്പെടുന്നത്. 11 നു രാത്രിയില്‍ ഉറങ്ങാന്‍ കഴിയില്ല എന്നുറപ്പായി. 11 മണിയോടുകൂടി കൊച്ചി അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ എത്തണം. രാത്രി 10 മണി വരെ ഉബര്‍ കിട്ടുമെന്ന് ആരോ പറഞ്ഞു. പ്രൈവറ്റ് ടാക്സിക്കാര്‍ മുളന്തുരുത്തി യില്‍ നിന്നു വിമാനത്താവളത്തിലേക്ക് 2000 രൂപ വരെ ആവശപ്പെടുന്നുണ്ട്. അതേ സമയം ഉബര്‍ ടാക്സിക്ക് 1100-1200 ല്‍ നില്‍ക്കും എന്നു കണ്ടു. ഏതായാലും ഗ്രെയ്സ്ലാന്ഡിലെ ഗോതമ്പു ദോശയും മുട്ടക്കറിയും അടങ്ങുന്ന ഡിന്നര്‍ കഴിച്ച് കൂടുതല്‍ വൈകാതെ 9 മണിക്കു തന്നെ ഉബര്‍ വിളിച്ചു. 920 ആയപ്പോള്‍ ഒരു ഡ്രൈവര്‍ വണ്ടിയുമായി എത്തി. വന്ന ഡ്രൈവര്‍ രസികനായ ഒരു വിമുക്തഭടനാ യിരുന്നു. സാധാരണ വിമുക്ത ഭടന്മാര്‍ ആവശ്യത്തില്‍ കൂടുതല്‍ സംസാരിക്കുന്നവര്‍ ആകുമെന്നാണ് അനുഭവം . കൊല്ലത്ത് പഠിക്കുമ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളെ പാമ്പു കടിച്ച് ആശൂപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അയാളെ ഉറങ്ങാന്‍ അനുവദിക്കരുത് എന്ന് ഡോക്ടര്‍പറഞ്ഞപ്പോള്‍ ഞങ്ങള്‍ അയാളുടെ അടുത്ത് കാവല്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ചായ വാങ്ങി തന്ന് ഞങ്ങളെയും പാമ്പു കടിച്ച ആളിനെയും ഉറങ്ങാതെ ഇരുത്തി തന്‍റെ പട്ടാള സ്മരണകള്‍ വിശദീ കരിച്ച ഒരു പട്ടാളക്കാരനെ ഓര്‍മ്മ വന്നു. തന്‍റെ അനു ഭവങ്ങള്‍ ആയിരുന്നു അദ്ദേഹഹത്തിന്‍റെ വീര കൃത്യ ങ്ങള്‍., എന്നാല്‍ ഇയാള്‍ തന്‍റെ കുടുംബത്തെപ്പറ്റിയാണ് വാചാലനായതു. ഒരേ ഒരു മകന്‍. കൂടുതല്‍ പഠിക്കാന്‍ മടി ആയിരുന്നു എങ്കിലും ഒരു വിധം ബി.സി.ഏ. വരെ പഠിച്ച് ലുലു മാളില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മകന്‍, വിദേശത്തെക്ക് ഒന്നും പോകാതെ അമ്മയുടെയും അച്ഛന്‍റെയും കൂടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന മകന്‍, മിലിട്ടറി ക്വാട്ടായില്‍ കിട്ടുന്ന മദ്യം “ നിങ്ങളെന്തിനാ ഇത് വെറുതെ വെച്ചിരിക്കുന്നത് , ഒന്നുകില്‍ കുടിച്ചു കൂടെ അല്ലെങ്കില്‍ ആര്‍ക്കെങ്കിലും കൊടുത്തു കാശൂ വാങ്ങിക്കൂടെ” എന്നു പറയുകയും അത്യാവശ്യം ഒന്നോ രണ്ടോ പെഗ് ഒഴിച്ചു കൊടുക്കു കയും ചെയ്യുന്ന സ്നേഹമയിയായ ഭാര്യ , നമ്മുടെ വിമുക്ത ഭടന്‍ ഇവര്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. അസുഖം വന്നാല്‍ അച്ഛന്‍റെയും അമ്മയുടെയും കൂടെ കിടന്നാല്‍ അസുഖം മാറും എന്നു വിശ്വസിക്കുന്ന 26 വയസ്സുള്ള മകന്‍, അത്യാവശ്യം ഒന്നൊ രണ്ടോ പെഗ് ഒഴിച്ചു കൊടുക്കുന്ന ഭാര്യ , ഉച്ചക്കു രണ്ടൂ മണിവരെ ഏ ടി എമ്മില്‍ പണം നിറക്കുന്നതു പോലെ ഉയര്‍ന്ന സുരക്ഷിതത്വം ഉള്ള വണ്ടി ഓടിക്കുകയും അതുകഴി ഞ്ഞു രാത്രി 10 മണിവരെ സ്വന്തം വണ്ടി ഉബര്‍ ആയി ഓടിക്കുകയും ചെയ്യുന്ന ബിനോയ് എന്ന ഡ്രൈവറു മായിരുന്നു ആ കുടുംബം. എന്‍റെ കുടുംബവിവര ങ്ങളും അയാളുമായി കൈമാറി 1030 നു തന്നെ അയാള്‍ എന്നെ അന്തര്‍ദ്ദേശീയ ടെര്‍മിനലില്‍ എത്തിച്ചു. 1098 രൂപ മാത്രം ഉബര്‍ നിരക്ക്. 100 രൂപ ടിപ്പും കൊടുത്ത് ഞാന്‍ അയാളെ യാത്രയാക്കി. വിമാനത്താവളത്തില്‍ എമിറേറ്റ്സ് കൌണ്ടറിന്‍റെ അടുത്തേക്കു നീങ്ങി. 1230 മണിക്കേ ചെക്കിന്‍ തുടങ്ങുകയുള്ളു, അതുകൊണ്ട് ലഗേജുമായി അവിടെ കുത്തിയിരുന്നു.

Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം