27.പകല്‍ വീട് അമേരിക്കയില്‍
ചെറിയ കുട്ടികളെ പകല്‍ സമയത്ത് സംരക്ഷിക്കുന്ന അംഗനവാടി പോലെ വയോജനങ്ങള്‍ക്ക് പകല്‍ സമയം ഒത്തുകൂടാനും സൊറ പറയാനും കളിക്കാനും
ഒക്കെ ഉള്ള സൌകര്യങ്ങള്‍
ഉള്ള സ്ഥാപനം ആണല്ലോ
പകല്‍ വീടുകള്‍. നമ്മുടെ നാട്ടില്‍ 60 വയസ്സില്‍ കൂടിയവരുടെ ജനസംഖ്യ 15% ല്‍
അധികം ആയിട്ടുണ്ട് എന്ന് അടുത്തു വായിച്ചതോര്‍ക്കുന്നു. നമ്മൂടെ
യുവാക്കള്‍ ഉന്നത
വിദ്യാഭ്യാസത്തിനും ജോലിതേടിയും വിദേശ രാജ്യങ്ങളിലെക്ക്
ധാരാളം പോകുന്നതു കൊണ്ട് ഈ തോത് വീണ്ടും
വര്‍ദ്ധിക്കാനാണ് സാദ്ധ്യത. എന്നാല്‍ പല വിധ
അസുഖങ്ങളും മറ്റും കൊണ്ട് ബുദ്ധിമുട്ടുന്ന
ഈ വയോജനങ്ങളെ പകല്‍ സമയം എങ്കിലും ഏകാന്തതയില്‍
നിന്നും രക്ഷിക്കാന്‍ ഇത്തരം
സൌകര്യങ്ങള്‍ ആവശ്യമാണ്. ആരോഗ്യവും യുവത്വവും ഉണ്ടായിരുന്ന കാലത്ത് കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച
ഇവരെ ജീവിത സായാഹ്നത്തില്‍ അവഗണിക്കുന്നത് ശരിയല്ല.
എല്ലാ പഞ്ചായത്തിലും പകല്‍
വീടുകള്‍ ഉണ്ടാക്കും എന്ന് നേതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന
ഇത്തരം സ്ഥാപനങ്ങള്‍ കേരളത്തില്‍ തീരെ
ഇല്ല എന്നു തന്നെ അറയാം . സ്വകാര്യ
വ്യക്തികളോ സ്ഥാപനങ്ങളൊ നടത്തുന്ന അപൂര്‍വ്വം
സ്ഥാപനങ്ങള്‍ ഉണ്ട് എങ്കിലും അവ തികച്ചും അപര്യാപ്തമാണ്.
മക്കളുടെ
കൂടെ താമസിക്കുന്നവര്‍ പോലും മകനും ഭാര്യയും
ജോലിക്കും പേരക്കുട്ടികള്‍
സ്കൂളിലും പോയി ക്കഴിയുമ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ തികച്ചും
ഒറ്റപ്പെട്ടു കഴിയുകയാണ്. ഇവരെ
രാവിലെ വീട്ടില്‍ നിന്നു
കൂട്ടിക്കൊണ്ടു വന്നു ഒരു സ്ഥലത്തെത്തിച്ച് പകല്‍ സമയം അവര്‍ക്ക് അത്യാവശ്യം വേണ്ട ഭക്ഷണവും ചെറിയ തോതില്‍ ഉള്ള
വ്യായാമവും മാനസികോല്ലാസത്തിനുള്ള
കളികളും ഒക്കെ നടത്തി അവയില്‍
പങ്കേടുക്കാന്‍ അവസരം ഉണ്ടാവേണ്ടതാണ്.
പൊതുവെ പാശ്ചാത്യ
രാജ്യങ്ങളില്‍ , പ്രത്യേകിച്ചും ബ്രിട്ടനിലും അമേരിക്കയിലും വയോജനങ്ങളെ സംരക്ഷിക്കാന്‍ മെച്ചപെട്ട
സംവിധാനങ്ങള്‍ നിലവില്‍ ഉണ്ട് എന്നു മനസിലായി. എന്നാല്‍ ഇത്തരം
കേന്ദ്രങ്ങളില്‍ ഇതുവരെ ഞാന്‍ പോയിട്ടില്ല.
ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന
ബോസ്റ്റണിലെ ഹോപ്കിന്‍റണ്‍ എന്ന ചെറുനഗരത്തില്‍ ഇത്തരം ഒരു സംവിധാനം ഉണ്ട് എന്നു മകള്‍ പറഞ്ഞപ്പൊള്‍ അവിടെ ഒന്നു പോയി
നോക്കാം എന്നു കരുതി. ഹോപ്കിന്‍റണ്‍ വയോജന കേന്ദ്രത്തിലെ സൌകര്യങ്ങളെപ്പറ്റി ഇത്തവണ എഴുതാം എന്നു കരുതി
സമയക്റമവും
ഭക്ഷണവും മറ്റും .
ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 830 മുതല്‍ വൈകുന്നേറം 4-30 5 മണിവരെയാണ്
പ്രവര്‍ത്തന സമയം. വൃദ്ധ
ജനങ്ങളെ അവര്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്രത്തിന്‍റെ സ്വന്തം വാഹനത്തില്‍ വീട്ടി
ചെന്നു കൂട്ടിക്കൊണ്ടുവരുകയും വൈകുന്നേരം
തിരിച്ചു വീട്ടില്‍ എത്തിക്കുകയും ചെയ്യുന്നു. ഇതിനു വേണ്ടി നാമമാത്രമായ
ഒരു ഡോളര്‍ കൊടുത്താല്‍ മതിയാവും
. അതുപൊലെ ആവശ്യമുള്ളവര്‍ക്ക് രാവിലത്തെ പ്രഭാത
ഭക്ഷണത്തിന് ഒരു ഡോളറും ഉച്ചഭക്ഷണത്തിനു 5 ഡോളറും ആണ് കൊടുക്കേണ്ടത്. ഇപ്പോഴത്തെ
ഡോളര്‍ റുപ്പീ വിനിമയ നിരക്കു
വെച്ച് നോക്കിയാല്‍ ഇതു വലിയ തുക
ആണെന്നു തോന്നാം ( ഒരു ഡോളര്‍
ഇപ്പോള്‍ സുമാര്‍ 80 രൂപ)
എങ്കിലും ഇവിടെ ഒരു കാപ്പിക്കോ ചായക്കോ അഞ്ചു ഡോളറും അര
ലിറ്റര്‍ കുപ്പി വെള്ളത്തിനു 2 ഡോളറും കൊടുക്കേണ്ടി
വരും എന്നറിയുമ്പോല്‍ ഒത് നിസ്സാര തുകയല്ലെ. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇച്ച ഭക്ഷണം
കിട്ടുന്ന മക്ഡൊണാള്‍ഡില്‍ പോലും
12 ഡോളര്‍ എങ്കിലും കൊടുക്കേണ്ടി വരും . കിട്ടുന്നതോ ഒരു ബര്‍ഗര്‍
അഥവാ സാന്ഡ്വിച്ച്, ഒരു
പ്ലെറ്റ് ഉരുളക്കിഴങ്ങ വറുത്തത് (French fry) ഒരു കൊക്കൊ കൊളാ
ഇവയായിരിക്കും .
സീനിയര്‍
കേന്ദ്രത്തിലെ പരിപാടികള്‍
മുതിര്‍ന്ന പൌരന്‍മാരുടെ ശാരീരിക മാനസിക
ഉല്ലാസത്തിനു വേണ്ടിയുള്ള പല
പരിപാടികളും ആഴ്ചയിലെ ഓരോ ദിവസവും പ്ലാന്‍ ചെയ്ത് തയ്യാറാക്കി രണ്ടു മാസത്തെ പരിപാടി അവരുടെ ഒരു
വാര്‍ത്താ ബുള്ളറ്റിന്‍ വഴി എല്ലാവരെയും അറിയിക്കുന്നു. പ്രിന്‍റു ചെയ്ത
കോപ്പിയും അവിടെ കിട്ടും. The Hilltopper
Hopkinton Senior Center എന്ന
ആ ന്യൂസ് ലെറ്റര്‍ എല്ലാവര്‍ക്കും കൊടുക്കുന്നു. എനിക്ക് കിട്ടിയ കോപ്പിയില്‍
ആഗസ്റ്റ് സെറ്റംബര്‍ മാസങ്ങളിലെ
പരിപാടികളാണ് കൊടുത്തിട്ടുള്ളത്.
കിട്ടിയ സമയം കൊണ്ട് ഏതാനും
പരിപാടികളില്‍ എനിക്കും
പങ്കെടുക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട് .
1.
വിവിധ യോഗാ
ധ്യാന പരിപാടികള്‍
യോഗയും
ധ്യാനവും മനുഷ്യരുടെ ശാരീരിക
ആരോഗ്യത്തിനും മാനസിക വിഷമതകള്‍ കുറക്കാനും പ്രയോജനപെടുമെന്ന് ഇന്ന് പരക്കെ
എല്ലാവരും അംഗീകരിച്ചു കഴിഞ്ഞതാണല്ലൊ. പ്രായം ആയവര്‍ക്കു ചെയ്യാവുന്ന
ലളിതമായ യോഗാഭ്യാസ പരിപാടികള്‍ ആയിരുന്നു
ഞാന്‍ ആദ്യം പങ്കെടുത്ത ഒരു പരിപാടി. ഒരു
കസേരയില്‍ ഇരുന്നു കൊണ്ട് നമ്മുടെ
കൈ കാല് തോള് മറ്റു സന്ധികള്‍ ചലിപ്പിച്ച് പ്രവര്‍ത്തനം സുഗമമാക്കുകയാണ് ചെയര്‍ യോഗ എന്നു പറയുന്ന ഇതില്‍ ചെയ്തത് . വലിയ ഒരു ഹാളില്‍
കസേരയില്‍ ചുറ്റും ഇരുന്നു കൊണ്ട് ഒരു പരിശീലക പറയുകയും എങ്ങനെ ചെയ്യണം എന്നു കാണിച്ചു തരുകയും ചെയ്യുന്നു. ഏതാണ്ട്
അരമണിക്കൂര്‍ നേരം ആയിരുന്നു ഈ യൊഗാഭ്യാസം.
അതുപോലെ
ധ്യാനവും . ഹൃദയത്തിന്‍റെ പ്രവര്‍ത്തനം
ശ്രദ്ധിച്ചു ശ്വാസം അടക്കിയും
പുറത്തേക്കു വിട്ടും കൈ രണ്ടും
ഹൃദയത്തൊട് അടുപ്പിച്ചു നെഞ്ചത്ത് വെച്ചും മറ്റു പല രീതികളിലും ധ്യാനം അഥവാ
മെഡിറ്റേഷന്‍ ചെയ്യാന്‍ പരിശീലിപ്പിക്കുന്നു. ശാരീരിക ധ്യാനം
എന്നറിയപ്പെടുന്ന ഒരു ധ്യാനത്തോടു കൂടി സ,മാപിച്ച ഇതിനു ശേഷം പുറത്ത് വെയിലത്തു പോയി 10-15
മിനുട്ട് യോഗാഭ്യാസവും ഇതിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. ഇതിലും കഴുത്തിനും തോളിനും കൈ കാല്‍ സന്ധികള്‍ക്കും
മുട്ടിനും മറ്റും ഉള്ള കെട്ടുകള്‍
നീക്കാന്‍ ഇതു സഹായിക്കും എന്നു തീര്‍ച്ച. Balance Advantage എന്നാണ് ഇതിനു അവര്‍ പേരു പറഞ്ഞത്.
2. വിവിധ കളികള്‍
ചെസ്സ് :
ഒരു പരിശീലകന്‍റെ സഹായത്തൊടെ ചെസ്സ് കളി തീരെ അറിയാത്തവരെയും കുറെയൊക്കെ അറിയുന്നവരെയും കളി
പഠിപ്പിച്ച് മെച്ചപ്പെടുത്തി എടുക്കുന്നു. ഒരു മാതിരി അറിയാവുന്നവരെ അവരുടെ കളി എങ്ങനെ മെച്ചപ്പെടുത്താം എന്നും ഒന്നും അറിയാത്തവരെ ഓരോ
കരുക്കളുടെ ചലനം മുതല്‍
പഠിപ്പിച്ച് ചെസ്സ് കളിക്കാന്‍ കഴിവുള്ളവര്‍ ആക്കുകയും ചെയ്യുന്നു.
ബുദ്ധിപരമായ നല്ലൊരു വ്യായാമം ആയ ചെസ്സ് കളി പതിവായി കളിക്കുന്നവര്‍ക്ക് ഡിമെന്ഷ്യ
അല്‍ഷെമിയേര്‍സ് എന്നീ രോഗങ്ങള്‍ അകറ്റി നിര്‍ത്താന്‍ കഴിയും.
പൂള്‍ കളി
ഒരു
ബില്ല്ല്യാര്‍ഡ്സ് മേശയുണ്ട്. അതില്‍ പൂള്‍ കളി
അറിയാവുന്നവര്‍ക് കളിക്കാം , കളിക്കാന്‍ അറിയാത്തവര്‍ക്ക് പരിശീലനവും നല്‍നന്നു
പസിലുകള്‍
വിവ്ധ
തരം പസിലുകള്‍ ചെയ്യാന്‍ ഒരു മേശയുണ്ട്. അവിടെ കുട്ടികള്‍ ചെയ്യുന്നതു പഓലെ പസിലുകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഷണങ്ങള്‍
ചേര്‍ത്ത് വെച്ചു തനിയെ കളിക്കാം
3. വായനയും
എഴുത്തും
ലൈബ്ററിയും
വായന ശാലയും
കഥ
ചരിത്രം കവിത തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഉള്‍പ്പെട്ട നല്ലൊരു പുസ്തക ശേഖരം ഇവിടെയുണ്ട്. പുസ്തകം ഇവിടെ നിന്ന് എടുത്ത് വീട്ടില്‍ കൊണ്ടു പോയി
വായിച്ച് തിരിച്ചേല്‍പ്പിക്കാം. പുസ്തകം കൊടുക്കാനും
വാങ്ങാനും ആരുമില്ല. പുസ്തകം എടുക്കുമ്പോഴും തിരിച്ചു വെക്കുമ്പോഴും സ്വയം
പുസ്തകത്തില്‍ എഴുതി വെക്കുകയാണ്
ചെയ്യുന്നത്. പുസ്തകങ്ങള്‍ മിക്കതും ആരെങ്കിലും വായിച്ചതിനു ശേഷം സംഭാവന ചെയ്തത് ആണെന്നു തോന്നുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ എല്ലാം അവിടെ ലഭ്യമാണ്. ആവശ്യം ഉള്ളവര്‍ക്ക് അവിടെ ഇരുന്നു വായിക്കാം.
വായനക്കൂട്ടം
എഴുത്തുകൂട്ടം
എഴുതാന്‍
കഴിവുള്ളവര്‍ അവര്‍ എഴുതിയ ചെറു കൃതികള്‍ ഇവിടെ വായിക്കുന്നു ചര്‍ച്ച ചെയ്യുന്നു. അതുപൊലെ താല്‍പര്യം ഉള്ളവര്‍ വായിച്ച
പുസ്തകത്തെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നു. മറ്റുള്ളവര്‍ വായിച്ച
പുസ്തകങ്ങള്‍ ആണെങ്കില്‍ സജീവ
ചര്‍ച്ചയും ആസ്വാദനവും ആവാം.
4. സ്ത്രീകള്‍ക്ക് തുന്നല്‍ ക്നിറ്റിങ്
തുന്നലും
ക്നിട്ടിങ്ങിലും താല്‍പര്യം ഉള്ള സ്ത്രീകള്‍ക്ക്
അതിനും കൂട്ടായ പ്രവര്‍ത്തനം ഉണ്ട്. തണുപ്പു രാജ്യം ആയതു കൊണ്ട് സ്വെറ്റര്‍ തുന്നാനും മറ്റും പരിശീലിപ്പിക്കുന്നു. ഏതാനും തുന്നല്‍
യന്ത്രങ്ങള്‍ ഉണ്ട്. അതുപയോഗിച്ച് തുന്നാനും കഴിയും . ഇതിനും പരിശീലനം നല്‍കുന്ന ആള്‍ക്കാര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം
വരുന്നു. സഹായിക്കുന്നു.
5. പിക്ക്നിക്ക്
യാത്രകള്‍
ഒന്നൊ രണ്ടൊ ആഴ്ചകള്‍ കൂടുമ്പോള്‍ താല്‍പര്യം ഉള്ളവര്‍ക്ക്
അടുത്തുള്ള മ്യുസ്സിയത്തിലോ മറ്റോ ഒക്കെ
ചെറുയാത്രകള്‍ സംഘടിപ്പിക്കുന്നു. അതിനു
വേണ്ടി ദൂരം അനുസരിച്ച് 20 ഓ 25
ഡോളറ് യാത്രചിലവായി നല്‍കണം . പുറത്തു
നിന്നു ഭക്ഷണം കഴിക്കാനും ചിലവ്
ചെയ്യേണ്ടി വരും. വാഹനത്തിന്‍റെ കപ്പാസിറ്റി അനുസരിച്ച് 8 -10 ആള്‍ക്കാരേ മാത്രമേ കൊണ്ടു പോകാന്‍ കഴിയൂ.
ഇതിനും മുന്‍ കൂട്ടി ബുക്കു ചെയ്യേണ്ടി വരുന്നു.
പച്ചക്കറി വാങ്ങാന്‍ യാത്രകള്‍
സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവര്‍ക്ക് വീട്ടിലെ ആവശ്യത്തിനായി പച്ചക്കറികളും മത്സ്യ
മാംസങ്ങളും വാങ്ങാന്‍ പോകാന്‍
ആഴ്ചയില്‍ വാഹന സൌകര്യം ലഭ്യമാണ്.
കൂടെ വരുന്ന ഡ്രൈവര്‍ വളരെയധികം ഇതിനു
സഹായകം ആണെന്നു കൂടെയുള്ളവര്‍ പറയുന്നുണ്ടായിരുന്നു.
6.
കൃഷിയും
പൂന്തോട്ടവും
കേന്ദ്രത്തിന്‍റെ പരിസരത്ത് നല്ല ഒരു പൂന്തോട്ടവും പചക്കറിത്തോട്ടവും ഉണ്ട്. കൃഷിയില്‍ താല്‍പര്യം ഉള്ളവര്‍ക്ക് കുറച്ചു സമയം അവിടെയും ചിലവാക്കാം . ഞാനവിടെ നല്ല വലിപ്പമുള്ള തക്കാളി
പഴുത്തു നില്‍ക്കുന്നതു കണ്ടു. അവിടെ
ഉത്പാദിപ്പിക്കുന്നവ
കേന്ദ്രത്തിലെ ആവശ്യത്തിനു
തന്നെ ഉപയോഗിക്കുന്നു.
7.
വിഡിയോ സംഭാഷണങ്ങള്‍
അറിവും സാങ്കേതിക ജ്ഞാനവും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന നല്ല
വിഡിയോ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ സമയം
അനുവദിച്ചിട്ടുണ്ട്. TED
( Technology, Engineering and Design ) സംഭാഷണങ്ങള്‍ ഇതില്‍
പെടുന്നു. വയോജനങ്ങള്‍ക്ക് പ്രയോജനം
ഉള്ളവ തിരഞ്ഞെടുത്തു താല്‍പര്യം ഉള്ളവര്‍ക്ക് കേള്‍ക്കാന്‍ സഹായിക്കുന്നു. ഇതൊടൊപ്പം തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലും കമ്പ്യുട്ടര്‍ ഉപയോഗത്തിലും പരിശീലനം
ആവശ്യമുള്ളവര്‍ക്ക് അതിനും വഴികള്‍ ഉണ്ട്. നിയമ സഹായം, ടാക്സ് സംബന്ധമായ
ഉപദേശങ്ങള്‍ എന്നിവക്കു ആവശ്യമെങ്കില്‍ സഹായിക്കാനും ആള്‍ക്കാര്‍ ഉണ്ട്.
ന്യൂസ്ലെറ്ററില്‍ കൊടുത്തിട്ടുള്ള എല്ലാ വിഷയങ്ങളും
ഞാന്‍ ഇവിടെ വിശദീകരിച്ചിട്ടില്ല. ഏതാനും ദിവസം മാത്രമെ എനിക്കും അവിടെ
പോകാന്‍ കഴിഞ്ഞിട്ടുള്ളു എന്നതും ഒരു കാരണം ആവാം . എന്നാലും മുതിര്‍ന്ന പൌരന്മാര്‍ക്ക് ആവശ്യമായ
എല്ലാ വിവരങ്ങളും ഒരു മേല്‍ക്കൂരക്കീഴില്‍ ഇവിടെ
ലഭ്യമാണ് സംശയമില്ല. അവിടെ അംഗമാകാന്‍
ഫീസ് ഒന്നുമില്ല, ഹോപ്കിന്‍റണ്‍ നഗര
വാസിയോ ബന്ധുവോ ആകണം എന്നു
മാത്രം. അംഗമായാല്‍ നമുക്ക് ഒരു ബാര്‍
കോഡ് തരുന്നു. അതുപയോഗിച്ച് ഏതു പരിപാടിക്കും നമുക്കു പങ്കെടുക്കാം .
ഭക്ഷണത്തിനും പ്രത്യേക യാത്രകള്‍ക്കും കാലേ കൂട്ടി അറിയിക്കണം എന്നു മാത്രം, അതിനുള്ള തുക
അവിടെ കൊടുക്കണം . .
വാല്‍ക്കഷ്ണം
: അത്ര സന്തോഷകരമല്ലാത്ത ഒരു ചെറിയ വിവരം കൂടി ഇവിടെ പങ്കുവെക്കട്ടെ. ഞാനും മകളും അയാളുടെ കാറില്‍ ഈ
സീനിയര്‍ കേന്ദ്രത്തിലേക്ക് മെയിന്‍ റോഡില്‍ നിന്നു കയറുന്ന സ്ഥലത്ത്
വലിയ ഒരു ശ്മശാനം ( സെമിത്തേരി)
കണ്ടു. സ്വാഭാവികം ആയിട്ടും മരണം
അനിവാര്യം ആണെങ്കിലും ജീവിത
സായാഹ്നത്തില്‍ എത്തി നില്‍ക്കുന്ന
വയോജനങ്ങള്‍ക്ക് അവരുടെ
കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ കാണുന്ന
ഈ കാഴ്ച അല്‍പ്പം വിഷാദം ഉണ്ടാകുന്നതല്ലേ എന്നു തോന്നാം. പക്ഷേ
ഈ സെമിത്തേരി 1899
മുതല്‍ ഇവിടെ ഉള്ളതാണ്. സീനിയര്‍
കേന്ദ്രമോ അടുത്തകാലത്തും. ഹോപ്കിന്‍റന്‍
നഗരത്തില്‍ സ്ഥലത്തിനു വലിയ വിലയാണ്.
നഗരത്തിന്‍റെ തിരക്കില്‍
നിന്നൊഴിഞ്ഞ് ഈ
കേന്ദ്രത്തിനു സ്വച്ഛമായ സ്ഥലം
നഗര സഭക്ക് ഇവിടെയേ കിട്ടിയുള്ളു എന്നതാവാം
ഇതിനു കാരണം. ഏതായാലും ഈ
കാഴ്ച ആ കേന്ദ്രത്തിന്‍റെ മാറ്റ്
ഒട്ടും കുറക്കുന്നില്ല . കമുകറ
പുരുഷോത്തമന്‍ പാടിയ പോലെ “ ആത്മ
വിദ്യാലയമേ അവനിയില്‍ അഴിനിലയില്ലാ ജീവിതമെല്ലാം ... ഇല്ലാ ജാതികള്‍ ഭേദ വിചാരം
ഇവിടെ പുക്കവര്‍ ഒരു കൈ ചാരം “ എന്ന്
ഓറ്മ്മപ്പെടുത്താന്‍ വേണ്ടിയാവാമിത്
. എന്ന് സമാധാനിക്കാം .
സീനിയര്‍
കേന്ദ്രത്തിന്‍റെ വെബ്സയിറ്റ് : https://www.hopkintonma.gov/departments/senior_services_(coa__senior_center)/index.php
Comments
Post a Comment