24.ഒരിക്കല്‍ കൂടി തിമിംഗല നിരീക്ഷണവും സമുദ്രസമ്പത്ത് സംരക്ഷണ പാര്‍ക്കും


2001  ജൂണ്‍  ജുലായ്   മാസങ്ങളില്‍ ഞാനും പത്നിയും കൂടി   ആദ്യമായി ബോസ്റ്റണില്‍    കുട്ടികളുടെ  അടുത്തു   വന്നപ്പോള്‍ കണ്ട പ്രധാനപ്പെട്ട  കാഴ്ചകളില്‍   ചിലത് നയാഗരാ  വെള്ളച്ചാട്ടവും   തിമിംഗല  നിരീക്ഷണവും ഇന്നു   നാമാവശേഷമായ    ന്യൂയോര്‍ക്കിലെ  ഇരട്ടഗോപുരവും ആയിരുന്നു. അവയെപ്പറ്റി   വിശദമായി   തന്നെ   ഞാന്‍ മുഖപുസ്തകത്തിലും ബ്ലൊഗിലും  എന്‍റെ  ആദ്യത്തെ ആഅംഗ്ലൊ അമേരിക്കന്‍ യാത്ര എന്ന് ആമസൊണ്‍ ഈബുക്കിലും എഴുതിയിരുന്നു. എന്നാല്‍ 2024 ല്‍  ശ്രീമതി ഞങ്ങളെ വിട്ടുപിരിഞ്ഞതിനു ശേഷം ആദ്യമായി   ബോസ്റ്റണില്‍   വന്നപ്പൊള്‍ കുറച്ചു ദിവസം  സ്കോട്ട്ലണ്ടീല്‍  നിന്നും   മകനും   കുടുംബവും കൂടി ഇവിടെ  എത്തിയിരുന്നു. അവര്‍  ഏതാനും ദിവസം ഇവിടെ  നിന്നതിനു ശേഷം  ക്യാനഡായിലെ ബാന്ഫ്    കാല്‍ഗരി  എന്നീ നഗരങ്ങളിലെ  കാഴ്ച്ച കണ്ടു  കഴിഞ്ഞ  ദിവസം   മടങ്ങി വന്നു.   തിരിച്ചു  പോകുന്നതിനു   മുമ്പ്  ഒരിക്കല്‍  കൂടി തിമിംഗല  നിരീക്ഷണത്തിനു പോകണമെന്ന് മകനു തോന്നി. കുട്ടികള്‍  കഴിഞ്ഞ പ്രാവശ്യം  വന്നപ്പോള്‍   കണ്ടിട്ടുണ്ട്  എന്നു പറഞ്ഞ് ഒഴിവായി. അപ്പോള്‍  ഫോട്ടൊഗ്രാഫിയില്‍   കമ്പമുള്ള  മകന്‍റെ കൂടെ ഞാനും  കൂടാം  എന്നേറ്റു.

 

ഇത്തവണ  ബോസ്റ്റണില്‍  നിന്നും   35  മൈല്‍   ദീരത്തുള്ള ന്യൂബറി പോര്‍ട്ടിലേക്കാണ് പോകാന്‍ തീരുമാനിച്ചത്. ബോസ്റ്റണ്‍ തുറമുഖ നഗരത്തില്‍  നിന്നും മറ്റൊരിടത്തു നിന്നും    വലിയ  ബോട്ടുകളില്‍  തിമിംഗല  നിരീക്ഷണത്തിനു   പോകുന്നുണ്ടെങ്കിലും   വൈകി  തീരുമാനിച്ചതു കൊണ്ട് അവിടെ  ടിക്കറ്റ്   കിട്ടിയില്ല, അതുകൊണ്ടായിരുന്നു താരതമ്യേന ചെറിയ ബോട്ടുകളില്‍   നിരീക്ഷണത്തിന്  പോകുന്ന ന്യൂബറി   തുറമുഖത്തിലേക്ക്   പോകാമെന്ന് തീരുമാനിച്ചത്. ഞങ്ങള്‍   താമസിക്കുന്ന  സ്ഥലത്തു നിന്നും  ഒരു മണിക്കൂറും  15 മിനുട്ടും എങ്കിലും യാത്രയുണ്ട് . ഉച്ചക്ക് 130 നാണ്  നിരീക്ഷണ യാത്ര തുടങ്ങുന്നത്. ഏതായാലും  ഞങ്ങള്‍   ഒരു ഉബര്‍ ടാക്സി  പിടിച്ച് 115  നു അവിടെ  എത്തി ബോട്ടില്‍ കയറി. ബോട്ട്  അത്ര  ചെറുതൊന്നും ആയിരുന്നില്ല  , 50 ല്‍ അധികം  ആള്‍ക്കാര്‍  രണ്ടു   വശത്തും  ആയി ഇരിപ്പുണ്ട്. അകത്ത് ഒരു റെസ്റ്റോറന്‍റും  ഇരിക്കാന്‍  ഉള്ള സൌകര്യവും  ഉണ്ട്.  ബോട്ടിന്‍റെ  പുറത്തും  ആള്‍ക്കാര്‍   നില്‍ക്കുന്നുണ്ടായിരുന്നു.

 

ന്യൂബര്‍ഗ്  പോര്‍ട്ട്    പ്രധാനമായും  ഒരു ചെറിയ  തുറമുഖവും    അടുത്തുള്ള  അറ്റ്ലാന്‍റിക്ക് സമുദ്രമേഖല ഒരു സമുദ്ര സമ്പത്ത് സംരക്ഷണപാര്‍ക്കും  കൂടിയാണു.  സഞ്ചാരികളാണ്  എവിടെയും , പ്രത്യേകിച്ചും  തിമിംഗല  നിരീക്ഷണവും   മറ്റും ഉള്ളതു കൊണ്ട്. മെറിമാക്ക് നദിയില്‍ നിന്നും   വേലിയേറ്റ  സമയത്തും  മറ്റും  അപകട  സാദ്ധ്യത  ഉള്ളതുകൊണ്ട് ഒരു കോസ്റ്റ്   ഗാര്‍ഡും ഇവിടെ  പ്രവര്‍ത്തിക്കുന്നു. ഒരു കാലത്ത്   ഇതു   വലിയൊരു   മത്സ്യബന്ധന  തുറമുഖം  ആയിരുന്നു.  പടിഞ്ഞാറെ  ആഫ്രിക്കയില്‍ നിന്നു   കൊണ്ടുവന്ന  അടിമകുളുടെ കച്ചവടവും ഇവിടെ   ഒരു കാലത്ത് വലിയ  തോതില്‍ നടക്കുണ്ടായിരുന്നു.   മസാചുസെറ്റ്സില്‍  അടിമകളുടെ കച്ചവടം 1783 ല്‍ നിരോധിച്ചതിനു  ശേഷം കുറെയേറെ കറുത്ത  വര്‍ഗക്കാര്‍ ഇവിടെ  അഭയം തേടിയെത്തി. തുറമുഖത്തിനു അടുത്തൂള്ള  നഗരത്തില്‍   വെസ്റ്റ് ഇന്ഡീസില്‍   നിന്നും കൊണ്ടു വന്ന ശര്‍ക്കരയില്‍ നിന്നുണ്ടാക്കിയ റമ്മും  മറ്റും വ്യ്വ്യാപാരം   നടത്തിയിരുന്നു.

 

കൊച്ചി പോലെ ഒരു  ഉള്‍ക്കടലില്‍  ആണ്  ഈ  തുറമുഖം    നില്‍ക്കുന്നത്. അടുത്തു  ഏതാനും ദ്വീപുകളും  ഉണ്ട്. അതില്‍ ഒന്നായ  പോളോ  ദ്വീപില്‍  ആയിരുന്നു  കടല്‍ ജീവികളുടെ   പാര്‍ക്ക്.   കൂടൂതലും   കടല്‍ പക്ഷികളും   മറ്റുമാണ്   അവിടെ  ഉള്ളത്  എന്നു വെബ്സൈറ്റില്‍    കാണുന്നു. ഞങ്ങളുടെ  ബോട്ട്   സവാരിയില്‍ അത് ഉള്‍പ്പെട്ടിരുന്നില്ല.  ഇവിടെ  സാധാരണ  കാണാറുള്ളത്   ഹമ്പ്ബാക്ക് ഇനത്തില്‍  ഉള്ള   തിമിംഗലം , ഡോള്‍ഫിനുകള്‍  , സ്രാവുകള്‍   എന്നിവയാണ്. ബോട്ടു  നീങ്ങുന്നതനുസരിച്ചു   മുകളില്‍   നിന്നു വാഹനം  നിയന്ത്രിക്കുന്നയാള്‍   കടലില്‍  ഏതെങ്കിലും   ജീവിയെ കണ്ടാല്‍ അത്  ഏത്  ഭാഗത്താണെന്ന് വിളിച്ചറിയിക്കുനു.   ക്ലോക്കിന്‍റെ  12 മണി, 3 മണി, 6 മണി  9 മണീ സ്ഥാനങ്ങളാണ്  ജീവികളെ കണ്ടതായി പറയുക . അതിനനുസരിച്ച്    കാഴ്ചക്കാര്‍ അങ്ങൊട്ടു നോക്കുന്നു , അവയെ  കാണുകയും ചെയ്യുന്നു. ഫോട്ടൊ   എടുക്കുകയൊ   വിഡിയോ  എടുക്കുകയോ   ചെയ്യുന്നു. പലപ്പോഴും  ഫൊട്ടൊ   എടുക്കാന്‍  നല്ല കൈച്ചൊറുക്കുള്ളവര്‍ക്കെ   കഴിയൂ. എന്നെപ്പൊലെയുള്ളവര്‍ക്ക്   മൊബൈലില്‍  വിഡിയോ എടുക്കാനേ ആവൂ.

ഞങ്ങള്‍ക്ക്   ആദ്യം കാണാന്‍ കഴിഞ്ഞത്   ഒരു കൂട്ടം  ശ്രാവുകളെ   ആയിരുന്നു. അവ കൂട്ടമായി   നീങ്ങുമ്പോള്‍  അതിന്‍റെ  മുകളിലത്തെ  ചില  ചിറകുകള്‍   മാത്രമേ  ദൃശ്യമായിരുന്നുള്ളു. ഫോട്ടൊ   എടുക്കാന്‍ കഴിഞ്ഞില്ല. നല്ല  സൂം  ലെന്സുമൊക്കെ  ആയി  പ്രൊഫഷണല്‍  ഫൊട്ടൊഗ്രാഫറെ പൊലെ   ഫോട്ടൊ  എടുക്കുന്ന  മകനും കഴിഞില്ല.

 

സാധാരണ   തിമിംഗലങ്ങള്‍   30 40  എണ്ണം വരെയുള്ള  കൂട്ടമായാണ്  നീങ്ങുക. 70 80  അടി വരെ   നീളമുള്ള  ഭൂമിയിലെ   ഏറ്റവും  വലിയ  സസ്തന ജീവിയായ ഇത് ഭക്ഷണം  കഴിക്കുന്ന സമയത്താണ്  ഇവയെ കൂട്ടമായി കാണാന്‍  കഴിയുക. ചെറുമീനുകളാണിവയുടെ  ഭക്ഷണം.  അവയെ  അകത്താക്കാന്‍ വേണ്ടി   ടണ്ണു  കണക്കിനു   വെള്ളം   അതിന്‍റെ  ഭീമാകാരമായ   വായിലേക്ക് എടുക്കുന്നു. എന്നിട്ട്, വെള്ളം മാത്രം   മൂക്കില്‍ കൂടി   പുറത്തേക്ക്   ചീറ്റിക്കുന്നു. ബ്രീചിങ്ങ്  എന്നാണ് ഇതിനു പറയുന്നത്. പുറം കടലില്‍  10 -20  മൈലുകള്‍ വരെ  ദൂരെ  പോകുമ്പൊള്‍   ഇവ കൂട്ടമായി  ബ്രീച്ച്   ചെയ്യുന്ന സ്ഥലത്ത്   ചെന്നാണ്  കാണാന്‍  കഴിയുക. ഇവ പുറത്തേക്ക്   ചീറ്റുന്ന  വെളത്തില്‍   ഉള്ള ചെറുമീനുകളെ  തിന്നാന്‍   കടല്‍ക്കാക്കകള്‍   കൂട്ടമായി   വട്ടമിട്ടു   പറക്കുന്നുണ്ടാവും ഇതും ദൂരെ നിന്ന് തിമിംഗലകൂട്ടം  എവിടെ  ഉണ്ടെന്ന് അറിയാന്‍ സഹായിക്കുന്നു. ആരെങ്കിലും ഇങ്ങനെ  ഒരു സ്ഥലം കണ്ടെത്തിയാല്‍   മറ്റു ബോട്ടുകാരെ   വിളിച്ചറിയിച്ചു എല്ലാവരും  തിമിംഗല കൂട്ടത്തിന്‍റെ  അടുത്തേക്ക് എത്തുന്നു. കഴിഞ്ഞ തവണ   ഞങ്ങള്‍  തിമിംഗല  നിരീക്ഷണത്തിനു വന്നപ്പോള്‍  അങ്ങനെ  ഒരു കൂട്ടത്തിനെകാണാന്‍  അവസരം കിട്ടി. സര്‍ക്കസ്സിലെ  ട്രപ്പീസുകളിക്കാപ്പോലെ  ഇവ   വെള്ളത്തില്‍   നിന്നുയര്‍ന്നു  മുകളിലെക്കു  ചാടും. 8 ടണ്ണില്‍  അധികം ഉള്ള  ശരീരത്തിന്‍റെ  മുകള്‍ ഭാഗം മുഴുവന്‍ വെള്ളത്തിന്‍റെ മുകളില്‍  എത്തത്തക്ക  വിധം  ആണ്  ചാടുക. ബോട്ടിനു   വളരെയടുത്തു   വരെ  അവ വരാറുമുണ്ട്.  അടുത്ത്   ഇവിടെ   ഒരു തിമിംഗലം ചാടി  വീണ്‍ ഒരു ചെറുബോട്ടു   കമിഴ്ന്നു  എന്നു കേട്ടു.  ഇതിന്‍റെ  വിഡിയോ  യുറ്റുബില്‍  ഉണ്ട്.  അതും കമന്‍റായി   കൊടുത്തിട്ടുണ്ട് ,

എന്നാല്‍ ഇത്തവണ  ദൌര്‍ഭാഗ്യവശാല്‍   ഞങ്ങള്‍ക്ക്   തിമിംഗല കൂട്ടത്തിനെ   കാണാന്‍ കഴിഞ്ഞില്ല. ഒന്നോ രണ്ടോ   വലിയ  തിമിംഗലം   മാത്രം  ചാടുന്നത്  കണ്ടു. ഒരു  ചെറിയവനും . അത്രമാത്രം. ഏതായാലും കിടച്ചത് കല്യാണം  എന്നു പറഞ്ഞുകൊണ്ട് അവയുടെ  വിഡിയോ ക്ലിപ്പുകള്‍ എടുത്തു തൃപ്തിപ്പെടേണ്ടി വന്നു.  അത് എന്‍റെ   യുറ്റ്യൂബ് ചാനലില്‍  ഇട്ട് ലിങ്കു   താഴെ കൊടുത്തിട്ടുണ്ട്. ഏതായാലും എനിക്കും മകനും  ആദ്യത്തെതവണ  കണ്ടതുപോലെ തൃപ്തിയായില്ല  എന്നു മാത്രം. യാത്ര  തുടങ്ങുന്നതിനു മുമ്പു തന്നെ   തിമിംഗലത്തെ   കാണാന്‍   കഴിയുക   ഒരു ഭാഗ്യമാണ്, ഒരു പക്ഷേ  കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ  ദൌര്‍ഭാഗ്യം എന്ന് അവര്‍ മൈക്കില്‍   പറയുകയും ചെയ്തു.   130   നു പുറപ്പെട്ട  ബോട്ടു  കൃത്യം 530 നു തിരിച്ചു   ജെട്ടിയില്‍  എത്തിച്ച്  അവരുടെ  ജോലി തീര്‍ത്തു.   ഞങ്ങള്‍   തിരിച്ചു  ഉബര്‍ പിടിച്ചു   വീട്ടിലേക്കും.

 












Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം