4 :തിമിംഗല നിരീക്ഷണം

(പഴയ ഓര്‍മ്മകള്‍) ഭൂമിയില് ഇന്നു ജീവിച്ചിരിക്കുന്ന എറ്റവും വലിയ ജീവികള്‍ ആയ തിമിംഗലങ്ങളെ അവയുടെ സ്വാഭാവിക അന്തരീക്ഷത്തില് നേരിട്ടു കാണാന് കഴി ഞ്ഞതു ഞങ്ങളുടെ യാത്രയിലെ ഏറ്റവും അസുലഭ നിമിഷങ്ങളായിരുന്നു. ബോസ്റ്റണില് നിന്നു ഇരുപതു കിലൊമീറ്ററ് ദൂരത്തില് Gloucestor എന്ന സ്ഥലത്തെ കേപ് ആന്‍ എന്ന മുനമ്പില്‍ നിന്നാണ് യാത്ര തുടങ്ങുന്നതു. കുട്ടികള് ഇന്റെര്നെറ്റു വഴി ടിക്കറ്റു ബുക്കു ചെയ്തു. നല്ല വെളിച്ചമുള്ള ഒരു ഞായറാഴ്ച. അത്യാവശ്യത്തിനുള്ള ഭക്ഷണവും കരുതി വളരെ ഉത്സാഹത്തോടെ യാത്ര തുടങ്ങി. സാമാന്യം വലിയ ബോട്ടുകളായിരുന്നു. 30-40 പേര്‍ക്ക് കയറാന് പറ്റിയവ. കൃത്യമായുള്ള ആളില്‍ കൂടുതല് കയറ്റാറില്ല. കടലിലേക്കു 20-30 മൈല്‍ പോയാല്‍ മാത്രമേ തിമിംഗലത്തെ കാണാന് സാധ്യതയുള്ളുവത്രെ. യാത്രക്കിടയില്‍ തിമിംഗലത്തെ കാണാന് സാധ്യത ഉണ്ടെന്നു മാത്രമേ ഉള്ളൂ. "കണ്ടില്ലെങ്കില്‍ നിങ്ങളുടെ ദൌര്ഭാഗ്യത്തെ പഴിക്കുക, ഞങ്ങള്‍ ഉത്തരവാദികള്‍ അല്ല" എന്നു പ്രത്യേകം എഴുതിവെച്ചിട്ടുണ്ടു. നാട്ടിന്പുറത്തെ സിനിമാ കൊട്ടകയില് പണ്ട് ‘ "കറണ്ടു തകരാറു മൂലം കളി നടന്നില്ലെങ്കില് പണം തിരിച്ചു കൊടുക്കുന്നതല്ല" എന്നെഴുതി വെക്കുന്നതു പോലെ. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണപ്പെടുന്നതു കൂനന് തിമിംഗലം ( hump back ) എന്നറിയപ്പെടുന്ന വര്‍ഗമാണ്‌. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ 12-16 മിറ്റര്‍ വരെ നീളം ഇവയ്ക്കുണ്ടാവും. 36,000 കിലോ ഗ്രാം തൂക്കവും. ഇവയുടെ ആകൃതി പ്രത്യേകതയുള്ളതാണ്. ഇവയില്‍ പുരുഷ തിമിംഗലങ്ങള്‍ 10-20 മിനുട്ടുവരെ നീണ്ട ഒരു പാട്ടു പാടും. മണിക്കൂര്‍ ഇടവിട്ട്‌ ഇതു ആവര്ത്തിക്കുകയും ചെയ്യുമത്രേ. ഈ പാട്ടിന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാന്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ല. എന്നാലും പ്രണയഗാനമാണെന്നാണ് കണക്കാക്കപ്പെടുന്നത്. പല സമുദ്രങ്ങളിലും ഇവയെ കാണാറുണ്ട്. 25000 കിലോമിറ്റര്‍ വരെ ഇവ യാത്രചെയ്യുമത്രേ. വേനല്‍ കാലത്ത് മാത്രമെ ഇവ ഭക്ഷണം കഴിക്കാറുള്ളൂ കുടുതലും ധ്രുവ പ്രദേശങ്ങളില്‍. . തണുപ്പുകാലത്ത് ഇവ മധ്യ രേഖാ പ്രദേശങ്ങളിലേക്ക് കുട്ടികളെ പ്രസവിക്കാനും മറ്റുമായി നീങ്ങുന്നു.. ഈ സമയത്ത് ഇവ ഭക്ഷണം കഴിക്കാറില്ല. ഉപവാസസമയത്ത് ശരീരത്തില്‍ ഉള്ള കൊഴുപ്പ്‌ ഉപയോഗിച്ചു ജീവന്‍ നിലനിര്‍ത്തുന്നു. കൂട്ടം കൂടി മാത്രമെ നടക്കാറുള്ളൂ. മുപ്പതെണ്ണം വരെ കാണും ഒരു കൂട്ടത്തില്. തിമിംഗല വേട്ടക്കാരുടെ കയ്യില്‍ നിന്നും ഇവയ്കും രക്ഷയില്ല. അനിയന്ത്രിതമായ വേട്ടയാടല്‍ കൊണ്ടു ഇവയുടെ സംഖ്യ 90% തിലേക്കു കുറഞ്ഞിരുന്നു 1966 ലെ തിമിംഗല വേട്ട തടയുന്ന നിയമം വരുന്നതുവരെ. ഇപ്പോള്‍ ഇവ ഏകദേശം 80,000 എണ്ണം ഉണ്ടാവുമെന്ന് കണക്കാക്കിയിരിക്കുന്നു. ഇവ ഭക്ഷണം കഴിക്കുന്ന സമയത്താണു കാണാന് തരപ്പെടുക. ( breaching എന്ന് ഇന്ഗ്ലിഷ് ) കടലിലെ ചെറിയ മത്സ്യങ്ങളാണല്ലോ ഭക്ഷണം. ഭീമാകാരമായ വായ നിറച്ചു വെള്ളം വലിച്ചെടുക്കുന്നു. വായില് അകപ്പെട്ട മത്സ്യങ്ങളെ മാത്രം എടുക്കാന് വെള്ളം ഒരു ജലധാര ( ഫൌണ്ടന് ) മാതിരി പുറത്തേക്കു ചീറ്റിക്കുന്നു. ഈ ഫൌണ്ടന് കണ്ടും ഇവ ഭക്ഷണം കഴിക്കുന്ന സമയത്തു തിരിഞ്ഞും മറിഞ്ഞും കളിക്കുമ്പോഴും വായുവിലേക്കു തെറിക്കുന്ന ചെറു മത്സ്യങ്ങളെ തിന്നാന് വരുന്ന കടല് കാക്കകളുടെ കൂട്ടം കണ്ടുമാണു തിമിംഗല കൂട്ടത്തെ കണ്ടുപിടിക്കുന്നതു. " ഇലനക്കി നായുടെ ചിറി നക്കി നായ" എന്നതു പോലെ ഈ കടല്‍ കാക്കകള്‍ തിമിംഗലത്തിന്റെ ഭക്ഷണ സമയത്ത് ധാരാളം ഒത്തു കൂടുന്നു. ഭക്ഷണശേഷം തിമിംഗലങ്ങള്‍ കളിക്കുന്നത് കാണേണ്ടതാണ്. വിദഗ്ധരായ സര്‍ക്കസ് കലാകാരന്മാരെപ്പോലെ ഇവ തിരിഞ്ഞും മറിഞ്ഞും കളിക്കുന്നു. ശരീരം മുഴുവന്‍ കാണത്തക്ക വിധം ഇവ വായുവില്‍ ചാടി ഉയരുന്നു. ഇത്രയധികം ഭാരമുള്ള ഈ ജീവി ഇത്ര ഉയരത്തില്‍ ചാടുന്നത് തന്നെ അത്ഭുതകരമാണ്. ഇവയുടെ കളികള്‍ പല ആള്‍ക്കാരും YouTube വിഡിയൊകളില് പകര്‍ത്തിയിട്ടുണ്ട്.
വിശാലമായ സമുദ്രത്തില് വിവിധ ദിശയില് ആണു ബോട്ടുകള് പുറപ്പെടുക, ഏതെങ്കിലും ബോട്ടുകാര്‍ ഇവയെ കണ്ടാല് മറ്റു ബോട്ടുകാരെ ഫോണില് വിളിച്ചറിയിക്കുന്നു, എല്ലാ ബോട്ടുകളും അങ്ങനെ തിംഗലങ്ങളുടെ കളി കണാന് ഒന്നിച്ചു കൂടുന്നു. അപൂര്‍വം മൂന്നും നാലും മണിക്കൂറ് ചുറ്റിക്കറങ്ങിക്കഴിഞ്ഞും തിമിംഗലത്തെ കാണാതെ തിരിച്ചു പോരേണ്ടി വന്നിട്ടുണ്ടത്രേ. ഞങ്ങള്‍ ഒന്നര മണിക്കൂറോളം കടലില്‍ കറങ്ങിക്കഴിഞ്ഞാണു തിമിം ഗലക്കൂട്ടത്തെ കണ്ടതു. നാഷണല് ജ്യൊഗ്രാഫിക്ക് ചാനെലില് ഇവയുടെ നല്ല ചിത്രങ്ങളും വിഡിയോകളും കണ്ടിട്ടുണ്ടെങ്കിലും അവയെ ജീവനോടെ അവയുടെ ആവാസസ്ഥലത്തു കണ്ടപ്പോള് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന് വയ്യ. ബോട്ടിന്റെ ഒരു വശത്തു ഒരു കൂറ്റന് തലകുത്തി മറിയുമ്പോള് ആള്‍ക്കാര്‍ എല്ലാം ആ വശത്തേക്കു നീങ്ങും. അപ്പോള് മറുവശത്തു മറ്റൊരുവന് വാലും കാട്ടി വരും. നമ്മെ സന്തോഷിപ്പിക്കാന് വേണ്ടി അവ ഒരു പ്രദര്‍ശനം തന്നെ നടത്തുന്നോ എന്നു തോന്നും ഇതു കണ്ടാല്. പത്തിരുപതു തിമിംഗലവും അതിന്റെ അഞ്ചിരട്ടി കടല്ക്കാക്കകളും കൂടി ഹൃദ്യമായ ഒരു വിരുന്നു തന്നെ ആയിരുന്നു ഞങ്ങള്‍ക്ക് തന്നതു. ഫോട്ടോ എടുക്കുന്നതിന്റെ തിരക്കു തന്നെ, ചിലര്‍ക്കു വാലു മാത്രം കിട്ടി, ചിലര്‍ക്ക് മുതുകും, മകന്റെ കയ്യില് വിഡിയോ ഉണ്ടായിരുന്നതുകൊണ്ടു കുറെയൊക്കെ കിട്ടി, പക്ഷെ ഓര്‍മ്മയില്‍ നിന്നു ഒരിക്കലും മായാത്ത വിഡിയോ ഇന്നും ഞങ്ങള്‍ സൂക്ഷിക്കുന്നു.

Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം